ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് കാലിടറിയത് ഇന്ത്യാ മുന്നണിക്കും തിരിച്ചടിയായി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇത് വലിയ രാഷ്ട്രീയ നേട്ടമായി മാറാനും സാധ്യതയേറെയാണ്. കോണ്‍ഗ്രസിനേറ്റ അപ്രതീക്ഷിത പരാജയം വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ മുന്നോട്ടുള്ള പോക്കും ചോദ്യ ചിഹ്നമായി മാറ്റിയിരിക്കുകയാണ്.
രാജസ്ഥാനിലെ പരാജയം കോണ്‍ഗ്രസ് ഏറെക്കുറെ പ്രതീക്ഷിരുന്നതാണ്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളായ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുളള ഏറ്റുമുട്ടല്‍ പാര്‍ട്ടിയുടെ താഴെ തട്ടിലേക്ക് വ്യാപിച്ചതോടെ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെക്കാള്‍ കോണ്‍ഗ്രസിലെ വിഭാഗീയത ചര്‍ച്ചയാവുകയും രാജസ്ഥാനില്‍ വലിയ തിരിച്ചടി നേരിടുകയും ചെയ്തു.
അശോക് ഗെലോട്ടിനെ മാറ്റി പ്രതിഷ്ഠിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയാതെ പോയതും വസുന്ധരാജ് സിന്ധ്യയെ ബിജെപി മെരുക്കിയതുമാണ് കോണ്‍ഗ്രസിനെ പ്രതീക്ഷകളെ തകര്‍ത്തത്. പാര്‍ട്ടിയില്‍ പിന്തുണയുണ്ടെങ്കിലും ഗെലോട്ടിന്റെ ജനപിന്തുണ അനുദിനം കുറഞ്ഞു വരികയായിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വം മനസിലാക്കിയിരുന്നെങ്കിലും ഗെഹലോട്ടിനെ മാറ്റാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.
എന്നാല്‍ മധ്യപ്രദേശിലെ പരാജയം കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയായി. മോഡി തരംഗമാണ് ഇവിടെ ബിജെപി വിജയത്തിന് വഴിയൊരുക്കിയത്. ശിവരാജ് സിങ് ചൗഹാനായിരുന്നു മുഖ്യമന്ത്രിയെങ്കിലും നരേന്ദ്ര മോഡി തന്നെയായിരുന്നു മധ്യപ്രദേശിലെ താര പ്രചാരകന്‍. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും അധികം പ്രതീക്ഷ വയ്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. അത് കൊണ്ട് തന്നെ എന്ത് വില കൊടുത്തും മധ്യപ്രദേശ് പിടിക്കണമെന്നത് മോഡിയുടെ വാശി തന്നെയായിരുന്നു.
അതോടൊപ്പം ജ്യോതിരാദിത്യ സിന്ധ്യക്ക് കോണ്‍ഗ്രസ് അണികളില്‍ വലിയ സ്വാധീനം തന്നെയുണ്ടായിരുന്നു. അദേഹം പാര്‍ട്ടിക്ക് പുറത്തേക്ക് പോയത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണുണ്ടാക്കിയത്. മാധവറാവു സിന്ധ്യയുടെ മകനെ കോണ്‍ഗ്രസിന് പുറത്തേക്ക് വിട്ടത് ചരിത്രപരമായ വിഡ്ഡിത്തരമായിരുന്നുവെന്നു കോണ്‍ഗ്രസ് ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.
ആദിവാസികള്‍ വലിയ ഭൂരിപക്ഷമുള്ള ചത്തീസ്ഗഡില്‍ കോണ്‍ഗ്രസിനെ ചതിച്ചത് ഗോത്ര വര്‍ഗ പാര്‍ട്ടികളാണ്. അരവിന്ദ് നേതം എന്ന മുന്‍ കോണ്‍ഗ്രസ് നേതാവിനെ മുന്‍ നിര്‍ത്തി ബിജെപി ഉണ്ടാക്കിയ ഹമാര്‍ രാജ് പാര്‍ട്ടിയാണ് യഥാര്‍ത്ഥത്തില്‍ ചത്തീസ്ഗഡില്‍ കോണ്‍ഗ്രസിന്റെ തുടര്‍ ഭരണമെന്ന മോഹത്തിന് തടയിട്ടത്.
ഗോത്ര വര്‍ഗ പാര്‍ട്ടികളെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കുകളെ ചോര്‍ത്തിയെടുക്കുക എന്ന ബിജെപി തന്ത്രം ചത്തീസ്ഗഡില്‍ വിജയിക്കുകയായിരുന്നു. ആദിവാസി മേഖലകളില്‍ കോണ്‍ഗ്രസ് വലിയ തോതില്‍ പിന്നോട്ട് പോയ കാഴ്ചയാണ് കണ്ടത്. ബാഗേല്‍ സര്‍ക്കാരിന്റെ ജനപ്രീയ പദ്ധതികളൊന്നും ഇവിടെ ഗുണം ചെയ്തില്ല.
കോണ്‍ഗ്രസിന് ആകെയുള്ള ആശ്വാസം തെലങ്കാനായാണ്. ബിആര്‍എസിന്റെയും ചന്ദ്രശേഖര്‍ റാവുവിന്റെയും കുടുംബ ഭരണം ജനങ്ങള്‍ അത്രയേറെ വെറുത്തത് കൊണ്ടാണ് തെലങ്കാനയില്‍ കോണ്‍ഗ്രസിന് തിരിച്ചു വരാന്‍ കഴിഞ്ഞത്. ഏതായാലും അത് കോണ്‍ഗ്രസിന് വലിയ ആശ്വസമാണ് നല്‍കുന്നത്.
തെലങ്കാനയിലെ വിജയം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് അടിയുറച്ച് നില്‍ക്കാനുള്ള കരുത്ത് നല്‍കും. എന്നാല്‍ ഹിന്ദി ഹൃദയ ഭൂമിയിലെ തിരിച്ചടി 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.