ഫ്രഞ്ച് പ്രസിഡന്റ് അടുത്ത മാസം ഡല്‍ഹിയില്‍; കൂടുതല്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ

ഫ്രഞ്ച് പ്രസിഡന്റ് അടുത്ത മാസം ഡല്‍ഹിയില്‍; കൂടുതല്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം ഫ്രാന്‍സ് ഔദ്യോഗികമായി സ്വീകരിച്ചു. 2024ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യ അതിഥിയായിട്ടാണ് മാക്രോണ്‍ എത്തുക.

അതേസമയം ക്ഷണിച്ചതിന് നന്ദി പറഞ്ഞ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തെത്തി. പ്രിയ സുഹൃത്ത് നരേന്ദ്ര മോഡി ക്ഷണിച്ചതിന് നന്ദി. ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ നിങ്ങളോടൊപ്പം താനും അവിടെയുണ്ടാകും. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ മാക്രോണ്‍ കുറിച്ചു. മാക്രോണ്‍ പങ്കെടുക്കുമെന്ന് എലിസീ ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ കൊട്ടാരം ഇതിന് മുന്‍പ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാക്രോണ്‍ സ്വന്തം എക്‌സ് അക്കൗണ്ടിലൂടെ വിവരം പങ്കുവെച്ചത്.

സൈന്യത്തെ ശക്തിപ്പെടുത്തുകയും ആയുധ ശേഖരം ആധുനിക വല്‍കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കൂടുതല്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിടാനിരിക്കുകയാണ് ഇന്ത്യ. ഫ്രാന്‍സുമായുള്ള ബന്ധം കൂടുതല്‍ ശക്തമായ സാഹചര്യത്തിലാണ് മാക്രോണിനെ മോഡി ക്ഷണിച്ചത്.

ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദര്‍ശന വേളയില്‍ ജനുവരിയില്‍ തന്നെ 52,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് സൂചന. അടുത്തിടെ ഫ്രാന്‍സ് ദേശീയ ദിനത്തില്‍ മുഖ്യ അതിഥിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ അദേഹം പാരീസില്‍ എത്തിയിരുന്നു.
ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ മുമ്പും ഫ്രഞ്ച് പ്രസിഡന്റുമാര്‍ പങ്കെടുത്തിട്ടുണ്ട്. മാക്രോണിന് മുമ്പ് അഞ്ച് ഫ്രാന്‍സ് പ്രസിഡന്റുമാരാണ് റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥിയായി ഡല്‍ഹിയില്‍ എത്തിയത്.

യു.എസ് പ്രസിഡന്റ് ജോ ബൈഡനെയായിരുന്നു ആദ്യം റിപ്പബ്ലിക് ദിന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണം എത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് മാക്രോണിനെ ക്ഷണിച്ചത്. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ സുദൃഢമായ സുഹൃദ് ബന്ധമാണുള്ളത്. ജി20 ഉച്ചകോടിയ്ക്കായി ഈ വര്‍ഷം സെപ്റ്റംബറില്‍ മാക്രോണ്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ജൂലൈയില്‍ നടന്ന ഫ്രാന്‍സിന്റെ ബാസ്റ്റില്‍ ഡേ പരേഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരുന്നു മുഖ്യാതിഥി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.