സൂററ്റ്: ലോകമെമ്പാടും വജ്ര വ്യാപാരത്തിന് പേരുകേട്ട സൂററ്റ് നഗരം വജ്ര വ്യാപാരത്തിന്റെ ആഗോള ശക്തി കേന്ദ്രമായി മാറുന്നു. രാജ്യം ഉറ്റുനോക്കുന്ന സൂററ്റ് ഡയമണ്ട് ബോഴ്സിന്റെ (എസ്ഡിബി) ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോഡി ഇന്ന് നിര്‍വഹിച്ചു. അന്താരാഷ്ട്ര വജ്ര, ആഭരണ വ്യാപാരത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലുതും ആധുനികവുമായ കേന്ദ്രമായാണ് സൂററ്റ് ഡയമണ്ട് ബോഴ്സ് കണക്കാക്കപ്പെടുന്നത്.
അമൂല്യ രത്നങ്ങളുടെ മേഖലയിലെ മികവിനുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമാണിതെന്ന് ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് സമുച്ചയമായ സൂററ്റ് ഡയമണ്ട് ബോഴ്സ് കോപ്ലക്സ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുന്നതാണെന്നും മോഡി ചൂണ്ടിക്കാട്ടി. തൊഴിലാളിയോ കരകൗശല വിദഗ്ധനോ ബിസിനസുകാരനോ ആരുമാകട്ടെ സൂററ്റ് ഡയമണ്ട് ബോഴ്സ് എല്ലാവരുടെയും വണ്‍ സ്റ്റോപ്പ് സെന്ററായി പ്രവര്‍ത്തിക്കുമെന്നും അദേഹം പറഞ്ഞു.
പുതിയ ഇന്ത്യയുടെ ശക്തിയുടെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും പ്രതീകമായാണ് സൂററ്റ് ഡയമണ്ട് ബോഴ്സിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. സൂററ്റ് നഗരത്തിലെ വജ്ര, ആഭരണ വ്യവസായത്തില്‍ നിലവിലുള്ള എട്ട് ലക്ഷം പേര്‍ക്ക് പുറമെ 1.5 ലക്ഷം തൊഴിലവസരങ്ങള്‍ കൂടി എസ്ഡിബി സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സൂററ്റില്‍ ഇപ്പോള്‍ ചേര്‍ക്കപ്പെട്ട വജ്രം ചെറുതല്ലെന്നും ലോകത്തിലെ ഏറ്റവും മികച്ചതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഡിസൈന്‍, ഡിസൈനര്‍മാര്‍, മെറ്റീരിയല്‍ എന്നിവയുടെ മേന്മയും വൈദഗ്ധ്യവുമാണ് എസ്ഡിബിയില്‍ പ്രതിഫലിക്കുന്നത്. ഇനി മുതല്‍ ലോകത്തെ വജ്ര വ്യാപാര മേഖലയെക്കുറിച്ച് ആളുകള്‍ സംസാരിക്കുമ്പോഴെല്ലാം സൂററ്റും ഇന്ത്യയും പരാമര്‍ശിക്കപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
35.54 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ഈ ഓഫിസ് സമുച്ചയം 3400 കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. വജ്ര ഖനനത്തിന് പേര് കേട്ട ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പെഷ്യല്‍ നോട്ടിഫൈഡ് സോണിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 67 ലക്ഷം ചതുരശ്ര അടിയിലായി ഏതാണ്ട് 4500 വജ്ര വ്യാപാര സ്ഥാപനങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
വ്യവസായികളും സന്ദര്‍ശകരും അടക്കം 67,000 ജനങ്ങളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യവും സൂററ്റ് ഡയമണ്ട് ബോഴ്സിനുണ്ട്. പരിശോധന പോയിന്റുകള്‍, പൊതു അറിയിപ്പുകള്‍ നല്‍കാനുള്ള സൗകര്യം, പ്രവേശന കവാടത്തില്‍ കാര്‍ സ്‌കാനറുകള്‍ തുടങ്ങി നിരവധി സുരക്ഷ നടപടികളും ഉണ്ട്. കൂടാതെ കെട്ടിടത്തിലെ സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനായി ബില്‍ഡിങ് മാനേജ്‌മെന്റ് സംവിധാനവുമുണ്ട്.
ഡയമണ്ട് റിസര്‍ച്ച് ആന്‍ഡ് മെര്‍ക്കന്റൈല്‍ (ഡ്രീം) സിറ്റിയുടെ ഭാഗമായ എസ്ഡിബി കെട്ടിടത്തില്‍ ഇറക്കുമതിക്കും കയറ്റുമതിക്കുമായി അത്യാധുനിക കസ്റ്റംസ് ക്ലിയറന്‍സ് ഹൗസ്, റീട്ടെയില്‍ ജ്വല്ലറി ബിസിനസിനുള്ള ജ്വല്ലറി മാള്‍, അന്താരാഷ്ട്ര ബാങ്കിങ് സൗകര്യം എന്നിവ ഉണ്ടായിരിക്കും. ആഭരണങ്ങള്‍ കൂടാതെ മിനുക്കിയതും അല്ലാത്തതുമായ വജ്രങ്ങളും വ്യാപാരം ചെയ്യുന്നതിനുള്ള ഒരു ആഗോള കേന്ദ്രമായിരിക്കും ഇതെന്നും എസ്ഡിബി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഇതിനകം മുംബൈയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ അറിയപ്പെടുന്ന നിരവധി വജ്ര വ്യാപാരികള്‍ക്ക് ഇവിടെ ഓഫിസുകള്‍ അനുവദിച്ചു കഴിഞ്ഞു. ലേലത്തിലൂടെയാണ് ഈ യൂണിറ്റുകള്‍ അനുവദിച്ചതെന്ന് എസ്ഡിബി പ്രസ്താവനയില്‍ അറിയിച്ചു. 2015 ഫെബ്രുവരിയിലാണ് എസ്ഡിബി സമുച്ചയത്തിനും ഡ്രീം സിറ്റി പദ്ധതിക്കും തറക്കല്ലിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.