ഹൈദരാബാദ്: തെലങ്കാനയില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റി രേവന്ത് റെഡ്ഡി. സംസ്ഥാനത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും സൗജന്യ ബസ് യാത്ര നല്‍കുന്ന മഹാലക്ഷ്മി പദ്ധതി, നിര്‍ധനര്‍ക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിങ്ങനെ രണ്ട് വാഗ്ദാനങ്ങളാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ജന്മദിനമായ ഇന്ന് മുതല്‍ മഹാലക്ഷ്മി പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബസില്‍ സ്ത്രീകള്‍ സഞ്ചരിക്കുന്ന ദൂരം അനുസരിച്ച് യാത്ര നിരക്ക് സര്‍ക്കാര്‍ ഗതാഗത വകുപ്പിന് നല്‍കും. മഹാലക്ഷ്മി പദ്ധതി നടപ്പിലാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും എസ്ആര്‍ടിസി വൈസ് ചെയര്‍മാനെയും മാനേജിങ് ഡയറക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബര്‍ 18 ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെയാണ് കോണ്‍ഗ്രസ് സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനുമുള്ള സൗജന്യ യാത്ര വാഗ്ദാനം ചെയ്തത്.
ഉപമുഖ്യമന്ത്രി മല്ലുഭട്ടി വിക്രമാര്‍ക്ക, എഐഎംഐഎം എംഎല്‍എ അക്ബറുദീന്‍ ഒവൈസി, മറ്റ് മന്ത്രിമാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് രണ്ട് പ്രഖ്യാപനങ്ങളും നടത്തിയത്. നൂറു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ ആറ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നിറവേറ്റുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. ജനക്ഷേമത്തിനും വികസനത്തിനും പേരുകേട്ട സംസ്ഥാനമാക്കി തെലങ്കാനയെ മാറ്റാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാരെന്നും അദേഹം പറഞ്ഞു. ഡിസംബര്‍ ഒ്ന്‍പതിന് തെലങ്കാനയ്ക്ക് ഉത്സവ ദിനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ബോക്സിങ് താരം നിഖാത് സരീന് രണ്ട് കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൈമാറി. തനിക്ക് നല്‍കിയ പ്രോത്സാഹനത്തിന് സര്‍ക്കാരിനോട് നിഖാത് നന്ദി പറഞ്ഞു. പാരീസ് ഒളിമ്പിക്സിന് തയ്യാറെടുക്കാന്‍ ഇത് തനിക്ക് ഏറെ പ്രചോദനമാകുമെന്നും നിഖാത് സരീന്‍ പറഞ്ഞു. തെലങ്കാനയിലെ നിസാമാബാദ് സ്വദേശിനിയാണ് നിഖാത് സരീന്‍. ബോക്സിങ്ങില്‍ കഠിനാധ്വാനത്തിലൂടെ മുന്നേറുമെന്നും അതിലൂടെ സംസ്ഥാനത്തെ വാനോളം ഉയര്‍ത്താന്‍ ആഗ്രഹമുണ്ടെന്നും സരീന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.