പാര്‍ലമെന്റ് അതിക്രമ കേസ്: പ്രതികള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ്; നാല് പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

പാര്‍ലമെന്റ് അതിക്രമ കേസ്: പ്രതികള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ്; നാല് പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അതിക്രമിച്ച് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ നാല് പ്രതികളെയും ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മനോരഞ്ജന്‍, സാഗര്‍ ശര്‍മ, നീലം ദേവി, അമോല്‍ ഷിന്‍ഡെ എന്നിവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. പ്രതികള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

ഇവരുടെ ഫണ്ടിങിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അറിയിച്ച പൊലീസ് പ്രതികളെ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഏഴ് ദിവസമാണ് കോടതി അനുവദിച്ചത്.

പ്രതികള്‍ പ്രധാനമന്ത്രിയെ കുറ്റവാളിയെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നതായും അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞു. ഇവര്‍ ഷൂ വാങ്ങിയത് ലഖ്നൗവില്‍ നിന്നും കളര്‍ പടക്കം വാങ്ങിയത് മുംബൈയില്‍ നിന്നും ആണെന്നും അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക ദിനത്തില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ വന്‍ സുരക്ഷാ വിഴ്ചയുണ്ടായിട്ടുണ്ട്.

അതീവ സുരക്ഷാ മേഖലയിലാണ് യുവാക്കള്‍ കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ് പ്രതിഷേധത്തിന് കാരണമെന്നാണ് പ്രതികളുടെ മൊഴി. ഭഗത് സിങ് എന്ന ഗ്രൂപ്പിലെ അംഗങ്ങളാണ് പിടിയിലായ പ്രതികളെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിനായി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസും നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് അക്രമ സംഭവങ്ങള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.