ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം: വര്‍ഷങ്ങളുടെ തയ്യാറെടുപ്പ്, ഓരോ വിഭാഗത്തിനും വ്യത്യസ്ത ദൗത്യം; ബന്ദികളെ ഗാസയിലെത്തിക്കാന്‍ പ്രത്യേക പരിശീലനം

ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം: വര്‍ഷങ്ങളുടെ തയ്യാറെടുപ്പ്, ഓരോ വിഭാഗത്തിനും വ്യത്യസ്ത ദൗത്യം; ബന്ദികളെ ഗാസയിലെത്തിക്കാന്‍ പ്രത്യേക പരിശീലനം

ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ കടന്നു കയറി നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് വര്‍ഷങ്ങളുടെ ആസൂത്രണമുണ്ടെന്ന് ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം.

സൈന്യം അന്ന് വധിക്കുകയും പിടികൂടുകയും ചെയ്ത ഹമാസുകാരില്‍ നിന്ന് കണ്ടെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും ഭൂപടങ്ങളും നോട്ടുബുക്കുകളും പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

സൈനിക താവളവും ജനവാസ കേന്ദ്രങ്ങളായ കിബൂത്സും ആക്രമിക്കുന്നതിന് വര്‍ഷങ്ങളെടുത്ത് തയ്യാറാക്കിയ പദ്ധതി ഇവ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആക്രമണത്തിന്റെ ലക്ഷ്യം, ദൗത്യത്തില്‍ പങ്കെടുക്കുന്ന ഹമാസ് വിഭാഗങ്ങളുടെ വിവരങ്ങള്‍, ഓരോ വിഭാഗത്തിനുമുള്ള ദൗത്യം, സമയം, വേണ്ടുന്ന ആയുധങ്ങള്‍ എന്നീ വിവരങ്ങളെല്ലാം ഇവയിലുണ്ട്. നഹല്‍ ഒസിലെ സൈനിക താവളത്തിന്റെ കൈകൊണ്ട് വരച്ച വിശദമായ ഭൂപടവും ഇക്കൂട്ടത്തിലുണ്ട്. ഇസ്രയേലില്‍ നിന്ന് പിടികൂടി ബന്ദികളെ എങ്ങനെ ഗാസയിലെത്തിക്കാമെന്ന് ഹമാസുകാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

രേഖകള്‍ പരിശോധിച്ച് മനസിലാക്കാന്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗമായ അംഷത്തിനെ ഇസ്രയേല്‍ പുനരുജ്ജീവിപ്പിച്ചു. 1973 ലെ അറബ്-ഇസ്രയേല്‍ യുദ്ധസമയത്ത് രൂപവല്‍കരിച്ച ഈ വിഭാഗം അതിനുശേഷം നിര്‍ജീവമായിരുന്നു.

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ 1200 പേരെ ഹമാസ് വധിക്കുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഹമാസിന്റെ ആക്രമണത്തെക്കുറിച്ച് ഒരു വര്‍ഷം മുമ്പ് ഇസ്രയേലിന് വിവരം ലഭിച്ചിരുന്നെന്നും അവര്‍ അത് കാര്യമായി എടുത്തില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

അതിനിടെ ഗാസയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാന്‍ യൂനിസില്‍ ഹമാസുമായി കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. കരയാക്രമണം ആരംഭിക്കുന്നതിന്റെ ഭാഗമായി നഗര പരിസരത്ത് 150 ലധികം ടാങ്കുകള്‍ ഇസ്രയേല്‍ വിന്യസിച്ചിട്ടുണ്ട്.

ആക്രമണം ആസന്നമാണെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പനുസരിച്ച് ഖാന്‍ യൂനിസിലെ രണ്ട് സംഭരണശാലകളിലെ സാധനങ്ങള്‍ റാഫയിലേക്കു മാറ്റിയെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.