തീവ്ര രോഗാണു പരിശോധനയ്ക്ക് അതിസുരക്ഷാ ബയോസേഫ്റ്റി ലാബ് തിരുവനന്തപുരത്ത്

തീവ്ര രോഗാണു പരിശോധനയ്ക്ക് അതിസുരക്ഷാ ബയോസേഫ്റ്റി ലാബ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഉയര്‍ന്ന ജീവാപായ സാധ്യതയുള്ള രോഗാണുക്കളെ കൈകാര്യം ചെയ്യുന്നതിനും പഠിക്കുന്നതിനുമായി അത്യാധുനിക സൗകര്യമായ ബയോസേഫ്റ്റി ലെവല്‍- 3 (ബിഎസ്എല്‍-3) ഗവേഷണ ശാല രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍(ആര്‍ജിസിബി) പ്രവര്‍ത്തനമാരംഭിച്ചു.

ദക്ഷിണേന്ത്യയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ബയോടെക്‌നോളജി (എന്‍ഐഎബി), ഹൈദരാബാദ്, മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് (എംസിവിആര്‍) എന്നിവിടങ്ങളില്‍ മാത്രമാണ് ബിഎസ്എല്‍-3 ലാബ് സൗകര്യമുള്ളത്.

രോഗകാരികളായ സൂക്ഷ്മാണുക്കളുടെ നിര്‍ണയത്തിനും ഗവേഷണ ആവശ്യങ്ങള്‍ക്കുമായി ലബോറട്ടറികളെ പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. അതില്‍ തന്നെ മനുഷ്യന് തീവ്രമായ രോഗാവസ്ഥയ്‌ക്കോ മരണത്തിനോ കാരണമായേക്കാവുന്നതും എന്നാല്‍ സമൂഹ വ്യാപനത്തിന് സാധ്യത കുറഞ്ഞതുമായ സൂക്ഷ്മ ജീവികളെ റിസ്‌ക് ഗ്രൂപ്പ്-3 എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആര്‍ജിസിബിയിലെ സീനിയര്‍ സയന്റിസ്റ്റും ബിഎസ്എല്‍ 3 ലാബ് ഇന്‍ ചാര്‍ജായ ഡോ. രാജേഷ് ചന്ദ്രമോഹനദാസ് പറഞ്ഞു.

കൊറോണ വൈറസുകള്‍, ചിലയിനം ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍, മൈക്രോ ബാക്റ്റീരിയം ട്യൂബെര്‍ക്കുലോസിസ് തുടങ്ങി രോഗകാരികളായ സൂക്ഷ്മാണുക്കളുടെ ഗവേഷണത്തിന് ബയോസേഫ്റ്റി ലെവല്‍- 3 എന്ന് നിശ്ചയിക്കപ്പെട്ട ലബോറട്ടറികള്‍ നിര്‍ബന്ധമാണ്. അപകടകാരികളായ സൂക്ഷ്മാണുക്കളെ നിയന്ത്രിക്കുന്നതിനും ലബോറട്ടറി ജീവനക്കാരെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനും ഈ ലാബുകളില്‍ കര്‍ശനമായ സുരക്ഷാ നടപടികളും പ്രോട്ടോക്കോളുകളുമുണ്ട്.

പകര്‍ച്ച വ്യാധികള്‍, മോളിക്യുലാര്‍ മെഡിസിന്‍, ബയോ ടെക്‌നോളജി എന്നിവയിലെ ഗവേഷണങ്ങളില്‍ ബിഎസ്എല്‍ 3 ലാബ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അപകടകരമായ സൂക്ഷ്മാണുക്കളെ തടയുന്നതിന് ആവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍, എഞ്ചിനീയറിങ് നിയന്ത്രണങ്ങള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

രോഗനിര്‍ണയ സംവിധാനങ്ങളുടെയും വാക്‌സിനുകള്‍ ഉള്‍പ്പടെയുള്ള മരുന്നുകളുടെ വികസനവും പരീക്ഷണവും തുടങ്ങി സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ ബിഎസ്എല്‍ 3 ലാബ് നിര്‍ണായക പങ്ക് വഹിക്കും. പുതിയതും പുനരാവിര്‍ഭവിക്കുന്നതുമായ വൈറല്‍ രോഗങ്ങളുടെ പ്രക്രിയകള്‍ പഠിക്കാനും അവയ്‌ക്കെതിരെ ആന്റിവൈറല്‍ തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിനും ഈ ലബോറട്ടറി സഹായകരമാകും.

പൊതുജനാരോഗ്യ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനും പകര്‍ച്ച വ്യാധി ഗവേഷണ മേഖലയിലേക്ക് സംഭാവന നല്‍കുന്നതിനും മറ്റ് ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് ആര്‍ജിസിബി ലാബ് പ്രവര്‍ത്തിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.