പൗരോഹിത്യ സ്വീകരണത്തിന്റെ 54-ാം വാർഷികം ആഘോഷിച്ച് ഫ്രാൻസിസ് മാർപാപ്പ

പൗരോഹിത്യ സ്വീകരണത്തിന്റെ 54-ാം വാർഷികം ആഘോഷിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പാ വൈദികനായി അഭിഷിക്തനായിട്ട് 54 വർഷം. 1969 ഡിസംബർ 13ന് തന്റെ 33ാം ജന്മദിനത്തിന് നാല് ദിവസം മുമ്പാണ് ജോർജ് മരിയോ ബെർഗോളിയോ എന്ന ഇന്നത്തെ ഫ്രാൻസിസ് മാർപാപ്പ ഒരു ജെസ്യൂട്ട് വൈദികനായി അഭിഷിക്തനായത്. അർജന്റീനയിലെ കൊർഡോബയിലെ ആർച്ച് ബിഷപ്പ് റാമോൺ ജോസ് കാസ്റ്റെല്ലാനോയാണ് അദേഹത്തിന് തിരുപ്പട്ടം നൽകിയത്.

54 വർഷംമുമ്പ് ആ ഡിസംബർ 13, ആഗമനകാലത്തിന്റെ മൂന്നാം ഞായറാഴ്ചയുടെ തലേന്ന് ഒരു ശനിയാഴ്ചയായിരുന്നു. കത്തോലിക്ക വിശ്വാസിയായിരുന്നിട്ടും പൗരോഹിത്യത്തിൽ പ്രവേശിക്കാനുള്ള തന്റെ തീരുമാനത്തെ ആദ്യം അമ്മ പിന്തുണച്ചിരുന്നില്ലെന്ന് പരിശുദ്ധ പിതാവ് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വൈദികനായി അഭിഷികതനായപ്പോൾ അമ്മ സന്തോഷവതിയായിരുന്നു.

ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍. നാലു സഹോദരങ്ങളും, മാതാപിതാക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു പാപ്പായുടേത്. രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ 1958 മാര്‍ച്ച് പതിനൊന്നാം തീയതി ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു.

1963 ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദേഹം സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി. അടുത്ത രണ്ടു വര്‍ഷങ്ങള്‍ സാഹിത്യപഠനത്തിനായി സമയം ചെലവഴിച്ചു. വൈദികനായ ശേഷവും തന്റെ പഠനം തുടര്‍ന്ന പാപ്പ 1970 ല്‍ പരിശീലനത്തിനും പഠനത്തിനുമായി സ്‌പെയിനില്‍ എത്തിച്ചേര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്ക് മടങ്ങിയെത്തിയ ജോര്‍ജ് മരിയോ ദൈവശാസ്ത്രവും, തത്വശാസ്ത്രവും സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു.

പിന്നീട് ഫാ. ബര്‍ഗോളിയോ 1973 ല്‍ ഈശോ സഭയുടെ അര്‍ജന്റീനയിലെ പ്രവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനമനുഷ്ഠിച്ചു. 1979 വരെ തല്‍സ്ഥാനത്ത് തുടര്‍ന്ന അദേഹം 1992 ല്‍ ബ്യൂനസ് ഐറസ് അതിരുപതയുടെ സഹായമെത്രാനായും 1998 ല്‍ മെത്രാപ്പോലീത്തയായും നിയമിതനായി.

ബ്യൂനസ് ഐറസ് അതിരൂപതാധ്യക്ഷനായി സേവനത്തിലിരിക്കെ 2001 ൽ പരേതനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായാണ് ആര്‍ച്ച് ബിഷപ്പ് ബര്‍ഗോളിയോയെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. പദവി ഉണ്ടായിരുന്നിട്ടും കരിനാൾ ബെർഗോഗ്ലിയോ വാഗ്ദാനം ചെയ്ത മനോഹരമായ വസതി ഉപേക്ഷിച്ച് ഒരു ചെറിയ അപ്പാർട്ട്മെന്റിൽ താമസിച്ചു.

2013 ഫെബ്രുവരി 28 ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പ സ്ഥാന ത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് മാര്‍ച്ച് 13 ന് കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഈശോ സഭയില്‍ നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും സഭാതലപ്പത്ത് എത്തുന്ന ആദ്യത്തെ യൂറോപ്പുകാരനല്ലാത്ത വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ.

സഭാ പ്രബോധനങ്ങളിലും സുവിശേഷ മൂല്യങ്ങളിലും അടിയുറച്ച വ്യക്തമായ നിലപാടുകളുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ. എന്നും പാവങ്ങളുടെ പക്ഷം പടിച്ച് വേണ്ടത് തക്ക സമയത്ത് ഉറക്കെ പ്രഖ്യാപിക്കാനും പാപ്പയ്ക്ക് ഒട്ടും മടിയില്ല. അതുകൊണ്ടുതന്നെ പാപ്പയെ വിമോചന ദൈവശാസ്ത്രത്തിന്റെ മൗലികവാദിയായും ലോകം ചിത്രീകരിക്കുന്നു.

ക്രിസ്തുവിന്റെ സഭയില്‍ നടക്കുന്ന ഏതെങ്കിലും വിധത്തിലുള്ള തിന്മകൾക്കെതിരെ ശബ്ദമുയര്‍ത്തി ഒരു നവീകരണത്തിന്റെ പാത തെളിയ്ക്കാനും അതുവഴി സുവിശേഷമൂല്യങ്ങളും ക്രിസ്ത്വാനുകരണവും നടപ്പാക്കാനും പാപ്പ വെമ്പല്‍ കൊള്ളുന്നത് പലരേയും ആകര്‍ഷിക്കുന്നുണ്ട്. പാപ്പയുടെ പ്രബോധനങ്ങളും പദ്ധതികളും ലാളിത്യത്തിന്റെ മകുടോദാഹരണങ്ങളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.