പ്രതിപക്ഷം പുറത്ത്; സുപ്രധാന ക്രിമിനല്‍ ഭേദഗതി ബില്ലുകള്‍ ലോക്‌സഭ പാസാക്കി: സിആര്‍പിസിയില്‍ ഒമ്പത് പുതിയ വകുപ്പുകള്‍ കൂടി

പ്രതിപക്ഷം പുറത്ത്; സുപ്രധാന ക്രിമിനല്‍ ഭേദഗതി ബില്ലുകള്‍ ലോക്‌സഭ പാസാക്കി: സിആര്‍പിസിയില്‍ ഒമ്പത് പുതിയ വകുപ്പുകള്‍ കൂടി

ന്യൂഡല്‍ഹി: പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഷനിലൂടെ പുറത്താക്കി രാജ്യത്തെ സുപ്രധാന ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതുന്ന ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ പാസാക്കി.

ക്രിമിനല്‍ നിയമങ്ങളുടെ പരിഷ്‌കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകളാണ് ലോക്സഭ ഇന്ന് പാസാക്കിയത്.

ഭീകര വാദത്തിന്റെ വിപുലീകരിച്ച നിര്‍വചനം, ആള്‍ക്കൂട്ട കൊലപാതകത്തിനുള്ള ശിക്ഷ തുടങ്ങി നിരവധി മാറ്റങ്ങളുമായാണ് പുതിയ ക്രിമിനല്‍ നിയമങ്ങളെത്തുന്നത്. ഇതിന് പുറമെ പല സുപ്രധാന മാറ്റങ്ങളും ബില്ലില്‍ ഉള്‍പ്പെടുന്നുണ്ട്. പുതിയ ഭേദഗതിയോടെ സിആര്‍പിസിയില്‍ ഒമ്പത് പുതിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓഗസ്റ്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ പിന്‍വലിച്ച് ഭേദഗതി വരുത്തിയ ശേഷം പുതിയ ബില്ലുകളായി ചൊവ്വാഴ്ച വീണ്ടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയുടെ പരിഗണനയ്ക്ക് വെച്ചിരുന്നു. പ്രതിപക്ഷത്തെ മൂന്നില്‍ രണ്ട് എംപിമാരും സസ്പെന്‍ഡ് ചെയ്യപ്പെട്ട് പുറത്തു നില്‍ക്കുമ്പോള്‍ ശബ്ദ വോട്ടോടെയാണ് ബില്ലുകള്‍ ലോക്സഭയില്‍ പാസാക്കിയെടുത്തത്.

1860-ലെ ഇന്ത്യന്‍ ശിക്ഷാ നിയമവും (ഐ.പി.സി), 1898 ലെ ക്രിമിനല്‍ നടപടിച്ചട്ടവും (സി.ആര്‍.പി.സി), 1872 ലെ ഇന്ത്യന്‍ തെളിവ് നിയമത്തിനും പകരമായിട്ടാണ് യഥാക്രമം ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്), ഭാരതീയ സാക്ഷ്യ (ബി.എസ്) നിയമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചത്.

543 അംഗ ലോക്സഭയില്‍ ഒഴിവുള്ള സീറ്റുകള്‍ കഴിച്ചാല്‍ 522 അംഗങ്ങളാണുള്ളത്. ഇതില്‍ പ്രതിപക്ഷത്തെ 95 പേരേയും കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരായ തോമസ് ചാഴിക്കാടനേയും എ.എം. ആരിഫിനേയും ഇന്ന് സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ബില്ലുകള്‍ പാസാക്കിയത്.

സഭയില്‍ ബാക്കിയുള്ള 45 പ്രതിപക്ഷ എം.പിമാരില്‍ 34 പേരും നിര്‍ണായക ഘട്ടങ്ങളില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ്.

കൊളോണിയല്‍ ചിന്താഗതിയില്‍ നിന്നും അടയാളങ്ങളില്‍ നിന്നും രാജ്യത്തെ ജനങ്ങളെ മോചിപ്പിക്കുന്ന പുതിയ നിയമങ്ങള്‍, ഇന്ത്യന്‍ ചിന്താധാര അടിസ്ഥാനമാക്കിയാണ് നിര്‍മിക്കപ്പെട്ടതെന്ന് അമിത് ഷാ അവകാശപ്പെട്ടു.

കേസില്‍പ്പെട്ട് രാജ്യത്തിന് പുറത്തുള്ളവര്‍ 90 ദിവസത്തിനകം കോടതിക്കുമുമ്പാകെ ഹാജരായില്ലെങ്കില്‍ അവരുടെ അസാന്നിധ്യത്തിലും വിചാരണ മുന്നോട്ടുകൊണ്ടുപോകുന്ന ട്രയല്‍ ഇന്‍ ആബ്ഷന്‍സ്യ എന്ന വ്യവസ്ഥ പുതിയ നിയമ പ്രകാരമുണ്ടാവും.

കുറ്റവിമുക്തനക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ പ്രതിക്ക് ഏഴ് ദിവസത്തെ സമയം ലഭിക്കും. ആ ഏഴ് ദിവസത്തിനുള്ളില്‍ ജഡ്ജി വാദം കേള്‍ക്കണം. 120 ദിവസത്തിനുള്ളില്‍ കേസ് വിചാരണയ്ക്ക് വരും. കുറ്റകൃത്യം നടന്ന് 30 ദിവസത്തിനുള്ളില്‍ ഒരാള്‍ കുറ്റം സമ്മതിച്ചാല്‍ ശിക്ഷയില്‍ കുറവ് വരുമെന്നും ചര്‍ച്ചയ്ക്കിടെ അമിത് ഷാ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.