അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തും തിരികെ വീട്ടില്‍ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ ഇത് ചിലപ്പോള്‍ ഒരു അപകടത്തിലേക്ക് നയിക്കാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.

വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവമോ പാശ്ചാത്തലമോ എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവര്‍, മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, അവ കടത്തുന്നവര്‍, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവര്‍, കുട്ടികളോട് മോശമായി പെരുമാറുന്നവര്‍, മറ്റു ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോള്‍ നിങ്ങള്‍ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകള്‍ അനവധിയാണെന്നും ഓര്‍മിപ്പിക്കുന്നു.

അതിനാല്‍ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക. അപരിചതരായ വ്യക്തികള്‍ അവരുടെ വാഹനത്തില്‍ ലിഫ്റ്റ് തന്നാലും, നിങ്ങളോട് കയറാന്‍ നിര്‍ബന്ധിച്ചാലും അത്തരം അവസരങ്ങള്‍ ഒഴിവാക്കുക.

സ്‌കൂള്‍ ബസുകളും പൊതു ഗതാഗത സംവിധാനങ്ങളും പരമാവധി ഉപയോഗിക്കുന്നതിനൊപ്പം നടന്ന് പോകാവുന്ന ദൂരം റോഡിന്റെ വലത് വശം ചേര്‍ന്ന് കരുതലോടെ നടക്കുവാനും നിര്‍ദേശിക്കുന്നു. സ്‌കൂള്‍ യാത്രകള്‍ക്ക് മാത്രമല്ല എല്ലാ യാത്രകള്‍ക്കും ഇത് ബാധകമാണെന്നും മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നു. യാത്രകള്‍ അപകട രഹിതമാക്കാന്‍ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പങ്കുവെക്കുന്ന സന്ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.