ഇസ്ലാമിക് സ്റ്റേറ്റിനായി 'കാമികാസെ' ഡ്രോണ്‍ നിര്‍മ്മിച്ചു; എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് യു.കെയില്‍ ജീവപര്യന്തം തടവ്

ഇസ്ലാമിക് സ്റ്റേറ്റിനായി 'കാമികാസെ' ഡ്രോണ്‍ നിര്‍മ്മിച്ചു; എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് യു.കെയില്‍ ജീവപര്യന്തം തടവ്

ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയ്ക്കായി 'കാമികാസെ' എന്ന ഡ്രോണ്‍ നിര്‍മ്മിച്ചതിന് യു.കെയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ജീവപര്യന്തം തടവ്. കവെന്‍ട്രിയില്‍ നിന്നുള്ള ഇരുപത്തിയേഴുകാരനായ മുഹമ്മദ് അല്‍ ബാരെദ് എന്നയാളാണ് 3ഡി പ്രിന്റര്‍ ഉപയോഗിച്ച് ആയുധം നിര്‍മിച്ചത്. ബോംബോ രാസായുധമോ ഒരു സ്ഥലത്ത് എത്തിക്കാനുള്ള കഴിവുള്ള ഡ്രോണാണ് നിര്‍മ്മിച്ചത്. ഇതിന് പിന്നാലെ ജനുവരിയിലാണ് തീവ്രവാദ സംഘടനയുമായി പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി ജഡ്ജി പോള്‍ ഫാരര്‍ കെ.സി പ്രതിയെ കുറഞ്ഞത് 20 വര്‍ഷം തടവിനായി ശിക്ഷിക്കുകയായിരുന്നു.

അല്‍ ബാരെദ് ഐഎസില്‍ ചേരാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് കണ്ടെത്തി. 'ഒന്നിലധികം ജീവനുകള്‍ അപകടപ്പെടുത്തുന്ന ലക്ഷ്യത്തോടെയാണ് പ്രതി പ്രവര്‍ത്തിച്ചതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. കവെന്‍ട്രിയിലെ പ്രതിയുടെ വീട്ടില്‍ നിന്നും ഡ്രോണ്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ത്രീഡി പ്രിന്ററും ഉപകരണവും കണ്ടെത്തിയിട്ടും ഐഎസിനെ പിന്തുണയ്ക്കുന്നില്ലെന്നായിരുന്നു അല്‍ ബറേദിന്റെ വാദം.

ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ പഠിക്കുകയും ലേസര്‍ ഡ്രില്ലിംഗില്‍ വൈദഗ്ധ്യം നേടുകയും ചെയ്ത അല്‍ ബാരെദ് 2022 ജൂലൈയിലാണ് ഡ്രോണിന്റെ നിര്‍മ്മാണം ആരംഭിച്ചത്.

ഐഎസിന്റെ ശത്രു പ്രദേശത്തേക്ക് അഞ്ചു കിലോമീറ്റര്‍ (3 മൈല്‍) വരെ ദൂരപരിധിയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഉപകരണമാണ് പ്രതി രൂപകല്‍പന ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു. ഈ വര്‍ഷം ജനുവരിയില്‍ അല്‍ ബാരെദിനെ അറസ്റ്റ് ചെയ്തപ്പോള്‍ ആളില്ലാ വിമാനവും (യുഎവി) ഒരു മൊബൈല്‍ ഫോണും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയുടെ ഐഎസ് ബന്ധം കാണിക്കുന്ന എന്‍ക്രിപ്റ്റ് ചെയ്ത ഓണ്‍ലൈന്‍ ചാറ്റുകളും മറ്റ് ഡിജിറ്റല്‍ മെറ്റീരിയലുകളും കണ്ടെത്തിയത്.

എന്താണ് കാമികാസെ ഡ്രോണുകള്‍?

സ്വിച്ച്‌ബ്ലേഡ് ഡ്രോണുകള്‍ എന്നും ഇവയെ വിളിക്കുന്നു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ചെറിയ ആളില്ലാ വിമാനങ്ങളാണിവ. എതിരാളികളുടെ ടാങ്കിലേക്കോ സൈനികര്‍ക്കിടയിലേക്കോ നേരിട്ട് പറന്നെത്തി സ്വയം പൊട്ടിത്തെറിക്കാന്‍ ഇവയ്ക്ക് കഴിയും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഇവയ്ക്ക് ഏകദേശം അഞ്ച് പൗണ്ട് ഭാരമുണ്ട്. ഒരു ബാഗില്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.