കരുണ എന്നത് ദൈവത്തിന്റെ മുഖമാണ് രക്ഷ സൗജന്യവും : ഫ്രാൻസിസ് മാർപാപ്പ

കരുണ എന്നത് ദൈവത്തിന്റെ മുഖമാണ് രക്ഷ സൗജന്യവും : ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ലത്തീൻ ക്രമമനുസരിച്ച് ദനഹാക്കാലത്തിലെ രണ്ടാം ഞായറാഴ്ചയാണ് യേശുവിന്റെ മാമ്മോദീസ തിരുന്നാൾ ആഘോഷിക്കുന്നത്. അന്നേദിവസമായ ജനുവരി 10ന് , ഫ്രാൻസിസ് മാർപാപ്പ, വത്തിക്കാനിൽ തന്നെ ശ്രവിക്കാൻ എത്തിയവരുമായി പതിവ് പോലെ ഞായറാഴ്ചത്തെ ത്രികാല ജപ സന്ദേശം പങ്കുവച്ചു. എല്ലാവരും അവരവരുടെ ജ്ഞാനസ്നാനത്തിന്റെ തീയതി ഓർത്തു ആ ദിവസം ആഘോഷിക്കണമെന്ന ഉദ്ബോധനത്തോടുകൂടി പാപ്പാ തന്റെ സന്ദേശം ആരംഭിച്ചു.

മുപ്പത് വർഷത്തെ മറഞ്ഞിരിക്കുന്ന ജീവിതത്തിനു ശേഷം യേശുവിന്റെ പൊതു ജീവിതം ആരംഭിക്കുന്നത് ജോർദാൻ നദിയിലെ സ്നാനത്തോടെയാണ്. ആരാധനാക്രമം ഒരു മുപ്പതു വർഷം മുന്നോട്ടു നമ്മെ കൊണ്ടു പോകുന്നു. ഈ മുപ്പതുവർഷക്കാലത്തെക്കുറിച്ചു നമുക്കറിയവുന്നത് , യേശു കുടുംബത്തിൽ ചിലവഴിച്ച രഹസ്യജീവിതത്തിന്റെ കലയളവായാണ്. ഹേറോദേസിനെ ഭയന്ന് ജീവിച്ച കുറേക്കാലം; പിന്നീട് മാതാപിതാക്കളുടെ കൂടെ അവരെ അനുസരിച്ച് കഴിഞ്ഞ കാലം. മൂന്നു വർഷത്തെ പരസ്യ ജീവിതം ഒഴിച്ചാൽ ബാക്കി സമയം മുഴുവൻ കുടുംബത്തിൽ രഹസ്യമായി ജീവിച്ചു.

ജീവിതത്തിലെ എത്ര നിസാരവും നിഗൂഢവുമായ പ്രവർത്തികൾ പോലും ദൈവതിരുമുൻപിൽ പ്രാധാന്യമുള്ളതാണ്.മുപ്പത് വർഷത്തെ രഹസ്യ ജീവിതത്തിന് ശേഷം ജോർദാനിലെ ജ്ഞാനസ്നാനത്തോട് കൂടി പരസ്യജീവിതം ആരംഭിക്കുന്നു. ദൈവമായ യേശുവിന് അനുതാപ കർമ്മമായിരുന്ന യോഹന്നാന്റെ മാമ്മോദീസ ആവശ്യമായിരുന്നില്ല. എതിർക്കാൻ ശ്രമിക്കുന്ന സ്നാപകയോഹന്നാനെ നിർബന്ധിക്കുന്നു. പാപികളോടൊപ്പം ആയിരിക്കാൻ, നമ്മിലൊരുവനെപ്പോലെ അകാൻ അവൻ ആഗ്രഹിച്ചു. തന്റെ ശുശ്രൂഷയുടെ ആദ്യദിവസം പ്രദാനം ചെയ്ത പ്രകടന പത്രികയിൽ, പരമാധികാരമോ ബലപ്രയോഗമോ ഒരു ഉത്തരവ് കൊണ്ടോ ഉന്നതത്തിലിരുന്നുകൊണ്ടല്ല, മറിച്ച് നമ്മുടെ അടുത്തേക്കു വരുകയും നമ്മുടെ പാപങ്ങൾ സ്വയം ഏറ്റെടുക്കുകയും ചെയ്തുകൊണ്ടാണ് നമ്മെ രക്ഷിക്കുന്നത് എന്ന് അവിടുന്ന് പറയുന്നു.

