വത്തിക്കാൻ സിറ്റി: സദാസമയവും ജാഗരൂകരായിരിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പായുടെ ഞായറാഴ്ച സന്ദേശം. ഭയത്തോടെ ജീവിക്കണം എന്നല്ല ഇത് അർത്ഥമാക്കുന്നത് മറിച്ച്, സ്നേഹനിർഭരമായ പ്രതീക്ഷയോടെ യേശുവിന്റെ വരവിനായി നാം കാത്തിരിക്കണം എന്നാണ് - പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു.
ആഗമന കാലത്തെ ആദ്യ ഞായറാഴ്ച സന്ദേശത്തിൽ, 'ജാഗരൂകത' എന്ന വിഷയത്തിലാണ് മാർപാപ്പ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. സുവിശേഷഭാഗത്ത് (മർക്കോസ് 13: 32 -37), യേശു മൂന്നുപ്രാവശ്യം 'ജാഗരൂകരായിരിക്കുവിൻ' എന്ന് ആവർത്തിച്ച് ഉദ്ബോധിപ്പിക്കുന്ന കാര്യം പാപ്പാ പ്രത്യേകം പരാമർശിച്ചു.
മാർപാപ്പ താമസിക്കുന്ന സാന്താ മാർത്തയിൽ നിന്നുള്ള തത്സമയ സംപ്രേഷണത്തിലൂടെയാണ്, ഈ ആഴ്ചയിലും വിശ്വാസികൾ ഞായറാഴ്ച സന്ദേശം ശ്രവിച്ചത്. ശ്വാസകോശത്തിനുണ്ടായ വീക്കത്തിൽ നിന്ന് പാപ്പാ സുഖം പ്രാപിച്ചു വരുന്നതേയുള്ളൂ. അതിനാൽ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനായ ബിഷപ്പ് പൗലോ ബ്രയിദയാണ് പരിശുദ്ധ പിതാവിന്റെ സന്ദേശം വായിച്ചത്.
ക്രിസ്തീയ ജാഗ്രത
ക്രിസ്തീയ ജാഗ്രതയെന്നാൽ, ആസന്നമായ ശിക്ഷയെക്കുറിച്ചുള്ള ഭയത്താൽ പ്രേരിതമായ ഒരു മനോഭാവമല്ല - പരിശുദ്ധ പിതാവ് പറഞ്ഞു. ഒരു ഉപമയിലൂടെ യേശു ഇക്കാര്യം കൂടുതൽ വ്യക്തമാക്കിത്തരുന്നുണ്ട്. യജമാനന്റെ മടങ്ങിവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന സേവകരെ നാം ആ ഉപമയിൽ കാണുന്നു. ആ സേവകർ ഭയപ്പെടുന്നില്ല, പകരം യജമാനന്റെ തിരിച്ചുവരവിനായി സ്നേഹപൂർവ്വം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ചെയ്യുന്നത്.
യജമാനനുമായി ആ സേവകർക്ക് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. അതിനാൽ അവർക്ക് ഭയപ്പെടണ്ട ആവശ്യമില്ലായിരുന്നു. ഒത്തുചേരലിനായി കാത്തിരിക്കുന്ന ഒരു സന്തുഷ്ട കുടുംബത്തെപ്പോലെ യജമാനൻ മടങ്ങിവരുമ്പോൾ അവനെ ഊഷ്മളമായും സന്തോഷത്തോടെയും സ്വീകരിക്കാൻ അവർ ഉത്സാഹത്തോടെ തയ്യാറെടുക്കുന്നു.
ക്രിസ്തുമസിന് യേശുവിനെ സ്വീകരിക്കാൻ നമുക്കും ഇതുപോലെ സ്നേഹപൂർവമായ പ്രതീക്ഷയോടെയായിരിക്കാം. യേശുവിന്റെ പിറവിത്തിരുന്നളിനായി ഒരുങ്ങുന്ന വരുംആഴ്ചകളിൽ, നമ്മുടെ ഹൃദയമാകുന്ന വീടുകളെ കൃത്യമായും ക്രമമായും സജ്ജീകരിക്കാം. ജാഗരൂകതയെന്നാൽ ഹൃദയത്തെ സജ്ജമായി സൂക്ഷിക്കുക എന്നാണ് അർത്ഥമാക്കുന്നത് - പാപ്പ പറഞ്ഞു.
കഴിവനുസരിച്ച് പങ്കുവയ്ക്കുക
ഈ ആഗമനകാലം, നമുക്കുള്ളവ ആവശ്യക്കാരുമായി പങ്കുവയ്ക്കുന്ന വേളയാക്കുവാൻ പരിശുദ്ധ പിതാവ് വിശ്വാസികളോട് ആഹ്വാനം ചെയ്തു. സഹോദരരുടെ ആവശ്യങ്ങളറിഞ്ഞ് അവരെ സഹായിക്കാനും നമ്മുടെ സമയം അവർക്കു കൊടുത്തുകൊണ്ട് അവരെ കൂടുതൽ ശ്രവിക്കാനും ഈ അവസരം നാം വിനിയോഗിക്കണം.
'പ്രിയ സ്നേഹിതരേ, പ്രയോജനരഹിതമായ കാര്യങ്ങളിൽ ശ്രദ്ധ പതറിപ്പോകാതെ, എപ്പോഴും പരാതികൾ പറഞ്ഞുകൊണ്ടിരിക്കാതെ, ഹൃദയങ്ങളിൽ നമുക്ക് ജാഗ്രത പുലർത്താം. യേശുവിനെ സ്വീകരിക്കാൻ നമുക്ക് ഉണർവോടെ തയ്യാറെടുക്കാം. അവനെ എതിരേൽക്കാൻ അക്ഷമരായി കാത്തിരിക്കാം' - ഈ വാക്കുകളുടെ പാപ്പാ തൻ്റെ സന്ദേശം അവസാനിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.