ഇരിട്ടി /തലശ്ശേരി: കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന അതിജീവന യാത്രക്ക് ഇരിട്ടിയില്‍ ആവേശ്വോജ്ജ്വല തുടക്കമായി. ഡിസംബര്‍ 11 മുതല്‍ 22 വരെ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെയാണ് കത്തോലിക്ക കോണ്‍ഗ്രസ്സ് അതിജീവന യാത്ര സംഘടിപ്പിക്കുന്നത്.
യാത്ര ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജനങ്ങള്‍ കൊല്ലപ്പെടുന്നതിന് സര്‍ക്കാരും വനം വകുപ്പും മാത്രമാണ് ഉത്തരവാദികളെന്ന് ചൂണ്ടിക്കാട്ടിയ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ദുരിതത്തിലായിരിക്കുന്ന മലയോര കര്‍ഷകരുടെ ജീവിതങ്ങള്‍ക്ക് പ്രത്യാശ പകരുന്നതാവട്ടെ കത്തോലിക്ക കോണ്‍ഗ്രസിന്റെ അതിജീവന യാത്രയെന്നും ആശംസിച്ചു.
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്തോലിക്കാ കോണ്‍ഗ്രസ് അതിജീവനയാത്ര സംഘടിപ്പിക്കുന്നത്.
കര്‍ഷകരോടുള്ള നിരന്തരമായ അവഗണനയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തര പീഡനവും നിമിത്തം ജീവിതം ദുസ്സഹമായിരിക്കുകയാണ്. ഭരണകൂടങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കണമെന്നും മാര്‍ പാംപ്ലാനി ആവശ്യപ്പെട്ടു.
കര്‍ഷകരെ ആര് സഹായിക്കുന്നോ, അവരുടെ പക്ഷത്ത് സഭയും സമുദായവും അണിനിരക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇടതു പക്ഷ ജനാതിപത്യ മുന്നണി പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനം നിറവേറ്റിക്കൊണ്ട് റബ്ബറിന് 250 രൂപ നല്‍കിയാല്‍ മാത്രമേ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഒപ്പം ഉണ്ട് എന്ന് പ്രഖ്യാപിക്കുന്നതില്‍ അര്‍ത്ഥം ഉള്ളു.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം വന്യമൃഗ ശല്യത്തില്‍ 5000 കോടി രൂപയുടെ വരുമാന നഷ്ടമാണ് പ്രതിവര്‍ഷം ഉണ്ടാകുന്നത്. സര്‍ക്കാരിന് എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടങ്കില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കണം എന്ന് ജാഥാ ക്യാപ്റ്റനും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റുമായ അഡ്വ. ബിജു പറയനിലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശ്ശേരി, ഭാരവാഹികളായ ഡോ. ജോസ്‌കുട്ടി ജെ ഒഴുകയില്‍, രാജേഷ് ജോണ്‍, തോമസ് പീടികയില്‍, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ബെന്നി പുതിയാപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞ ജോസ് ആര്‍ത്രശ്ശേരിയുടെ കുഴിമാടത്തില്‍ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് ഇരിട്ടി പട്ടണത്തില്‍ നടന്ന ബഹുജന റാലിക്ക് ശേഷമാണ് പൊതുസമ്മേളനം നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.