ഇന്ത്യ സഖ്യത്തില്‍ ഭിന്നത; നിതീഷും മമതയും അഖിലേഷും പങ്കെടുക്കില്ല; നാളത്തെ മുന്നണി യോഗം മാറ്റി

ഇന്ത്യ സഖ്യത്തില്‍ ഭിന്നത; നിതീഷും മമതയും അഖിലേഷും പങ്കെടുക്കില്ല; നാളത്തെ മുന്നണി യോഗം മാറ്റി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നാലെ ഇന്ത്യ മുന്നണിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു. ഇതോടെ നാളെ നടക്കാനിരുന്ന യോഗം ഡിസംബര്‍ പതിനെട്ടിലേക്ക് മാറ്റി.

നാളത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജിയും നിതീഷ് കുമാറും അഖിലേഷ് യാദവും അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു യോഗം വിളിച്ചത്.

യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി നേരത്തേ അറിയിച്ചിരുന്നു. യോഗത്തിന്റെ തിയതിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് മമത പറഞ്ഞത്. മൂന്ന് സംസ്ഥാനങ്ങളിലെയും ബിജെപിയുടെ വിജയം കോണ്‍ഗ്രസിന്റെ പരാജയമാണെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.

മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് മത്സരിച്ചതും ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളുമായുള്ള ഇടപെടലുകള്‍ ഇല്ലാതെ പോയതും കോണ്‍ഗ്രസിനു പറ്റിയ തെറ്റാണന്ന് ജെഡിയുവും കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്.

അതിനിടെ സഖ്യത്തിന്റെ നേതൃ സ്ഥാനം മമതയ്ക്ക് നല്‍കണമെന്ന് തൃണമൂല്‍ നേതാക്കള്‍ ആവശ്യമുന്നയിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് പോലും ആവശ്യപ്പെടാത്ത നേതാവാണ് മമതയെന്നായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരിയുടെ കുറ്റപ്പെടുത്തല്‍.

എന്നാല്‍ ഇന്ത്യ സഖ്യത്തിലെ എല്ലാവരും ഒറ്റക്കെട്ടാണന്നും ജനകീയ വിഷയങ്ങളില്‍ യോജിച്ച് പോരാടുമെന്നും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി എംപി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.