ഇംഫാല്‍: ഒരിടവേളയ്ക്ക് ശേഷം മണിപ്പൂര്‍ വീണ്ടും സംഘര്‍ഷ ഭരിതമാകുന്നു. തെങ്ങോപ്പാല്‍ ജില്ലയില്‍ ഇന്ന് ഉച്ചകഴിഞ്ഞുണ്ടായ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേന നടത്തിയ തിരിച്ചിലില്‍ 13 മൃതദേഹങ്ങളും കണ്ടെടുത്തു.
തെങ്ങോപ്പാല്‍ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രദേശത്ത് നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയായിരുന്നു സുരക്ഷാ സേനയുണ്ടായിരുന്നത്.
തുടര്‍ന്ന് സേന ലെയ്തു ഗ്രാമത്തിലെത്തി നടത്തിയ തിരച്ചിലിലാണ് 13 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്കരികില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മരിച്ചവര്‍ ഈ പ്രദേശത്തുള്ളവരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ മറ്റ് വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. മണിപ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളില്‍ കഴിഞ്ഞ ഏഴ് മാസമായി ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ഞായറാഴ്ചയാണ് സര്‍ക്കാര്‍ ഈ നിരോധനം പിന്‍വലിച്ചത്. ഇതിന് തൊട്ടു പിന്നാലെയാണ് ഈ പുതിയ അക്രമമുണ്ടായത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലെയ്തു മേഖലയില്‍ സേന സുരക്ഷാ ശക്തമാക്കി.
സംസ്ഥാനത്ത് കഴിഞ്ഞ മെയ് മാസം മുതല്‍ മെയ്‌തേയ്-കുക്കി വിഭാഗങ്ങള്‍ തമ്മില്‍ തുടരുന്ന കലാപത്തില്‍ 175 പേര്‍ കൊല്ലപ്പെട്ടെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു.
ഇതില്‍ 169 പേരെ തിരിച്ചറിഞ്ഞു. 81 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ ഏറ്റുവാങ്ങി. 88 മൃതദേഹങ്ങള്‍ ആരും ഏറ്റെടുത്തിട്ടില്ലെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജമ്മു കാശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗീത മിട്ടലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.