മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; പരമ്പര സമനിലയില്‍, പരമ്പരയുടെ താരമായി സൂര്യകുമാര്‍

മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; പരമ്പര സമനിലയില്‍, പരമ്പരയുടെ താരമായി സൂര്യകുമാര്‍

ജൊഹന്നസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 106 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 95 റണ്‍സിന് എല്ലാവരും പുറത്തായി.

മര്‍ക്രം (25), മില്ലര്‍ (35), ഫെറെയ്‌റ (12) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കണ്ടെത്താനായില്ല.

2.5 ഓവറില്‍ 17 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത കുല്‍ദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. രവീന്ദ്ര ജഡേജ രണ്ടും അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഗില്ലിനെയും തിലക് വര്‍മയെയും നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജയ്‌സ്വാള്‍ -സൂര്യകുമാര്‍ സഖ്യം ഇന്ത്യയുടെ റണ്‍നിരക്ക് ഉയര്‍ത്തി.

ജയ്‌സ്വാള്‍ 41 പന്തില്‍ നിന്ന് 60 റണ്‍സ് നേടി നായകന് മികച്ച പിന്തുണയേകി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച സൂര്യകുമാര്‍ തന്റെ നാലാം ടി20 സെഞ്ചുറിയാണ് കുറിച്ചത്.

55 പന്തില്‍ നിന്ന് സെഞ്ചുറി നേടിയ നായകന്‍ സൂര്യകുമാര്‍ യാദവ് ആണ് കളിയിലെ താരം. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സൂര്യകുമാര്‍ തന്നെയാണ് പരമ്പരയുടെ താരവും.

ആദ്യ മല്‍സരം മഴ മൂലം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മല്‍സരത്തില്‍ ഡിഎല്‍എസ് നിയമപ്രകാരം ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു.

ടി20 പരമ്പരയ്ക്കു ശേഷം 17ന് ആരംഭിക്കുന്ന മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പരയും രണ്ട് മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയും അടങ്ങുന്നതാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനം. കെഎല്‍ രാഹുലാണ് ഏകദിന ടീം നായകന്‍. ടെസ്റ്റ് മല്‍സരത്തില്‍ രോഹിത് ശര്‍മ നയിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.