മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവാല്‍നിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായി കഴിയുന്ന അലക്സി നവാല്‍നി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ കൂടിയായ അഭിഭാഷകരാണ് പുറംലോകത്തെ അറിയിച്ചത്. വരുന്ന തെരഞ്ഞെടുപ്പില്‍ പുടിന്റെ പ്രധാന എതിരാളികളില്‍ ഒരാളായാണ് നവാല്‍നിയെ കണക്കാക്കുന്നത്.
അലക്സി നവാല്‍നി ജയിലില്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചതായി അഭിഭാഷകര്‍ പറഞ്ഞു. ആറ് ദിവസമായി അലക്സി നവാല്‍നിയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും അഭിഭാഷകര്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് നവാല്‍നിയെ കാണാതായിരിക്കുന്നത്. ഉക്രെയ്ന്‍ അധിനിവേശത്തെയും അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു.
നവാല്‍നിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുടിനെതിരെയും വിമര്‍ശനം ശക്തമായിട്ടുണ്ട്. 47 കാരനായ നവാല്‍നിയെ തീവ്രവാദം, വഞ്ചന ഉള്‍പ്പെടെയുള്ള വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് ജയിലിലടച്ചത്. 30 വര്‍ഷം തടവുശിക്ഷയാണ് നവാല്‍നിക്ക് വിധിച്ചിരിക്കുന്നത്.
എന്നാല്‍ ഈ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് നവാല്‍നിയും അനുയായികളും ആരോപിക്കുന്നു. ഒരു തീവ്രവാദ സംഘടന സ്ഥാപിക്കുകയും അതിന് ധനസഹായം നല്‍കുകയും ചെയ്‌തെന്ന കുറ്റത്തിന് ഇക്കഴിഞ്ഞ ഏപ്രിലില്‍ നവാല്‍നിക്ക് കോടതി 19 വര്‍ഷം കൂടി തടവ് വിധിച്ചിരുന്നു. 2020ല്‍ വധശ്രമത്തെ അതിജീവിച്ച നവാല്‍നി നിലവില്‍ പതിനൊന്നര വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചുവരികയായിരുന്നു.
ജയില്‍ശിക്ഷക്കെതിരെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് നവാല്‍നിയെ കാണാനില്ലെന്ന വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നത്.
'അവര്‍ അവനെ എവിടേക്കാണ് കൊണ്ടുപോയതെന്ന് പറയാന്‍ വിസമ്മതിക്കുന്നു'- അദ്ദേഹത്തിറ സഹപ്രവര്‍ത്തകന്‍ എക്‌സില്‍ കുറിച്ചു. റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് നവാല്‍നിയുടെ തിരോധാനം. ഈ തെരഞ്ഞെടുപ്പില്‍ തന്റെ പ്രധാന എതിരാളി ആരാണെന്നത് പുടിന് അറിയാവുന്ന കാര്യമാണ്. നവാല്‍നിയുടെ ശബ്ദം കേള്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു,'- സഹപ്രവര്‍ത്തകന്‍ പറയുന്നു.
വരുന്ന മാര്‍ച്ച് 15 മുതല്‍ 17 വരെ നടക്കുന്ന റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വ്‌ളാഡിമിര്‍ പുടിന്‍ അഞ്ചാം തവണയും മത്സരത്തിന് തയാറെടുക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.