ക്രിസ്മസ് പരീക്ഷ ആരംഭിച്ചിട്ടും ഇടുക്കിയിലെ ഒന്‍പതാം ക്ലാസുകാര്‍ക്ക് പുസ്തകമില്ല

ക്രിസ്മസ് പരീക്ഷ ആരംഭിച്ചിട്ടും ഇടുക്കിയിലെ ഒന്‍പതാം ക്ലാസുകാര്‍ക്ക് പുസ്തകമില്ല

ഇടുക്കി: ക്രിസ്മസ് പരീക്ഷ ആരംഭിച്ചിട്ടും ഇടുക്കി ജില്ലയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെയും പാഠപുസ്തകം കിട്ടിയില്ലെന്ന് പരാതി. ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗമാണ് ഇതുവരെയും വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടാത്തത്.

ഇടുക്കി ജില്ലയിലെ ഒരു സ്‌കൂളിനും ഇതുവരെയും പാഠപുസ്തകം ലഭിച്ചിട്ടില്ല. അധ്യാപകര്‍ പുസ്തകങ്ങള്‍ക്ക് നല്‍കേണ്ട തുക വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച് സ്‌കൂളില്‍ സൂക്ഷിച്ചിട്ടുമുണ്ട്. ഇതുവരെയും പുസ്തകങ്ങള്‍ ലഭിക്കാത്തതിനാല്‍ ഇവ വിദ്യാഭ്യാസ വകുപ്പിന് അയക്കാനും അധികൃതര്‍ ശ്രമിച്ചിട്ടില്ല. ഓണ്‍ലൈനില്‍ നിന്ന് പിഡിഎഫ് ആയി കിട്ടുന്ന പുസ്തകം ഡൗണ്‍ലോഡ് ചെയ്താണ് നിലവില്‍ അധ്യാപകര്‍ ക്ലാസുകള്‍ എടുക്കുന്നത്.

പിഡ്എഫ് പ്രിന്റ് എടുത്തതിനാല്‍ പുസ്തകങ്ങള്‍ ലഭിക്കുന്നതിനായി അധ്യാപകരും ഇപ്പോള്‍ മുന്‍കൈ എടുക്കുന്നില്ല. അടുത്ത വര്‍ഷം പുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിനാല്‍ അച്ചടി കുറച്ചിരിക്കുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് അധ്യാപകര്‍ പറയുന്നത്. പുസ്തകങ്ങള്‍ക്ക് കുറവുണ്ടെന്നും തിരുവനന്തപുരം ടെക്സ്റ്റ് ബുക്ക് ഓഫീസില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് അധികൃതര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.