പുരുഷന്‍മാരില്‍ പ്രത്യുല്‍പാദന ശേഷി കുറയുന്നതിന് പിന്നില്‍ കീടനാശിനികളും; പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്

പുരുഷന്‍മാരില്‍ പ്രത്യുല്‍പാദന ശേഷി കുറയുന്നതിന് പിന്നില്‍ കീടനാശിനികളും; പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്

പുരുഷന്‍മാരില്‍ ബീജസാന്ദ്രതയും പ്രത്യുല്‍പാദന ശേഷിയും കുറയുന്നതിന് പിന്നിലെ കാരണം വെളിവാക്കി പുതിയ ഗവേഷണ പഠന റിപ്പോര്‍ട്ട് പുറത്ത്. നിരവധി വര്‍ഷങ്ങളെടുത്ത് തയാറാക്കിയ വിദഗ്ധ പഠന റിപ്പോര്‍ട്ടിലാണ് വിവിധ കീടനാശിനികളുമായുള്ള സമ്പര്‍ക്കം പുരുഷന്മാരില്‍ ബീജസാന്ദ്രത കുറയുന്നതിന് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

25 തരം കീടനാശിനികളുടെ സാമ്പിളുകളാണ് പഠന വിധേയമാക്കിയത്. ഇതില്‍ നിന്നും ചില പ്രത്യേക കീടനാശിനികളുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന പുരുഷന്‍മാരില്‍ ബീജസാന്ദ്രത കുറഞ്ഞതായി കണ്ടെത്തി. പുരുഷവന്ധ്യതയുടെ പ്രധാന ഘടകങ്ങളിലൊന്നാണ് കുറഞ്ഞ ബീജ സാന്ദ്രത.

പല കാലഘട്ടങ്ങളിലായി 1700-ല്‍ അധികം പുരുഷന്‍മാരില്‍ നടത്തിയ പഠനത്തിന് ശേഷമാണ് എണ്‍വയണ്‍മെന്റല്‍ ഹെല്‍ത്ത് പെര്‍സ്‌പെക്ടീവ്‌സ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിദഗ്ധ പഠനത്തില്‍ നിന്നും കളനാശിനികളും പുരുഷന്മാരിലെ ബീജസാന്ദ്രതയും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാണെന്ന് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ മെലിസ പെറി പറയുന്നു.

ജോര്‍ജ് മെയ്‌സണ്‍ യൂണിവേഴ്‌സിറ്റിയുടെ കോളേജ് ഓഫ് പബ്ലിക് ഹെല്‍ത്തിലെ അക്കാഡമിക് ഡീനും പാരിസ്ഥിതിക രോഗപര്യവേക്ഷകയുമാണ് പ്രൊഫസര്‍ മെലിസ.

തന്റെ പഠന റിപ്പോര്‍ട്ട് അധികാരികളുടെ ശ്രദ്ധയില്‍ പെടുമെന്നാണ് പ്രതീക്ഷയെന്നും അനിയന്ത്രിതമായ കീടനാശിനികളുടെ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ അവര്‍ ഏര്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും മെലിസ ചൂണ്ടിക്കാട്ടി.

കുറെ വര്‍ഷങ്ങളായി പുരുഷന്മാരില്‍ ബീജസാന്ദ്രത കുറയുന്നതിനെക്കുറിച്ച് ഏറെക്കാലം പഠനം നടത്തിയതിനു ശേഷമാണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതുവരെ ഉത്തരം കിട്ടാതെ കടങ്കഥയായി തുടര്‍ന്ന പുരുഷ വന്ധ്യതയ്ക്കുള്ള ഉത്തരത്തിലേക്കും പുതിയ റിപ്പോര്‍ട്ട് വെളിച്ചംവീശുന്നു.

കഴിഞ്ഞ 50 മുതല്‍ 70 വര്‍ഷങ്ങളായി പുരുഷന്‍മാരില്‍ പലതരം വന്ധ്യതകള്‍ വര്‍ധിച്ചുവരികയാണ്. ഇതിന്റെ തോത് ആപത്കരമായ രീതിയില്‍ ഉയരുകയാണെന്ന് മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രൊഫസറായ ജോണ്‍ മീക്കര്‍ പറയുന്നു.

ഇതുവരെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ് പുരുഷന്‍മാരുടെ ബീജസാന്ദ്രതയുടെ ശോഷണത്തിന് മുഖ്യകാരണമായി ശാസ്ത്രലോകം കരുതിയിരുന്നത്. മനുഷ്യരിലും മൃഗങ്ങളിലും കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും വിവിധ പഠനങ്ങള്‍ നടത്തിവരുന്നു.

കളനാശിനികളില്‍ അടങ്ങിയിരിക്കുന്ന രണ്ട് വ്യത്യസ്ത കെമിക്കലുകളായ ഓര്‍ഗാനോ ഫോസ്‌ഫൈറ്റ്‌സ്, കാര്‍ബാ മേറ്റ്‌സ് എന്നിവയെ അടിസ്ഥാനമാക്കിയാണ് പുതിയ പഠന റിപ്പോര്‍ട്ട്. ജോലിസ്ഥലങ്ങളില്‍ കളനാശിനികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന പുരുഷന്മാരെയും അല്ലാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കി.

പുകവലി, പ്രായം എന്നിവയെ അടിസ്ഥാനപ്പെടുത്തിയും പഠനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ജോലി സ്ഥലങ്ങളില്‍ കളനാശിനികളുമായി നേരിട്ട് ബന്ധപ്പെടുന്ന പുരുഷന്മാരുടെ ബീജസാന്ദ്രത വലിയ തോതില്‍ കുറയുന്നതായി കണ്ടെത്തി.

അതേ സമയം, എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നുവെന്നും അതിന് തുടര്‍ഗവേഷണങ്ങള്‍ ആവശ്യമാണെന്നും മെലിസ പറഞ്ഞു.

പുരുഷന്മാരിലെ വന്ധ്യതയ്ക്ക് ഒരു പ്രധാന കാരണമായി ബീജസാന്ദ്രതയെ പരിഗണിക്കാം. എന്നാല്‍ ബീജത്തിന്റെ രൂപവും അതിന്റെ നീന്താനുള്ള കഴിവുമൊക്കെ വന്ധ്യതയെ ബാധിക്കുന്ന മറ്റ് പ്രധാന കാര്യങ്ങളാണ്.

മനുഷ്യ ശരീരവും അതിനെക്കുറിച്ചുള്ള ഗവേഷണവും എന്നും ബുദ്ധിമുട്ട് നിറഞ്ഞതാണെന്നും അറിയുന്തോറും അതിനെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ധിക്കുമെന്നും പെറി ചൂണ്ടിക്കാട്ടി.

പ്രായം, അമിതവണ്ണം അടക്കം വിവിധ ഘടകങ്ങള്‍ പുരുഷന്റെ പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുന്നുണ്ട്. ഇവയെ ശരിയായി മനസിലാക്കിയാല്‍ മാത്രമേ യഥാര്‍ഥ വസ്തുത കണ്ടെത്താനാവു.

എന്തായാലും പുതിയ ഗവേഷണ റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത് അമിതമായുള്ള കളനാശിനിയുടെ ഉപയോഗം ആപത്താണെന്നു തന്നെയാണ്. അതിനാല്‍ തന്നെ ഇവയുടെ അനിയന്ത്രിത ഉപയോഗത്തിന് അധികാരികള്‍ കൂച്ചുവിലങ്ങ് ഇടണമെന്നും പെറി ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.