അമേരിക്കയിലെ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വെടിവെപ്പ്: മൂന്ന് മരണം; അക്രമി കൊല്ലപ്പെട്ടു

അമേരിക്കയിലെ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വെടിവെപ്പ്: മൂന്ന് മരണം; അക്രമി കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാമ്പസിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അക്രമി സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടെന്നും പോലീസ് അറിയിച്ചു.

പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം. വെടിവെപ്പിനെ തുടര്‍ന്ന് പ്രദേശത്തെ സര്‍വകലാശാലകള്‍ ദിവസം മുഴുവന്‍ അടച്ചിടുകയും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

വെടിവയപ്പുണ്ടായ ഉടനെ തന്നെ പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. നിലവില്‍ കാമ്പസില്‍ സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ലാസ് വെഗാസ് മെട്രോപോളിറ്റന്‍ പൊലീസ് അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു. സര്‍വകലാശാലയ്ക്കകത്തെ കെട്ടിടങ്ങള്‍ ഓരോന്നായി പൊലീസ് ഒഴിപ്പിച്ചതിനെ തുടര്‍ന്ന് ആളുകളോട് സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാന്‍ സര്‍വകലാശാല അധികൃതര്‍ നിര്‍ദേശിച്ചു.

2017 ല്‍ ഒരു സംഗീതോത്സവത്തിനിടെയുണ്ടായ വെടിവെപ്പില്‍ 60 പേര്‍ കൊല്ലപ്പെട്ടതോടെ, അമേരിക്കയിലെ ഏറ്റവും വലിയ കൂട്ട വെടിവയ്പ്പ് നടന്ന നഗരമാണ് ലാസ് വെഗാസ്. ഈ വര്‍ഷം മാത്രം അമേരിക്കയില്‍ 600 ലധികം കൂട്ട വെടിവപ്പുകളുണ്ടായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.