യു.എ.ഇയില്‍ സ്വകാര്യ ട്യൂഷനെടുക്കാന്‍ ഇനി അധ്യാപകര്‍ക്ക് ലൈസന്‍സ് വേണം; രണ്ട് വര്‍ഷം പെര്‍മിറ്റ് സൗജന്യം

യു.എ.ഇയില്‍ സ്വകാര്യ ട്യൂഷനെടുക്കാന്‍ ഇനി അധ്യാപകര്‍ക്ക് ലൈസന്‍സ് വേണം; രണ്ട് വര്‍ഷം പെര്‍മിറ്റ് സൗജന്യം

അബുദാബി: യു.എ.ഇയില്‍ സ്വകാര്യ ട്യൂഷനെടുക്കാന്‍ ഇനി അധ്യാപകര്‍ക്ക് ലൈസന്‍സ് വേണം. നിയമവിരുദ്ധമായ സ്വകാര്യ ട്യൂഷന്‍ ചെറുക്കാനാണ് 'പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ്' അവതരിപ്പിച്ചത്. സ്‌കൂള്‍ സമയത്തിന് പുറത്ത് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കാന്‍ അധ്യാപകരെ ഇത് അനുവദിക്കുന്നു. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പുതിയ പെര്‍മിറ്റ് സംവിധാനം കൊണ്ടുവന്നത്.

സ്വകാര്യ അധ്യാപക വര്‍ക്ക് പെര്‍മിറ്റ്, യോഗ്യതയുള്ള പ്രൊഫഷണലുകള്‍ക്ക് വ്യക്തിഗതമായോ ഗ്രൂപ്പായോ സ്വകാര്യ ട്യൂഷനെടുക്കാന്‍ അനുവദിക്കുന്നു.

അധ്യാപകര്‍, തൊഴില്‍രഹിതര്‍, 15-18 വയസ് പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സര്‍വകലാശാല വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെല്ലാം പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും. സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കും ട്യൂഷനെടുക്കാന്‍ അനുമതി ലഭിക്കും.

യോഗ്യരായ അപേക്ഷകര്‍ക്ക് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി പെര്‍മിറ്റിനായി അപേക്ഷിക്കാം. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍, 'സര്‍വീസസ്' ടാബിന് കീഴില്‍ 'പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ്' കണ്ടെത്താം.

രണ്ട് വര്‍ഷത്തെ പെര്‍മിറ്റ് സൗജന്യമാണ്. സ്വകാര്യ അധ്യാപകരെ നിയമവിരുദ്ധവും അനിയന്ത്രിതവുമായി റിക്രൂട്ട് ചെയ്യുന്നത് തടയുന്നതിനാണ് സ്വകാര്യ ട്യൂഷന്‍ നല്‍കാന്‍ യോഗ്യതയുള്ള വ്യക്തികള്‍ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അക്കാദമിക് അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ മുഅല്ല പറഞ്ഞു. യോഗ്യതയില്ലാത്തവരെ നിയമിക്കുന്നത് പഠന പ്രക്രിയയെ മൊത്തത്തില്‍ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഇനി സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകര്‍ പിഴയും മറ്റു നടപടികളും നേരിടേണ്ടിവരും. എന്നാല്‍ പിഴ സംഖ്യയോ പിഴയുടെ വിശദാംശങ്ങളോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.