ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ പൊരുതിവീണ് ഇന്ത്യന്‍ വനിതകള്‍

ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ പൊരുതിവീണ് ഇന്ത്യന്‍ വനിതകള്‍

മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. 38 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം ആറു വിക്കറ്റിന് 159 റണ്‍സില്‍ അവസാനിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ട് റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റില്‍ 138 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഡാനി വ്യാട്ട്, സ്‌കിവര്‍ ബ്രന്റ് സഖ്യമാണ് കരകയറ്റിയത്. ഇരുവരും അര്‍ധസെഞ്ചുറി നേടി. വ്യാട്ട് 47 പന്തില്‍ നിന്ന് 75 റണ്‍സും ബ്രന്റ് 53 പന്തില്‍ നിന്ന് 77 റണ്‍സും നേടി.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ആമി ജോണ്‍സ് ഒമ്പതു പന്തില്‍ നിന്ന് 23 റണ്‍സ് നേടി നിര്‍ണായക സംഭാവന നല്‍കി. ഇന്ത്യയ്ക്കു വേണ്ടി രേണുക സിംഗ് മൂന്നും, ശ്രേയങ്ക പാട്ടില്‍ രണ്ടും, സെയ്ക ഇഷാഖ് ഒന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് സ്മൃതി മന്ഥാനയെയയും ജെറെമിയ റോഡ്രിഗസിനെയും വേഗം നഷ്ടപ്പെട്ടു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത നായിക ഹര്‍മന്‍പ്രീത് കൗര്‍ വീണതോടെ ഇന്ത്യയുടെ പോരാട്ടം ഒരറ്റത്ത് റണ്‍സ് കണ്ടെത്തിയിരുന്ന ഷെഫാലി വര്‍മയിലായി. ഷെഫാലി 42 പന്തില്‍ നിന്ന് 52 റണ്‍സും ഹര്‍മന്‍പ്രീത് കോര്‍ 26 റണ്‍സും നേടി.

ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലെസ്റ്റണ്‍ മൂന്നു വിക്കറ്റ് നേടി. സാറ ഗ്ലെന്‍, ഫ്രെയ കെംപ്, നാറ്റ് സ്‌കിവര്‍ ബ്രന്റ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. അര്‍ധസെഞ്ചുറിയും ഒരു വിക്കറ്റും നേടിയ ബ്രന്റ് ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

ഡിസംബര്‍ ഒമ്പത്, പത്ത് തീയതികളിലാണ് അടുത്ത മല്‍സരങ്ങള്‍. മുംബൈയിലാണ് രണ്ട് മല്‍സരങ്ങളും. തുടര്‍ന്ന് ഏക ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ടും ഇന്ത്യയും മാറ്റുരയ്ക്കും. ഡിസംബര്‍ 14 മുതല്‍ 17 വരെയാണ് ഏക ടെസ്റ്റ് നടക്കുക. ഇതിനു ശേഷം സന്ദര്‍ശനത്തിന് എത്തുന്ന ഓസീസ് ടീമുമായി ഏക ടെസ്റ്റ് ഏകദിന പരമ്പരയും ഇന്ത്യന്‍ വനിതകള്‍ക്ക് മുന്നിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.