ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍ ഇടം നേടി 'ദ ഫെയ്സ് ഓഫ് ദ ഫെയ്സ്‌ലെസ്'

ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍ ഇടം നേടി 'ദ ഫെയ്സ് ഓഫ് ദ  ഫെയ്സ്‌ലെസ്'

1995 ല്‍ മധ്യപ്രദേശില്‍ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിതം പ്രമേയമാവുന്ന ഷെയ്‌സണ്‍ പി. ഔസേഫ് സംവിധാനം ചെയ്ത 'ദി ഫെയ്‌സ് ഓഫ് ദ ഫെയ്സ്‌ലെസ്' ഇതിനോടകം അന്താരാഷ്ട്ര വേദികളില്‍ ശ്രദ്ധപിടിച്ചു പറ്റിക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രം ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള യോഗ്യത പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്.

ചിത്രത്തിനായി സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് ഒരുക്കിയ മൂന്ന് ഗാനങ്ങളാണ് ഒര്‍ജിനല്‍ സോങ് എന്ന വിഭാഗത്തില്‍ ഓസ്‌കര്‍ യോഗ്യത നേടിയിരിക്കുന്നത്. ആകെ വിവിധ ഭാഷകളില്‍ നിന്നുള്ള 94 ഗാനങ്ങളാണ് ഈ വിഭാഗത്തില്‍ മത്സരിക്കുന്നത്. ഇത് സംബന്ധിച്ച വിവരം ഓസ്‌കര്‍ സമിതിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ആകെ 94 ഗാനങ്ങളാണ് ഇപ്പോള്‍ ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഏക് സപ്നാ മേരാ സുഹാന, ജല്‍താ ഹേ സൂരജ്, മധ്യപ്രദേശിലെ ഗോത്ര വര്‍ഗവിഭാഗത്തിന്റെ തനിമയില്‍ തയ്യാറാക്കിയ പാട്ടുകളാണ് ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
പാരീസ് സിനി ഫിയസ്റ്റയില്‍ ബെസ്റ്റ് വുമന്‍സ് ഫിലിം പുരസ്‌കാരവും കാനഡയിലെ ടൊറന്റോ ഇന്‍ഡിപെന്‍ഡന്റ്‌റ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഹ്യൂമന്‍ റൈറ്റ്‌സ് ഫിലിം പുരസ്‌കാരവും ഉള്‍പ്പെടെ മുപ്പതോളം രാജ്യാന്തര പുരസ്‌കാരങ്ങളാണ് സിനിമ ഇതുവരെ സ്വന്തമാക്കിയത്. കൂടാതെ ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വിന്‍സി അലോഷ്യസിന് മികച്ച നടിക്കും സംവിധായകന്‍ ഷെയ്‌സണ്‍ പി. ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

ഇരുപത്തിയൊന്നാം വയസില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളില്‍ ഷെയ്‌സണ്‍ പി. ഔസേപ്പ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ തന്നെ വളരെയേറെ ശ്രദ്ധ നേടിയിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ചലച്ചിത്ര താരം വിന്‍സി അലോഷ്യസാണ് റാണി മരിയയായി വേഷം ഇട്ടിരിക്കുന്നത്. റാണി മരിയയാകുവാന്‍ വിന്‍സി നടത്തിയ മേക്കോവറും ഏറെ ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു.


1995ല്‍ മധ്യപ്രദേശില്‍ വച്ച് കൊലചെയ്യപ്പെട്ട റാണി മരിയയുടെ ജീവചരിത്രമായ 'ഫെയ്സ് ഓഫ് ഫെയ്സ്ലെസ്' ബോംബെയിലെ ട്രൈലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ സാന്ദ്ര ഡിസൂസ റാണയാണ് നിര്‍മ്മിച്ചത്. ജയപാല്‍ അനന്തന്‍ തിരക്കഥയും ദേശീയ പുരസ്‌കാരം നേടിയ ക്യാമറാമാന്‍ മഹേഷ് ആനെ ചായാഗ്രാഹണവും നിര്‍വഹിച്ചു. നൂറിലേറെ മലയാള ചലച്ചിത്രങ്ങളുടെ എഡിറ്റിങ് നിര്‍വഹിച്ച രഞ്ജന്‍ എബ്രഹാം ആണ് എഡിറ്റര്‍. കൈതപ്രമാണ് ഗാനരചന നിര്‍വഹിച്ചത്. നിര്‍മ്മാണ നിര്‍വഹണം ഷാഫി ചെമ്മാട്.

ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ), പൂനം (മഹാരാഷ്ട്ര), സ്‌നേഹലത (നാഗ്പൂര്‍), പ്രേംനാഥ് (ഉത്തര്‍പ്രദേശ്), അജീഷ് ജോസ്, ഫാദര്‍ സ്റ്റാന്‍ലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.