'ശബ്ദം ഉയര്‍ത്തി കാര്യം നേടാമെന്ന് കരുതേണ്ട'; മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെയുള്ള കേസില്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ മുഖ്യമന്ത്രി

'ശബ്ദം ഉയര്‍ത്തി കാര്യം നേടാമെന്ന് കരുതേണ്ട'; മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെയുള്ള കേസില്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയ്ക്കതെതിരെ ഗൂഢാലോചന കേസ് എടുത്ത പൊലീസ് നടപടി തെറ്റെങ്കില്‍ തെളിവുകള്‍ ഹാജരാക്കിക്കൊള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന എന്നാല്‍ ഗൂഢാലോചന തന്നെയാണെന്നും മാധ്യമ പ്രവര്‍ത്തനത്തിന് ഇവിടെ ആരും ഒരു തടസവും ഉണ്ടാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരും അതിന്റെ മേലെ കുതിര കയറുന്നില്ല. മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ കേസ് എടുത്തതില്‍ തനിക്ക് വിശ്വാസക്കുറവില്ല. നിങ്ങളുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്തുന്നവരുണ്ട്. അത് നടത്തിയാല്‍ കേസും വരും. ശബ്ദമുയര്‍ത്തി കാര്യങ്ങള്‍ നേടിക്കളയാമെന്ന് കരുതേണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

കേസ് എടുത്തത് ശരിയല്ലെങ്കില്‍ നിങ്ങള്‍ അത് ചോദ്യം ചെയ്തോളൂ. പൊലീസ്, പൊലീസിന്റെ നടപടിയാണ് സ്വീകരിച്ചത്. പൊലീസിന്റെ മുന്നിലെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുക്കുന്നത്. നിങ്ങളുടെ അടുത്ത് തെളിവ് ഇല്ലല്ലോയെന്നും നിങ്ങള്‍ പറയുന്നത് ഊഹത്തിന്റെ അടിസ്ഥാനത്തിലാണെന്നും പൊലീസ് നടപടിയില്‍ തെറ്റുണ്ടെങ്കില്‍ അതില്‍ നടപടികള്‍ സ്വീകരിച്ചോളൂ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇതുപോലൊരു പരിപാടി നടക്കുമ്പോള്‍ അടിച്ചോണ്ടിരിക്കാന്‍ പറയുന്ന ഒരു നേതാവിനെ നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അതാണോ പൊതു സംസ്‌കാരം? നിങ്ങള്‍ക്ക് ആര്‍ക്കും അതൊരു പ്രശ്‌നമായി തോന്നുന്നില്ലല്ലോ. ഞാന്‍ പറഞ്ഞത് നിങ്ങള്‍ മറച്ചുവയ്ക്കുന്നു. കല്യാശേരി മണ്ഡലത്തില്‍ ബസിനു മുന്നില്‍ അവര്‍ ചാടിയപ്പോള്‍ ഇത് പ്രകോപനം സൃഷ്ടിക്കാനാണെന്ന് അന്നുതന്നെ പറഞ്ഞിരുന്നു. ആരും പ്രകോപനത്തില്‍ കുടുങ്ങരുതെന്നും പറഞ്ഞിരുന്നു. അതുതന്നെയാണ് സംഭവിച്ചത്. സംയമനം പാലിക്കാന്‍ താന്‍ പറയുമ്പോഴും മറുഭാഗത്തുനിന്ന് അടിക്കാനുള്ള നിര്‍ദേശമാണ് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.