കുളിരും കോടമഞ്ഞും തണുപ്പുമായി മറ്റൊരു ഡിസംബര്‍ കൂടി വന്നെത്തിയിരിക്കുന്നു. യാത്രകള്‍ പോകാന്‍ ഇതിലും മികച്ചൊരു സമയമില്ല. പ്ലാന്‍ ചെയ്തു പോവുകയാണെങ്കില്‍ ക്രിസ്തുമസും ന്യൂ ഇയറുമെല്ലാം മറ്റൊരു രാജ്യത്ത് ആഘോഷിക്കാം.
ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ഇപ്പോഴെ ആരംഭിച്ചു കഴിഞ്ഞു. ക്രിസ്തുമസ് ട്രീകളും നക്ഷത്രങ്ങളും അലങ്കാരങ്ങളുമെല്ലാം സജീവമായി. ഈ കാഴ്ചകള്‍ ഒക്കെ ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണേണ്ടത് തന്നെയാണ്. ഈ ഡിസംബറില്‍ കാണേണ്ട അഞ്ച് രാജ്യങ്ങളെ പരിചയപ്പെടാം.
1. ഫിന്‍ലാന്‍ഡിലെ സാന്താ ക്ലോസ് വില്ലേജ്
മഞ്ഞുപൊഴിയുന്ന ക്രിസ്തുമസില്‍ യാത്ര പോകാന്‍ പറ്റിയ സ്ഥലങ്ങളിലൊന്ന് മികച്ച ഒരു രാജ്യമാണ് ഫിന്‍ലാന്‍ഡ്. ഇനി ഫിന്‍ലന്‍ഡില്‍ എവിടെ പോകണമെന്നാണോ സംശയം. അതിനല്ലേ ക്രിസ്മസ് കാലത്ത് ലോകം മുഴുവനും എത്താന്‍ ആഗ്രഹിക്കുന്ന സാന്താക്ലോസിന്റെ നാടായ ലാപ്ലാന്‍ഡ് ഉള്ളത്. ലാപ്ലാന്‍ഡിലെ റോവാനീമിയിലെ ആര്‍ട്ടിക് സര്‍ക്കിളിലാണ് സാന്താക്ലോസ് വില്ലേജ് സ്ഥിതി ചെയ്യുന്നത്.
കഥകളിലൂടെയും ചിത്രങ്ങളിലൂടെയും മാത്രം കണ്ടിട്ടുള്ള സാന്താക്ലോസിനെ നേരിട്ടു കാണാനും മഞ്ഞില്‍ മൂടി കിടക്കുന്ന സാന്തായുടെ വില്ലേജില്‍ ചെലവഴിക്കാനും രാത്രി അവിടെ താമസിക്കാനും സൗകര്യമുണ്ട്. മഞ്ഞില്‍ പുതഞ്ഞ ചെറിയ വീടുകളിലാവും രാത്രി കാല താമസം. റെയിന്‍ഡീര്‍ വലിക്കുന്ന വണ്ടിയില്‍ കയറി നാടു ചുറ്റാനും ക്രിസ്മസ് അലങ്കാരങ്ങള്‍ കാണാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. ക്രിസ്മസിന്റെ ഏറ്റവും മനോഹരമായ കാഴ്ചകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
2. സ്വപ്ന ലോകം തീര്‍ക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡ്
സ്വിറ്റ്‌സര്‍ലന്‍ഡിലെ മഞ്ഞിന്റെ കാഴ്ചകളെക്കുറിച്ച് നമുക്കറിയാം. അതിലേക്ക് ക്രിസ്മസ് കൂടി വന്നാല്‍ എങ്ങനെയുണ്ടാകും. അതാണ് ഡിസംബര്‍ മാസത്തില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഡിസംബര്‍ ആദ്യം മുതലേ ഇവിടെ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ സജീവമാകും. വൈകുന്നേരങ്ങളില്‍ ആളുകള്‍ നഗരങ്ങളിലെ മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കാനിറങ്ങും. മഞ്ഞുകൂടി പെയ്യുന്ന സമയമായതിനാല്‍ ഇരട്ടി സൗന്ദ്യമാണ് ദര്‍ശിക്കാന്‍ കഴിയുക.
