കേക്കില്‍ 'ക്രിസ്മസ്' എന്ന വാക്കിന് നിരോധനം; മലേഷ്യയിലെ പ്രമുഖ ബേക്കറി ശൃംഖലയുടെ തീരുമാനം ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍

കേക്കില്‍ 'ക്രിസ്മസ്' എന്ന വാക്കിന് നിരോധനം; മലേഷ്യയിലെ പ്രമുഖ ബേക്കറി  ശൃംഖലയുടെ തീരുമാനം ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍

ക്വാലാലംപൂര്‍: കേക്കുകളില്‍ 'മെറി ക്രിസ്മസ്' എന്ന ആശംസ എഴുതാനാവില്ലെന്ന മലേഷ്യയിലെ പ്രശസ്ത ബേക്കറി ശൃംഖലയുടെ നിലപാടിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഗ്രേറ്റര്‍ ക്വാലാലംപൂരിലെ 29 വര്‍ഷം പഴക്കമുള്ള ബേക്കറി ശൃംഖലയായ ബെറിസ് കേക്ക് ഹൗസാണ് വിവാദ തീരുമാനം കൈക്കൊണ്ടത്. ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ പോലും കേക്കില്‍ 'ക്രിസ്മസ്' എന്ന വാക്ക് എഴുതേണ്ടതില്ലെന്ന നിലപാടിലാണ് അധികൃതര്‍. ഇതേതുടര്‍ന്ന് ബേക്കറിയുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും ഉയര്‍ന്നുകഴിഞ്ഞു. 10 ഔട്ട്ലെറ്റുകളാണ് ബെറിസ് കേക്ക് ഹൗസിനുള്ളത്.

ബേക്കറിയുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കപ്പെടുമെന്ന ഭയത്താലാണ് കേക്കില്‍ ക്രിസ്മസ് എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. അതിനു പകരം 'സീസണ്‍സ് ഗ്രീറ്റിംഗ്‌സ്' എന്ന് എഴുതി നല്‍കാനും കമ്പനി ജീവനക്കാര്‍ക്കു നല്‍കിയ അറിയിപ്പില്‍ പറയുന്നു.

ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ളതിനാല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇസ്ലാമിക് ഡെവലപ്മെന്റ് മലേഷ്യ അനുശാസിക്കുന്ന രീതിയില്‍ ഞങ്ങള്‍ക്കു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ബെറിയുടെ ഓപ്പറേഷന്‍സ് മാനേജര്‍ ഡാനിയല്‍ ടിയോ പറഞ്ഞു.

സംഭവം വിവാദമായതിനെതുടര്‍ന്ന് ക്രിസ്മസ് സീസണില്‍ എല്ലാ ഹലാല്‍ ബേക്കറികളും ബഹിഷ്‌കരിക്കുമെന്ന് പലരും സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി. 'മെറി ക്രിസ്മസ്', അല്ലെങ്കില്‍ 'ഹാപ്പി ക്രിസ്തുമസ്' എന്നീ വാക്കുകള്‍ കേക്കുകളില്‍ ഉപയോഗിക്കുന്നതു കൊണ്ട് എന്ത് കുഴപ്പമാണ് സംഭവിക്കുകയെന്നാണ് പലരും ചോദിക്കുന്നത്.

'മറ്റ് ബേക്കറികളും ഇതേ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍, അവരോട് വിടപറയാനുള്ള സമയമാണിതെന്ന് ഒരു ഉപഭോക്താവിനെ ഉദ്ധരിച്ച് യു.സി.എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മതപരമായ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും പൂര്‍ണമായ ലംഘനമാണ് ഈ തീരുമാനമെന്ന അഭിപ്രായമാണ് വിശ്വാസികള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.