നിശബ്ദതയിൽ കൂടുതൽ ശ്രവിക്കുംതോറും നമ്മുടെ വാക്കുകൾക്ക് ശക്തിയേറുന്നു: ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ

നിശബ്ദതയിൽ കൂടുതൽ ശ്രവിക്കുംതോറും നമ്മുടെ വാക്കുകൾക്ക് ശക്തിയേറുന്നു: ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ദൈവപുത്രന്റെ ആഗമനത്തിന് വിശ്വാസയോഗ്യമായ സാക്ഷ്യം വഹിക്കുന്നവരായി മാറാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഇതിനായി ആദ്യം നിശബ്ദതയുടെ ശക്തിയും ശ്രവിക്കേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിയണമെന്ന് പാപ്പ പറഞ്ഞു.

ആഗമനകാലം രണ്ടാം ഞായറാഴ്ചത്തെ സുവിശേഷ വായനയെ (മർക്കോസ് 1: 1-8) ആസ്പദമാക്കി വചനസന്ദേശം നൽകവെയാണ് മാർപാപ്പ ഈ കാര്യങ്ങൾ പറഞ്ഞത്. സ്നാപകയോഹന്നാന്റെ വ്യക്തിത്വത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച പാപ്പ, 'മരുഭൂമിയിൽ വിളിച്ചുപറയുന്ന ശബ്ദം' എന്ന യോഹന്നാന്റെ വിശേഷണത്തെക്കുറിച്ചാണ് തന്റെ സന്ദേശത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.

മരുഭൂമിയുടെ നിശബ്ദതയും സംസാരിക്കുന്നവന്റെ ശബ്ദവും പരസ്പര വിരുദ്ധങ്ങളെങ്കിലും, യോഹന്നാനിൽ ഇവ രണ്ടും സമ്മേളിക്കുന്നതായി പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകൾക്കു മുമ്പ് ദൈവജനം വാഗ്ദത്തഭൂമിയിലേക്ക് പ്രവേശിച്ച ജോർദാൻ നദിക്കരയ്ക്ക് സമീപമുള്ള മരുഭൂമിയാണ്, പ്രതീകാത്മകമെന്നവണ്ണം യോഹന്നാൻ തന്റെ കർമ്മമേഖലയായി തെരഞ്ഞെടുത്തത്. നിഷ്പ്രയോജനമായ കാര്യങ്ങളിൽ മുഴുകാനുള്ള ഇടമല്ല മരുഭൂമി. മറിച്ച്, ജീവിക്കാൻ അത്യന്താപേക്ഷിതമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്തേണ്ട ഇടമാണ്.

മൗനവും സുബോധവും

ജീവിതയാത്രയിൽ അനാവശ്യമായ കാര്യങ്ങളെല്ലാം ഒഴിവാക്കണമെന്ന് മരുഭൂമിയുടെ നിശബ്ദത നമ്മെ ഓർമ്മപ്പെടുത്തുന്നു. പ്രയോജനരഹിതവും നിരർത്ഥകവുമായ കാര്യങ്ങളിൽനിന്ന് നാം മോചനം പ്രാപിക്കണം. നമ്മുടെ തന്നെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി, ദൈവത്തിനു മുമ്പാകെ പ്രാധാന്യമുള്ളതു മാത്രം കണ്ടെത്തി അതിനെ മുറുകെപ്പിടിക്കാൻ നാം ശ്രദ്ധിക്കണം - പാപ്പ എടുത്തുപറഞ്ഞു.

വാക്കുകളിലായാലും, ഭൗതിക സമ്പത്തിന്റെ ഉപയോഗത്തിലായാലും, മാധ്യമങ്ങളുമായുള്ള ഇടപഴകലിലായാലും, മൗനവും സുബോധവും ക്രിസ്ത്യാനിയുടെ ജീവിതത്തിൽ അവിഭാജ്യ ഘടകങ്ങളാകണമെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു.

ആധികാരികമായ ശബ്ദം

നിശബ്ദതയും ആധികാരികതയുള്ള ശബ്ദവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പരിശുദ്ധ പിതാവ് അടിവരയിട്ടു പറഞ്ഞു. നിശബ്ദതയിൽ ആത്മാവിന്റെ നിർദ്ദേശങ്ങൾക്ക് കാതോർക്കുമ്പോഴാണ് ആധികാരികതയുള്ള ശബ്ദം നമ്മുടെ ഉള്ളിൽ പക്വത പ്രാപിക്കുന്നത്. 'ഒരാൾക്ക് നിശബ്ദത പാലിക്കാനറിയില്ലെങ്കിൽ, അയാൾ നല്ലതെന്തെങ്കിലും പറയാനും സാധ്യതയില്ല. നിശബ്ദതയിൽ കൂടുതൽ ശ്രവിക്കുംതോറും നമ്മുടെ വാക്കുകൾക്ക് ശക്തിയേറുന്നു' - പാപ്പ പറഞ്ഞു.

എന്റെ ദൈനംദിന ജീവിതത്തിൽ നിശബ്ദതയ്ക്ക് ഞാൻ എത്രമാത്രം പ്രാധാന്യം കൊടുക്കുന്നുണ്ട്? കൂടുതൽ ശ്രവിക്കാനും പ്രാർത്ഥിക്കാനും സാധിക്കുന്ന വിധത്തിൽ, ഹൃദയത്തിന് കാവലാകുന്നതാണോ എന്റെ നിശബ്ദത? അതോ ശൂന്യമായതും ഞെരുക്കുന്നതുമായ നിശബ്ദതയാണോ അത്? എന്റെ ജീവിതം സമചിത്തതയോടെയുള്ളതാണോ, അതോ ധൂർത്തിന്റെയും ധാരാളിത്തത്തിന്റേതുമായ ഒന്നാണോ? ജീവിതത്തിൽ നിശബ്ദതയ്ക്കും സമചിത്തതയ്ക്കും ശ്രവണത്തിനും നമുക്കു വില കൽപിക്കാം - അവ ഒഴുക്കിനെതിരാണെങ്കിൽ പോലും - പാപ്പ പറഞ്ഞു.

മൗനത്തിന്റെ മരുഭൂവനുഭവത്തെ സ്നേഹിക്കാനും ആഗതനാകുന്ന തന്റെ ദിവ്യപുത്രന് ഉത്തമ സാക്ഷ്യത്തിന്റെ ശബ്ദമായിത്തീരാനും പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പയുടെ ഞായറാഴ്ചദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.