ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വ്യാജ മതപരിവര്‍ത്തനം ആരോപിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട ആറ് ക്രൈസ്തവര്‍ക്ക് മോചനം. സോന്‍ഭദ്രാ ജില്ലാ കോടതിയാണ് മതപരിവര്‍ത്തനവിരുദ്ധ നിയമം ലംഘിച്ചു എന്ന കാരണം ചുമത്തി നവംബര്‍ അവസാനം അറസ്റ്റിലായ ആറ് ക്രൈസ്തവര്‍ക്ക് ക്രിസ്തുമസിന് മുന്നോടിയായി ജാമ്യം നല്‍കിയത്.
വിശ്വഹിന്ദു പരിഷത്ത് പ്രാദേശിക നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ അറസ്റ്റിലായത്. തന്റെ കുട്ടികളെ ട്യൂഷന്‍ പഠിപ്പിക്കുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഭാരവാഹികളില്‍ ഒരാളായ നാര്‍ സിങ്് തങ്ങളോടു പ്രതികാരം ചെയ്തതാണെന്ന് ക്രൈസ്തവര്‍ കോടതിയെ അറിയിച്ചു.
തെറ്റായ വിവരങ്ങള്‍, പ്രലോഭനം, നിര്‍ബന്ധം എന്നിവ വഴി നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്നതാണ് 2021 ലെ 'ഉത്തര്‍പ്രദേശ് മതപരിവര്‍ത്തന നിരോധന നിയമം'. എന്നാല്‍ ഈ നിയമത്തിന്റെ മറവില്‍ ക്രൈസ്തവരെ കുടുക്കുകയാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം.
വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ആദിവാസി മേഖലകളില്‍ നിരവധി ആളുകളെ മതപരിവര്‍ത്തനം നടത്തി എന്നാരോപിച്ച് സര്‍ക്കാര്‍ അറ്റോര്‍ണി ഇവരുടെ ജാമ്യാപേക്ഷ എതിര്‍ത്തിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല.
മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ മറവില്‍ ക്രൈസ്തവര്‍ക്കെതിരെ ഹിന്ദുത്വവാദികള്‍ ഉന്നയിക്കുന്ന വ്യാജരോപണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലീസും ഹിന്ദുത്വവാദികളെ സഹായിക്കുന്നുണ്ടെന്നത് ക്രിസ്ത്യന്‍ നേതാക്കള്‍ നേരത്തേ മുതല്‍ ഉന്നയിച്ചു വരുന്ന ആരോപണമാണ്.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്നത് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. 20 കോടിയോളം വരുന്ന ഉത്തര്‍പ്രദേശിലെ ജനസംഖ്യയുടെ 0.18 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.