രാജ്യത്ത് ഇന്ന് 335 പുതിയ കോവിഡ് കേസുകള്‍: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ച് മരണം; നാലും കേരളത്തില്‍

 രാജ്യത്ത് ഇന്ന് 335 പുതിയ കോവിഡ് കേസുകള്‍: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ച് മരണം; നാലും കേരളത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ന് 335 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് നിലവിലെ സജീവ കേസുകളുടെ എണ്ണം 1,701 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് 19 കേസുകളുടെ എണ്ണം 4.50 കോടി കടന്നു.

കേരളത്തില്‍ നാലും ഉത്തര്‍പ്രദേശില്‍ ഒരാളും കോവിഡ് ബാധമൂലം മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 5,33,316 ആയി. ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 4,44,69,799 ആണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനവും മരണനിരക്ക് 1.19 ശതമാനവും ആണ്. രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കോവിഡ് 19 വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ഒമിക്രോണ്‍ ജെഎന്‍1 ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വ്യാപന ശേഷി കൂടുതലുള്ള വകഭേദമാണ് ഇത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്‍സകോഗി(The Indian SARS-CoV-2 Genomics Consortium-INSACOG)ന്റെ പഠനത്തിലാണ് കേരളത്തില്‍ പുതിയ വകഭേദം കണ്ടെത്തിയത്. ജനങ്ങള്‍ ആവശ്യമായ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗ ലക്ഷണങ്ങളുള്ളതും കാര്യമായ ചികിത്സ കൂടാതെ തന്നെ ഭേദമാകുന്നതുമാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കുന്നു. ഐസിഎംആറിന് കീഴിലെ ലാബുകളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സകോഗ് കോവിഡ് പോസിറ്റീവ് സാംപിളുകളില്‍ നടത്തിയ പരിശോധനയിലാണ് കേരളത്തിലെ ജെഎന്‍1 സ്ഥിരീകരിച്ചത്. ആശുപത്രികളുടെ തയാറെടുപ്പും മറ്റും പരിശോധിക്കുന്നതിനുള്ള മോക്ക് ഡ്രില്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്നും ഇത് 18 ന് പൂര്‍ത്തിയാകുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കേരളത്തിലേത് ആദ്യത്തെ കേസാണെന്നു പറയുമ്പോഴും സിംഗപ്പുരില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശിക്ക് നേരത്തേ ജെഎന്‍.1 കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ കോവിഡ് പോസിറ്റീവായ 1324 പേര്‍ ഇപ്പോഴുണ്ട്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതേസമയം ഏറ്റവും കൂടുതല്‍ പരിശോധന നടക്കുന്നതും കേരളത്തിലാണ്. ദിവസം 700 മുതല്‍ 1000 വരെ കോവിഡ് പരിശോധനകള്‍ നടക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.