പ്രതിഷേധം ഫലം കണ്ടു; കേക്കുകളില്‍ ഇനി ക്രിസ്മസ് എന്ന വാക്ക് ഉപയോഗിക്കാം; നിരോധനം നീക്കി മലേഷ്യന്‍ സര്‍ക്കാര്‍

പ്രതിഷേധം ഫലം കണ്ടു; കേക്കുകളില്‍ ഇനി ക്രിസ്മസ് എന്ന വാക്ക് ഉപയോഗിക്കാം; നിരോധനം നീക്കി മലേഷ്യന്‍ സര്‍ക്കാര്‍

ക്വാലാലംപൂര്‍: മലേഷ്യയില്‍ ബേക്കറികള്‍ക്ക് ഇനി ധൈര്യമായി കേക്കുകളില്‍ ക്രിസ്മസ് ആശംസ എഴുതി പ്രദര്‍ശത്തിനു വയ്ക്കാം. 2020 മുതല്‍ ക്രിസ്മസ് ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം മലേഷ്യ നീക്കി. ഇതോടെ മൂന്ന് വര്‍ഷമായി മലേഷ്യയിലെ ഹലാല്‍ ബേക്കറികളില്‍ നിന്നും വിട്ടുനിന്നിരുന്ന ആശംസകളെഴുതിയ ക്രിസ്മസ് കേക്കുകള്‍ മാര്‍ക്കറ്റില്‍ തിരിച്ചെത്തി.

കേക്കുകളില്‍ 'ഹാപ്പി ക്രിസ്മസ്' എന്ന ആശംസ എഴുതാനാവില്ലെന്ന മലേഷ്യയിലെ ബേക്കറികളുടെ നിലപാട് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കപ്പെടുമെന്ന ഭയത്താലാണ് കേക്കില്‍ ക്രിസ്മസ് എന്ന വാക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. ബേക്കറികള്‍ക്കെതിരേ ക്രൈസ്തവ വിശ്വാസികളുടെ ബഹിഷ്‌കരണ ആഹ്വാനവുമുണ്ടായി. ഇതേ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഏജന്‍സിയായ ഇസ്ലാമിക് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മലേഷ്യയുടെ മനംമാറ്റം.

2020 ലാണ് ഇസ്ലാമിക് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മലേഷ്യയാണ് ക്രിസ്മസ് ക്രിസ്മസ് ആശംസകളോടെയുള്ള ഭക്ഷ്യവസ്തുക്കളുടെ പൊതു പ്രദര്‍ശനത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഉത്സവ ആശംസകള്‍ കേക്കുകളിലോ സമാന ഭക്ഷ്യവസ്തുക്കളിലോ എഴുതുന്നതിന് ഇനി നിയന്ത്രണമില്ലെന്നും ഇസ്ലാമിക് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മലേഷ്യ ഇന്നലെ പുറത്തിറക്കിയ പ്രസ്താവയില്‍ അറിയിച്ചു. ഇതോടെ മലേഷ്യയിലെ ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ബേക്കറികള്‍ക്ക് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും സാധിക്കും.

ക്രിസ്മസിന് 'മെറി ക്രിസ്മസ്' എന്നെഴുതിയ കേക്കുകള്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടപ്പോള്‍, ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടമാകുമെന്ന ഭയത്താല്‍ വ്യാപാരികള്‍ അത്തരം ആവശ്യങ്ങളെ നിരസിച്ചിരുന്നു. എന്നാല്‍ വിലക്ക് നീക്കിയതിനാല്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന തരത്തില്‍ ആശംസകള്‍ എഴുതിയ കേക്കുകള്‍ നല്‍കാന്‍ കഴിയും.

കൂടുതല്‍ വായനയ്ക്ക്:

കേക്കില്‍ 'ക്രിസ്മസ്' എന്ന വാക്കിന് നിരോധനം; മലേഷ്യയിലെ പ്രമുഖ ബേക്കറി ശൃംഖലയുടെ തീരുമാനം ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.