പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലി ആശയക്കുഴപ്പം; നിതീഷ് കുമാറുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലി ആശയക്കുഴപ്പം; നിതീഷ് കുമാറുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് അടുത്ത സാഹചര്യത്തില്‍ ഇന്ത്യാ മുന്നണിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുന്നു എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഫോണില്‍ സംസാരിച്ച് രാഹുല്‍ ഗാന്ധി. ഇന്നലെ വൈകുന്നേരമായിരുന്നു ഇരുവരുടെയും ഫോണ്‍ സംഭാഷണം.

സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. ബുധനാഴ്ചത്തെ യോഗവുമായി ബന്ധപ്പെട്ട വിഷയം ഇരുവരും സംസാരിച്ചതായാണ് വിവരം. പ്രധാനമന്ത്രിയുടെയോ സഖ്യത്തിന്റെ കണ്‍വീനറുടെയോ മുഖമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഉയര്‍ത്തിക്കാട്ടണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു.

ഇതിനു പിന്നില്‍ ഗാന്ധി കുടുംബത്തിന്റെയും നിതീഷ് കുമാറിന്റെയും വഴി തടയുകയാണ് ലക്ഷ്യമെന്ന് നേരത്തെ ആരോപണങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ നിതീഷുമായി സംസാരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. മമതയെയും കെജരിവാളിനെയും ഇക്കാര്യത്തില്‍ ഖാര്‍ഗെ തിരുത്തിയെങ്കിലും ഇന്ത്യ മുന്നണിയില്‍ തര്‍ക്കം കെട്ടടങ്ങിയിട്ടില്ല.

തന്റെ പ്രധാനമന്ത്രി മോഹത്തെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്താന്‍ നിതീഷ് ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ പലപ്പോഴായി ജെ.ഡി.യു നേതാക്കള്‍ ഇതു സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഉണ്ടായിരിക്കേണ്ട എല്ലാ യോഗ്യതകളുമുള്ള വ്യക്തിയാണ് നിതീഷെന്നായിരുന്നു ജെ.ഡി.യു നേതാക്കളുടെ അഭിപ്രായം.

ബുധനാഴ്ചത്തെ യോഗത്തിനിടെ നിതീഷിന്റെ പ്രസംഗം ഡിഎംകെ നേതാവ് ടി.ആര്‍ ബാലുവിന്റെ ആവശ്യപ്രകാരം മനോജ് കെ.ഝാ തര്‍ജ്ജമ ചെയ്തതും അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണെന്നും അത് നാം അറിഞ്ഞിരിക്കണമെന്നുമായിരുന്നു നിതീഷിന്റെ പ്രതികരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.