3. ക്രിസ്തുമസ് വിസ്മയവും സാഹസികതയും ചേരുന്ന ഓസ്ട്രിയ
ലോക വിനോദസഞ്ചാരികളുടെ ഇടയില്‍ പേരുകേട്ട ഓസ്ട്രിയ ക്രിസ്തുമസ് യാത്രകള്‍ക്ക് പറ്റിയ രാജ്യമാണ്. മധ്യ യൂറോപ്പിന്റെ ഭാഗമായ ഇവിടുത്തെ ക്രിസ്തുമസ് മാര്‍ക്കറ്റുകളാണ് പ്രധാന ആകര്‍ഷണം. പതിറ്റാണ്ടുകളായി മുടക്കമില്ലാതെ തുറക്കുന്ന ക്രിസ്മസ് മാര്‍ക്കറ്റുകള്‍ തലസ്ഥാനമായ വിയന്നയില്‍ കാണാം. ആല്‍പൈനില്‍ സാഹസികത തേടുന്നവര്‍ക്ക് ഇവിടെ സ്‌കീയിങിനും സ്‌നോ ബോര്‍ഡിനും ഒക്കെ അവസരം ലഭിക്കും. നഗരങ്ങളും ഗ്രാമങ്ങളും വലിയ രീതിയില്‍ തന്നെയാണ് ഇവിടെ ക്രിസ്മസ് ആഘോഷിക്കുന്നത്.
4. ക്രിസ്തുമസിന് അണിഞ്ഞൊരുങ്ങി ജര്‍മനി
യൂറോപ്പില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ പറ്റിയ രാജ്യങ്ങളിലൊന്ന് ജര്‍മ്മനിയാണ്. ക്രിസ്മസ് മാര്‍ക്കറ്റുകളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. യൂറോപ്പില്‍ തന്നെ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ വരുന്ന രാജ്യങ്ങളിലൊന്നും ജര്‍മ്മനിയാണ്. തണുപ്പുകാലത്ത് സഞ്ചാരികള്‍ കുറയുമെന്നതിനാല്‍ വലിയ തിരക്കോ ബഹളങ്ങളോ ഇല്ലാതെ നാട് കാണുകയും ക്രിസ്മസ് ആഘോഷിക്കുകയും ചെയ്യാം.
ഡിസംബര്‍ ആദ്യം മുതല്‍ക്കേ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ ഇവിടെ സജീവമാകും. അലങ്കാരങ്ങളും നക്ഷത്രങ്ങളും ദീപങ്ങളുമെല്ലാം ചേര്‍ന്ന് ഒരു സ്വപ്ന ലോകത്തെത്തിയ പ്രതീതിയാണ് ജര്‍മ്മനി നല്‍കുന്നത്. മ്യൂണിക്ക്, ന്യൂറംബെര്‍ഗ്, കൊളോഗ്‌നെ തുടങ്ങിയ സ്ഥലങ്ങളിലാണ് വലിയ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ കാണാനാവുക.
5. മായാജാലം കാട്ടുന്ന നോര്‍വേ
ഒരു മാജിക്കല്‍ ലാന്‍ഡില്‍ ക്രിസ്മസ് ആഘോഷിക്കുന്ന അനുഭവം നല്‍കുന്ന നാടാണ് നോര്‍വെ. മഞ്ഞു പുതഞ്ഞു നില്‍ക്കുന്ന പര്‍വ്വതങ്ങളും തണുത്ത കുളിരുള്ള കാറ്റും ആകാശത്തെ നോര്‍ത്തേണ്‍ ലൈറ്റും എല്ലാം ചേരുമ്പോള്‍ ഒരുഗ്രന്‍ സ്വപ്നം കണ്ട് ഉണര്‍ന്ന അനുഭവമായിരിക്കും യാത്രികന് സമ്മാനിക്കുക. ഡിസംബര്‍ മാസത്തില്‍ ഇവിടെ വിന്റര്‍ ആക്റ്റിവിറ്റികള്‍ക്കും തുടക്കമാകും. സ്‌കീയിങ്, സ്‌നോഷൂയിങ് തുടങ്ങിയവയൊക്കെ ഇവിടെ പരീക്ഷിക്കാം.
എന്നാല്‍, പുറപ്പെടാന്‍ തയ്യാറായിക്കൊള്ളു... മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന സമയമായതിനാല്‍ അതിനുള്ള ഒരുക്കങ്ങള്‍ കൂടി യാത്രയില്‍ കരുതാന്‍ മറക്കരുതേ!...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.