ശമനമില്ലാതെ മഴ: തമിഴ്‌നാട്ടില്‍ നാല് മരണം; ട്രെയിനില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്താന്‍ വ്യോമ സേന രംഗത്ത്

ശമനമില്ലാതെ മഴ: തമിഴ്‌നാട്ടില്‍ നാല് മരണം; ട്രെയിനില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്താന്‍ വ്യോമ സേന രംഗത്ത്

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴയെത്തുടര്‍ന്ന് നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ചയും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശം വിതച്ച കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുനെല്‍വേലി, തെങ്കാശി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളില്‍ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ നാല് ജില്ലകളിലായി ഏഴായിരത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. തൂത്തുക്കുടിയിലും തിരുനെല്‍വേലിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാരെ വിവിധയിടങ്ങളില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിയോഗിച്ചിട്ടുണ്ട്.

റെയില്‍പ്പാളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ തകരാറിലാവുകയും ചെയ്തു. അതേസമയം വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഭക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ ട്രെയിനിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടികള്‍ അടക്കം അഞ്ഞൂറോളം പേരെ രക്ഷിക്കാന്‍ തീവ്രശ്രമം നടക്കുകയാണ്. ഇവര്‍ക്ക് അടിയന്തരമായി ഭക്ഷണം എത്തിച്ചു നല്‍കാന്‍ വ്യോമസേന നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.

സുളൂര്‍ വ്യോമതാവളത്തില്‍ നിന്ന് രണ്ട് ടണ്ണോളം ഭക്ഷ്യ വസ്തുക്കളുമായി ഹെലികോപ്റ്റര്‍ എത്തിയെങ്കിലും കനത്ത വെള്ളപ്പാച്ചില്‍ തുടരുന്നതിനാല്‍ ഇതു നിലത്തിറക്കാനായില്ല. ട്രെയിനിലുള്ള എണ്ണൂറോളം പേരില്‍ 300 പേരെ സമീപത്തെ സ്‌കൂളിലേക്കു മാറ്റിയത് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ്. മറ്റുള്ളവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത വിധം കനത്ത വെള്ളപ്പാച്ചിലാണ് പ്രദേശത്തുള്ളത്.

തിരുച്ചെന്തൂര്‍ തിരുനെല്‍വേലി സെക്ഷനുകളില്‍ക്കിടില്‍ ശ്രീവൈകുണ്ഠപുരം സ്റ്റേഷനിലാണ് ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ഈ ഭാഗത്തെ ഏഴ് കിലോമീറ്ററിലധികം വരുന്ന റെയില്‍ പാതയുടെ അടിയില്‍ നിന്ന് മണ്ണൊലിച്ചു പോയ നിലയിലാണ്. വൈദ്യുതി ബന്ധം നിലച്ചതും ആവശ്യത്തിന് വെളിച്ചമില്ലാതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരിക്കുകയാണ്.

അതേസമയം കന്യാകുമാരിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയ്ക്ക് ഇന്നലെ നേരിയ ശമനം ഉണ്ടായിരുന്നു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ജില്ലാ ഭരണകൂടം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 11 ക്യാംപുകളിലായി 553 പേരെയാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്. വെള്ളം കയറിയ പ്രദേശങ്ങള്‍ മന്ത്രി ടി.മനോ തങ്കരാജ്, ജില്ലാ കളക്ടര്‍ പി.എന്‍ ശ്രീധര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

കന്യാകുമാരി വിവേകാനന്ദസ്മാരകത്തിലേക്കുള്ള ബോട്ട് സര്‍വീസ് രണ്ടാം ദിനമായ ഇന്നലെയും നിര്‍ത്തി വച്ചു. ജില്ലയിലെ പ്രധാന ജലസംഭരണികളായ പേച്ചിപ്പാറ, പെരുഞ്ചാണി എന്നിവിടങ്ങളില്‍ നിന്ന് 4600 ഘനഅടി ഉപരിജലം വീതം തുറന്നുവിടുന്നുണ്ട്. തിരുനെല്‍വേലി ജില്ലയിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയ്ക്ക് ഇന്നലെ പകല്‍ നേരിയ ശമനമുണ്ട്. തിരുനെല്‍വേലിയില്‍ നിന്നു നാഗര്‍കോവിലിലേക്ക് മാത്രമേ നിലവില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് സര്‍വീസ് നടത്തുന്നുള്ളൂ.

തുത്തൂക്കുടി, തിരുച്ചെന്തൂര്‍, തെങ്കാശി എന്നിവിടങ്ങളിലേക്കുള്ള ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. തെങ്കാശി കുറ്റാലത്തും പഴയകുറ്റാലത്തും അഞ്ചരുവിയിലും സഞ്ചാരികളുടെ പ്രവേശനം വിലക്കി. ശബരിമല സീസണ്‍ ആയതിനാല്‍ തീര്‍ഥാടകരുടെ വലിയ തിരക്കിലാണ് കുറ്റാലം. നീരൊഴുക്ക് ശാന്തമാകാതെ വെള്ളച്ചാട്ടങ്ങളിലേക്ക് സഞ്ചാരികളെ കയറ്റിവിടില്ല.

തമിഴ്‌നാട്ടിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് കേരളത്തിലൂടെ സര്‍വീസ് നടത്തുന്നത് അടക്കമുള്ള 17 ട്രെയിനുകള്‍ റദ്ദാക്കി. ചിലത് വഴി തിരിച്ചു വിട്ടു. തിരുനെല്‍വേലി, തിരിച്ചെന്തൂര്‍, തെങ്കാശി, തൂത്തുക്കുടി ഉള്‍പ്പെടെയുള്ള മേഖലകളിലെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി.

ഇന്ന് വിരുദുനഗര്‍, മധുര ജില്ലകളില്‍ ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇരു ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടി, തേനി, നീലഗിരി, ഡിണ്ടിഗല്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ ഇന്നു വൈകിട്ടോടെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് വിവരം. അതേസമയം തെക്കന്‍ തമിഴ്നാട്ടിലെ 39 പ്രദേശങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാലു ജില്ലകളില്‍ ഇന്നും റെഡ് അലേര്‍ട്ട് മുന്നറിയിപ്പു തുടരും.

സ്ഥിതിഗതികള്‍ കണക്കിലെടുത്ത് തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് 67 ഫയര്‍ എന്‍ജിനുകളും 43 ബോട്ടുകളും സഹിതം 1,000 അഗ്‌നിശമന സേനാംഗങ്ങളെ അയച്ചു. വ്യോമസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ ജില്ലയിലും മന്ത്രിമാരെയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ആളുകളെ നേരത്തെ ഒഴിപ്പിക്കാന്‍ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണ സേനകളും ദുരിതബാധിത ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് തുടരുകയാണ്. ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരില്‍ക്കണ്ട് സ്ഥിഗതികള്‍ അറിയിക്കും.

കോയമ്പത്തൂരിലെത്തിയ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രളയ ബാധിത മേഖലകളിലെ സ്ഥിതി വിലയിരുത്തി. ദുരിത മേഖലകളില്‍ ഗവര്‍ണര്‍ നേരിട്ടെത്തി യോഗം വിളിച്ചതില്‍ സര്‍ക്കാരിന് അതൃപ്തിയുണ്ട്. ഇന്നലെ രാവിലെ കോയമ്പത്തൂരിലെത്തിയ മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.