2023ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സാത്വിക്കിനും ചിരാഗിനും ഖേല്‍ രത്‌ന, മുഹമ്മദ് ഷമിക്ക് അര്‍ജുന

2023ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സാത്വിക്കിനും ചിരാഗിനും ഖേല്‍ രത്‌ന, മുഹമ്മദ് ഷമിക്ക് അര്‍ജുന

ന്യൂ ഡല്‍ഹി: 2023ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ പുതിയ ബാഡ്മിന്റണ്‍ വാഗ്ദാനങ്ങളായ ചിരാഗ് ഷെട്ടി, സാത്വിക് സായ്‌രാജ് റങ്കിറെഡ്ഢി എന്നിവര്‍ക്ക് പരമോന്നത കായിക പുരസ്‌കാരമായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പ്രഖ്യാപിച്ചു.

രാജ്യത്തിലെ കായിക താരങ്ങള്‍ക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയാണ് യുവ ബാഡ്മിന്റണ്‍ താരങ്ങളെ തേടിയെത്തിയത്. ഇതിന് പുറമെ ക്രിക്കറ്റര്‍ മുഹമ്മദ് ഷമി അടക്കം 26 പേര്‍ക്ക് അര്‍ജുന അവാര്‍ഡും പ്രഖ്യാപിച്ചു.

ചെസിലെ പുത്തന്‍ വിസ്മയമായി മാറിയ ആര്‍ പ്രഗ്നാനന്ദയുടെ കോച്ച് ആര്‍ബി രമേഷ് അടക്കം അഞ്ചു പേര്‍ക്ക് മികച്ച കോച്ചിനുള്ള ദ്രോണാചാര്യ അവാര്‍ഡും പ്രഖ്യാപിച്ചു. ഇതില്‍ മൂന്നുപേര്‍ക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരമാണ് നല്‍കിയത്.

ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടമടക്കം സുവര്‍ണ വര്‍ഷമായിരുന്നു സാത്വിക്, ചിരാഗ് താരങ്ങള്‍ക്ക്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്, സ്വിസ് ഓപ്പണ്‍, ഇന്‍ഡൊനേഷ്യ ഓപ്പണ്‍, കൊറിയ ഓപ്പണ്‍ എന്നീ ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയ സഖ്യം അടുത്തിടെ അവസാനിച്ച ചൈന മാസ്റ്റേഴ്‌സിന്റെ ഫൈനലിലുമെത്തിയിരുന്നു.

ഈ വിജയങ്ങളോടെ ലോക റാങ്കിംഗിന്റെ തലപ്പത്തെത്തിയ ഇവരുടെ സഖ്യം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ സഖ്യം എന്ന ചരിത്രനേട്ടവും കൈവരിച്ചിരുന്നു. ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ഇരുവരും ചേര്‍ന്ന് നടത്തിയ ജൈത്രയാത്രയാണ് ഇരുവരെയും പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്‌നയ്ക്ക് അര്‍ഹരാക്കിയത്.

അര്‍ജുന അവാര്‍ഡ് ജേതാക്കളില്‍ ഏക ക്രിക്കറ്ററാണ് മുഹമ്മദ് ഷമി. ലോകകപ്പിലെ അവിസ്മരണീയ പ്രകടനമാണ് അര്‍ജുന അവാര്‍ഡിന് ഷമിയെ അര്‍ഹനാക്കിയത്.

ആദ്യ നാല് മല്‍സരങ്ങളില്‍ കളിക്കാതിരുന്ന ഷമി പാണ്ഡ്യയുടെ പരിക്കിനെ തുടര്‍ന്നാണ് അഞ്ചാം മല്‍സരത്തില്‍ ടീമിലിടം നേടുന്നത്. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ നിന്നായി 24 വിക്കറ്റോടെ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാവുകയായിരുന്നു ഷമി.

ബ്ലൈന്‍ഡ് ക്രിക്കറ്റര്‍ അജയ് കുമാര്‍ റെഡ്ഢിയാണ് അര്‍ജുന സ്വന്തമാക്കിയ മറ്റൊരു ക്രിക്കറ്റ് താരം.

മറ്റ് അര്‍ജുന അവാര്‍ഡ് ജേതാക്കള്‍

അത്‌ലറ്റിക്‌സ് - മുരളി ശ്രീശങ്കര്‍, പാരുള്‍ ചൗധരി
ആര്‍ച്ചറി - അദിതി സ്വാമി, ഓജസ് പ്രവിന്‍ ഡിയോടെല്‍
ഷൂട്ടിംഗ് ഐശ്വരി പ്രതാപ് സിംഗ് തോമര്‍, ഇഷ സിംഗ്

ഗുസ്തി - സുനില്‍ കുമാര്‍, അന്റിം പാന്‍ഗല്‍
സ്‌ക്വാഷ് - ഹരിന്ദര്‍ പല്‍ സിംഗ് സന്ദു, റോഷിബിന ദേവി
തുഴച്ചില്‍ - ഐഹിക മുഖര്‍ജി

ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടമാണ് ഇവരെ എല്ലാവരെയും അര്‍ജുന അവാര്‍ഡിന് അര്‍ഹരാക്കിയത്.

ഗോള്‍ഫര്‍ ദീക്ഷ ദാഗര്‍, പ്രഗ്നാനന്ദയുടെ സഹോദരി അടുത്തിടെ ഗ്രാന്റ് മാസ്റ്റര്‍ പട്ടം നേടിയ ആര്‍ വൈശാലി എന്നിവരും അര്‍ജുന അവാര്‍ഡിന് അര്‍ഹരായി. പാരാ അത്‌ലെറ്റുകളായ ശീതള്‍ ദേവി, പ്രാച്ചി യാദവ് എന്നിവര്‍ക്കും അര്‍ജുന പുരസ്‌കാരമുണ്ട്.

കായികാധ്യാപകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരത്തിന് റെസ്ലിംഗ് കോച്ച് ലളിത് കുമാര്‍, പാര അത്‌ലറ്റിക്‌സ് കോച്ച് മഹാവീര്‍ പ്രസാദ് സെയ്‌നി, ഹോക്കി കോച്ച് ശിവേന്ദ്ര സിംഗ്, ഗണേഷ് പ്രഭാകര്‍ ദേവ്രുഖര്‍ എന്നിവര്‍ അര്‍ഹരായി.

ലൈഫ് ടൈം അച്ചീവ്‌മെന്റ് വിഭാഗത്തില്‍ ഗോള്‍ഫ് കോച്ച് ജസ്‌കീരത് സിംഗ് ഗ്രേവല്‍, കബഡി കോച്ച് ഭാസ്‌കരന്‍ ഇ, ടേബിള്‍ ടെന്നിസ് കോച്ച് ജയന്ത കുമാര്‍ പുഷിലാല്‍ എന്നിവരും അര്‍ഹരായി.

ജനുവരി 9ന് രാഷ്ട്രപതി ഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍വെച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.