കൊല്ലം: ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍. പ്രതികളെ പൂയപ്പള്ളി ജയിലിലെത്തിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. പ്രതിക്ക് പെണ്‍കുട്ടിയുടെ പിതാവുമായി ബന്ധമില്ലെന്നും അദേഹം വ്യക്തമാക്കി.
കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ഒരു വര്‍ഷം മുമ്പേ ആസൂത്രണം നടത്തിയതായും എ.ഡി.ജി.പി പറഞ്ഞു. മുഖ്യപ്രതി പത്മകുമാറിന്റെ ആറുകോടി രൂപയോളം വരുന്ന ആസ്തികള്‍ പണയത്തിലായിരുന്നു. അടിയന്തരമായി പത്മകുമാറിന് 10 ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കേണ്ടതായി വന്നു. അതിനാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം വാങ്ങിയെടുക്കാന്‍ പദ്ധതിയിട്ടതെന്നും അദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം അറസ്റ്റിലായ ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാര്‍ അടക്കം മൂന്ന് പ്രതികളെയും കുട്ടികള്‍ തിരിച്ചറിഞ്ഞു. പെണ്‍കുട്ടിയെയും സഹോദരനെയും ക്യാമ്പില്‍ കൊണ്ട് വന്നാണ് തിരിച്ചറിയല്‍ നടത്തിയത്.
കുറച്ച് മാസങ്ങളായി ഓയൂരില്‍ തട്ടിക്കൊണ്ടുപോകാനുള്ള കുട്ടികള്‍ക്കായുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയാണ് ഓയൂരിലെ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. തട്ടിക്കൊണ്ടുപോയ ശേഷം ഓയൂരിലെ വീട്ടിലാണ് കുട്ടിയെ താമസിപ്പിച്ചത്. തട്ടിക്കൊണ്ടുപോയ ശേഷം പെണ്‍കുട്ടിയെ ഗുളിക കൊടുത്ത് മയക്കി.
എന്നാല്‍ അന്വേഷണം ശക്തമായതോടെ കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പത്മകുമാറിന്റെ ഭാര്യ അനിത കുമാരിയാണ് കുട്ടിയെ ആശ്രാമം മൈതാനിയില്‍ എത്തിച്ചതെന്നും എ.ഡി.ജി.പി പറഞ്ഞു. തട്ടിക്കൊണ്ടുപോവുക എന്ന ആശയം അനിത കുമാരിയുടെതായിരുന്നു. പ്രതിയുടെ മകള്‍ അനുപമ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സിന് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. യൂട്യൂബ് വീഡിയോകളിലൂടെ അനുപമ പ്രതിമാസം അഞ്ച് ലക്ഷം രൂപ വരുമാനം ഉണ്ടാക്കിയിരുന്നുവെന്നും എ.ഡി.ജി.പി പറഞ്ഞു.
പ്രതികളുടെ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തിയത്. ഇടക്ക് പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് ബുദ്ധിമുട്ടിച്ചിരുന്നു. തട്ടിക്കൊണ്ടു പോകാനുപയോഗിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് അടിക്കടി മാറ്റിയിരുന്നു. പ്രതികളെകുറിച്ച് പൊതുജനങ്ങള്‍ നല്‍കിയ വിവരങ്ങളും നിര്‍ണായകമായി. ജനങ്ങളില്‍ നിന്ന് വിവരം ശേഖരിച്ചാണ് പ്രതികളിലേയ്ക്ക് എത്തിയത്. പ്രതികളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കിയ കുട്ടിയും സഹോദരനുമാണ് യഥാര്‍ത്ഥ താരങ്ങളെന്നും എ.ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.
കേസിന്റെ ആദ്യ ദിവസം തന്നെ സുപ്രധാന സൂചനയില്‍ നിന്ന് പ്രതികള്‍ കൊല്ലം ജില്ലക്കാര്‍ തന്നെയാണെന്നും ഈ പരിസരങ്ങളെക്കുറിച്ച് ധാരണയുള്ളവരാണെന്നും മനസിലായി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണമെന്ന് എഡിജിപി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ
സാവധാനം അന്വേഷണം നടത്തിയാല്‍ മാത്രമേ പ്രതികളിലേക്ക് എത്താന്‍ കഴിയൂവെന്ന് തിരിച്ചറിഞ്ഞായിരുന്നു നീക്കം. അതിന്റെ ഫലമായാണ് നാലാം ദിനം പദ്മകുമാറിനെയും ഭാര്യ അനിതാകുമാരിയെയും മകള്‍ അനുപമയെയും പിടികൂടാന്‍ കഴിഞ്ഞത്. അതേസമയം മാധ്യമങ്ങളില്‍ നിന്ന് അനാവശ്യ സമ്മര്‍ദം ഉണ്ടായതായും അദേഹം പറഞ്ഞു.
കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണ് പദ്മകുമാര്‍. വളരെ വര്‍ഷങ്ങളായി കേബിള്‍ ടിവി സര്‍വീസ് നടത്തിയിരുന്നു. നാട്ടില്‍ അറിയപ്പെടുന്ന വ്യക്തി. കൊറോണയ്ക്ക് ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, കടുത്ത സാമ്പത്തിക പ്രതിസന്ധി, തുടങ്ങിയവ കട ബാധ്യതയിലേക്ക് നയിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി എങ്ങനെ കടബാധ്യത തീര്‍ക്കാമെന്ന് ചിന്തയിലായിരുന്നു പദ്മകുമാര്‍. ചുറ്റുമുള്ളവര്‍ ഇത്തരത്തിലുള്ള പല പ്രവൃത്തികളും ചെയ്താണ് പണമുണ്ടാക്കുന്നതെന്ന് തോന്നിയതോടെയാണ് താനും ഇതിന് മുതിര്‍ന്നതെന്ന് പ്രതി പറഞ്ഞതായി എഡിജിപി വ്യക്തമാക്കി.
ആദ്യത്തെ വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചത് ഒരു വര്‍ഷം മുന്‍പ്. രണ്ടാമത്തേത് ഈ അടുത്ത കാലത്താണ്. കഴിഞ്ഞ വര്‍ഷം ഇത് ചെയ്യണമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇടയ്ക്ക് വച്ച് ഇത് ഉപേക്ഷിക്കുകയും എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തോളമായി വീണ്ടും പദ്ധതിയിടുകയായിരുന്നു. സ്ഥിരമായി കാറുമായി കുടുംബ സമേതം യാത്ര ചെയ്ത് തട്ടിയെടുക്കാന്‍ സൗകര്യമുള്ള കുഞ്ഞുങ്ങളെ അന്വേഷിച്ച് നടക്കുകയായിരുന്നു. അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള ഒരു കുട്ടിയെയാണ് മൂവരും അന്വേഷിച്ചതെന്നും എഡിജിപി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.