സാമീപ്യം ദൈവത്തിന്റെ ശൈലിയാണ്. ഈ സാമീപ്യത്തിലൂടെയാണ് ദൈവം തിന്മയെ ജയിക്കുന്നത്. നമുക്കും മറ്റുള്ളവരെ ഉയർത്താം;വിധിച്ചുകൊണ്ടോ ,     എന്തുചെയ്യണമെന്ന് നിർദ്ദേശിച്ചുകൊണ്ടോ അല്ല മറിച്ച് മറ്റുള്ളവരുടെ ഒപ്പം ആയിരുന്നുകൊണ്ട് അവരുടെ സഹനത്തിൽ പങ്കുചേർന്നുകൊണ്ട് ദൈവസ്നേഹം പങ്കുവച്ചുകൊണ്ട് . ആകാശം തുറക്കുകയും ത്രീത്വം വെളിപ്പെടുകയും ചെയ്യാൻ കാരണമാകുന്നു, യേശുവിന്റെ ഈ കരുണയുടെ പ്രവൃത്തി. ദൈവം പ്രത്യക്ഷപ്പെടുന്നത് കരുണയിലൂടെയാണ്. കരുണ കാട്ടുമ്പോൾ ദൈവം വെളിപ്പെടുന്നു. കാരണം കരുണ എന്നത് ദൈവത്തിന്റെ മുഖമാണ്.

ഇത് നമുക്കും ബാധകമാണ്. നാം ചെയ്യുന്ന എല്ലാ കാരുണ്യ പ്രവർത്തനങ്ങളിലും, ദൈവം ആവിഷ്കൃതനാകുന്നു. നാം രക്ഷിക്കപ്പെട്ടിരിക്കുന്നത് സൗജന്യമായാണ് . രക്ഷ സൗജന്യമാണ്. നമ്മുടെ മാമ്മോദീസാദിനത്തിൽ നമുക്ക് കൗദാശികമായി ഇത് ലഭിക്കുന്നു . അതുപോലെ സ്നാനമേൽക്കാത്തവർക്കും ദൈവത്തിൻറെ കരുണ എപ്പോഴും ലഭിക്കുന്നു. നമ്മുടെ ഹൃദയവാതിലുകൾ തുറക്കുന്നതും പ്രതീക്ഷിച്ച് അവിടുന്ന് കാത്തിരിക്കുന്നു. അവിടന്ന് നമ്മുടെ അടുത്തേക്കുവരുകയും തന്റെ കാരുണ്യത്താൽ നമ്മെ തലോടുകയും ചെയുന്നു. "കാരുണ്യം ലഭിച്ചവർഎന്ന അന്യത കാത്തുസൂക്ഷിക്കാൻ നാം വിളിച്ചപേക്ഷിക്കുന്ന പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ" ഇതു പറഞ്ഞ്‌ മാർപാപ്പ ത്രികാലപ്രാർത്ഥന നടത്തി എല്ലാവർക്കും ആശീർവാദം കൊടുത്തു. എല്ലാവർഷവും യേശുവിന്റെ ജ്ഞാനസ്നാന തിരുന്നാളിന്റെ അന്ന് പാപ്പാ കുഞ്ഞുങ്ങളെ മാമ്മോദീസ മുക്കുന്ന പതിവ് ഉണ്ടായിരുന്നു. ഇത്തവണ കോവിഡ് മഹാമാരിയുടെ വിലക്കുകൾ കാരണം പാപ്പാ നടത്തേണ്ടിയിരുന്ന മാമ്മോദീസകൾ റദ്ദാക്കി . നേരത്തെ നിശ്ചയിച്ചിരുന്നത് പോലെ അതേദിവസം തന്നെ അവരവരുടെ ഇടവകയിൽവച്ച് അവരുടെ മാമ്മോദീസ നടത്തപ്പെടും എന്ന് വത്തിക്കാൻ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.