കൊച്ചി: കുസാറ്റ് ദുരന്തം വേദനിപ്പിക്കുന്നതെന്ന് ഹൈക്കോടതി. ചില സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. എല്ലാ ജീവനുകളും വിലപ്പെട്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. നിലവില്‍ നടക്കുന്ന അന്വേഷണങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. കുസാറ്റ് ദുരന്തത്തില്‍ ഈ ഘട്ടത്തില്‍ ആരെയും കുറ്റം പറയുന്നില്ല. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരും സര്‍വകലാശാലയും നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി.
ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. ദുരന്തത്തില്‍ നാല് ഘട്ടമായുള്ള അന്വേഷണമാണ് നടത്തുന്നതെന്നാണ് സര്‍വകലാശാല കോടതിയെ അറിയിച്ചത്. കേരളത്തിലെ സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലും പെട്ട് ഉണ്ടാകുന്ന ആദ്യ ദുരന്തം എന്ന നിലയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ദുരന്തം സംബന്ധിച്ച് അന്വേഷണം നടത്താനായി സിന്‍ഡിക്കേറ്റ് നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് വിഷയം ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശാനുസരണം സാങ്കേതിക വിദഗ്ധ സമിതിയും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ട്.
കുസാറ്റില്‍ ടെക്‌ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തിയ സംഗീത നിശയ്ക്ക് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ കത്ത് സര്‍വകലാശാല രജിസ്ട്രാര്‍ അവഗണിച്ചിരുന്നു. ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കുസാറ്റ് ദുരന്തത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.