ന്യൂഡല്‍ഹി: ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന ഭേദഗതി ബില്ലുകള്‍ ലോക്‌സഭ പാസാക്കി. ജമ്മു കാശ്മീര്‍ സംവരണ ഭേദഗതി ബില്ലും പുനസംഘടനാ ഭേദഗതി ബില്ലുമാണ് ഇന്ന് പാസാക്കിയത്. ബില്‍ അവതരണത്തിനിടെ അമിത്ഷാ നെഹ്‌റുവിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലുമുള്ള സംവരണം നിശ്ചയിക്കുന്ന ബില്ലാണ് ഒന്ന്. 2019 ലെ ജമ്മു കാശ്മീര്‍ പുനസംഘടനാ നിയമത്തെ ഭേദഗതി ചെയ്തുകൊണ്ടുള്ളതാണ് രണ്ടാമത്തെ ബില്‍. ജമ്മു കാശ്മീര്‍ അസംബ്ലിയിലെ ആകെ സീറ്റുകളുടെ എണ്ണം 83 ല്‍ നിന്ന് 90 ആക്കി വര്‍ധിപ്പിച്ചിക്കുകയും ചെയ്തു.
ബില്ല് ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്‌സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും തമ്മില്‍ രൂക്ഷമായ വാക്പോര് നടന്നു. കാശ്മീരിലെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പങ്കിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അധിര്‍ രഞ്ജന്‍ ചൗധരി വെല്ലുവിളിച്ചു. കശ്മീരിനെ കേന്ദ്ര സര്‍ക്കാര്‍ ഖാപ് പഞ്ചായത്താക്കി മാറ്റിയെന്നും വാഗ്ദാനം ചെയ്ത തൊഴില്‍ പോലും നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.
പാക് അധീന കാശ്മീര്‍ നെഹ്‌റുവിന്റെ അബദ്ധമാണെന്ന് അമിത് ഷാ വിമര്‍ശിച്ചു. നെഹ്‌റുവിന്റെ കാലത്ത് ജമ്മു കാശ്മീരില്‍ സംഭവിച്ചത് അബദ്ധങ്ങളാണ്. അനുച്ഛേദം 370 നീക്കിയതോടെ ജമ്മു കാശ്മീര്‍ സുരക്ഷിതമായെന്നും ഷാ പറഞ്ഞു.
ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതിനെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ നിന്നുള്ള വിധി കാത്തിരിക്കെ പുനസംഘടനാ ഭേദഗതി കൊണ്ടുവന്നതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രത്യേക പദവി ഒഴിവാക്കി നാല് വര്‍ഷം പിന്നിട്ടിട്ടും തിരഞ്ഞെടുപ്പ് നടത്താത്തതും പ്രതിപക്ഷം ചോദ്യം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.