ക്രൈസ്തവ ഐക്യം ആഹ്വാനം ചെയ്ത് മാര്‍ത്തോമാ നസ്രാണി എക്യുമെനിക്കല്‍ സംഗമം

ക്രൈസ്തവ ഐക്യം ആഹ്വാനം ചെയ്ത് മാര്‍ത്തോമാ നസ്രാണി എക്യുമെനിക്കല്‍ സംഗമം

തൃശൂര്‍: എരുമപ്പെട്ടി തിരുഹൃദയ ഫൊറോന ഇടവകയുടെയും കത്തോലിക്കാ കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ മാര്‍ത്തോമാ ശ്ലീഹായുടെ അപ്പസ്തോലിക്കാ പൈതൃകത്തില്‍ രൂപം കൊണ്ട നസ്രാണി സഭകളുടെ മഹാസഭ സംഘടിപ്പിച്ചു.

സീറോ മലബാര്‍ കത്തോലിക്കാ സഭ, പൗരസ്ത്യ കല്‍ദായ സുറിയാനി സഭ, മലങ്കര മാര്‍ത്തോമ സുറിയാനി സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, മലങ്കര യാക്കോബായ സുറിയാനി സഭ, മലങ്കര ഓര്‍ത്തഡോക്സ് സഭ, മലബാര്‍ സ്വതന്ത്ര സുറിയാനി സഭ എന്നീ സഭകളുടെ പിതാക്കന്മാര്‍ മഹാസഭയില്‍ പങ്കെടുത്തു.

സീറോ മലബാര്‍ കത്തോലിക്ക സഭ തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, പൗരസ്ത്യ കല്‍ദായ സുറിയാനി സഭ മേലധ്യക്ഷന്‍ മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത, മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യുലിയോസ് മെത്രാപ്പോലീത്ത, മലങ്കര യാക്കോബായ സുറിയാനി സഭ തൃശൂര്‍ ഭദ്രസനാധിപന്‍ ഡോ. കുരിയാക്കോസ് മാര്‍ ക്ലിമിസ് മെത്രാപ്പോലീത്ത എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു.

സമൂഹത്തിന് ഗുണകരമായ കാര്യങ്ങള്‍ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്ന് സംഗമത്തില്‍ ആഹ്വാനം ചെയ്തു. ഫൊറോന പള്ളി വികാരി ഫാ.ജോഷി ആളൂര്‍ അധ്യക്ഷത വഹിച്ചു. വാദ്യമേളത്തിന്റെയും പട്ടു കുടകളുടെയും അകമ്പടിയോടെ പിതാക്കന്മാര്‍ക്ക് സ്വീകരണവും നല്‍കി.

തുടര്‍ന്ന് യൂത്ത് കൗണ്‍സില്‍ രൂപീകരണം, സെമിനാര്‍, കലാപരിപാടികള്‍, സ്നേഹ വിരുന്ന് എന്നിവ നടന്നു. സ്വാഗത സംഘം ഭാരവാഹികളായ ഫാ.എഡ് വിന്‍ ഐനിക്കല്‍, എം.പി ഫ്രാന്‍സിസ്, ജനറല്‍ കണ്‍വീനര്‍ കെ.സി ഡേവിസ്, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് മാത്യൂസ് എം.രാജന്‍, ഫൈനാന്‍സ് കണ്‍വീനര്‍ സിജോ കൊള്ളന്നൂര്‍, പബ്ലിസിറ്റി കണ്‍വീനര്‍ പി.ബിജു ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ നടന്ന കൂട്ടായ്മയില്‍ വിശ്വാസികളും പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.