ക്രൈസ്തവരെ എന്നും അകറ്റി നിറുത്തുന്ന കേരളത്തിലെ ഇടതു-വലത് മുന്നണികള്‍

 ക്രൈസ്തവരെ എന്നും അകറ്റി നിറുത്തുന്ന കേരളത്തിലെ ഇടതു-വലത് മുന്നണികള്‍

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലെ ക്രൈസ്തവ സമൂഹം ചില കടുത്ത വിവേചനങ്ങള്‍ നേരിടുന്നുണ്ട്. ദളിത് ക്രൈസ്തവര്‍ സാമ്പത്തികവും സാമൂഹികവുമായ കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. ന്യൂനപക്ഷം എന്ന നിലയില്‍ ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങളില്‍ ഗുരുതരമായ വിവേചനങ്ങള്‍ കേരളത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്നു. ക്രൈസ്തവ ക്ഷേമ കാര്യങ്ങളില്‍ ഭരണകൂട പിന്തുണ ലഭിക്കേണ്ട ഒട്ടേറെ സാഹചര്യങ്ങളില്‍ അതുണ്ടാകാതെ പോകുന്നതും പ്രശ്‌ന പരിഹാരങ്ങള്‍ക്ക് കാലതാമസം നേരിടുന്നതും പ്രധാന പ്രതിസന്ധികളാണ്.

ക്രൈസ്തവ ജനപ്രതിനിധികള്‍ പലരും തിരെഞ്ഞെടുപ്പ് കാലത്ത് തികഞ്ഞ ഭക്തി ക്രൈസ്തവനായിരിക്കും. തിരഞ്ഞെടുക്കപ്പെട്ടാല്‍ പിന്നെ ഉത്തമനായ മതേതരവാദിയാകും. കേരളത്തിലെ ജനസംഖ്യയില്‍ 19 ശതമാനവും ന്യൂനപക്ഷ ജനസംഖ്യയില്‍ 41 ശതമാനവുമുള്ള ക്രൈസ്തവര്‍ പല തരത്തിലുള്ള അരക്ഷിതാവസ്ഥകളും ഇന്ന് അനുഭവിക്കുന്നുണ്ട്. പ്രാദേശിക തലങ്ങളിലെ ക്രൈസ്തവ ശക്തി വീണ്ടെടുക്കണം.

ഇന്ന് കേരളത്തിലെ ക്രൈസ്തവ സമൂഹം ചെകുത്താനും കടലിനുമിടയ്ക്കാണ്. ഇരുമുന്നണികളില്‍ നിന്നും നീതി ലഭിക്കാത്ത ദശാസന്ധിയിലാണ് ക്രൈസ്തവ സമൂഹം. ഇടതു വലതു പക്ഷങ്ങള്‍ക്ക് ആരേ കൂട്ടുപിടിച്ചും അധികാരത്തില്‍ എത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളു. ഇവര്‍ അധികാരത്തില്‍ വന്നാല്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ എന്നും പുറത്താണ്. ക്രൈസ്തവര്‍ക്ക് ആരോഗ്യകരമായ സാഹചര്യങ്ങളില്‍ കേരളത്തില്‍ ജീവിക്കാനും പഠിച്ച് വളരാനും ജോലി ചെയ്യാനും ആവശ്യമായ പിന്തുണ നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും സമൂഹത്തിനും ഉണ്ട്.

കേരളത്തില്‍ ക്രൈസ്തവരായ മുഖ്യമന്ത്രിമാര്‍ ഉണ്ടായിരുന്നല്ലോ. ഇവര്‍ മുഖ്യമന്ത്രി പദത്തിലെത്തിയത് മതാടിസ്ഥാനത്തിലല്ല മറിച്ച് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ്. അവര്‍ ആരും ക്രൈസ്തവ സമുദായത്തിനുവേണ്ടി യാതൊരു വിധത്തിലുമുള്ള വിട്ടുവീഴ്ചകള്‍ ചെയ്യുകയോ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല എന്നു മാത്രമല്ല അര്‍ഹിക്കുന്നതു പോലും കൊടുത്തിട്ടില്ല എന്നതാണ് വാസ്തവം. നിരന്തരമായി കബളിപ്പിക്കപ്പെടാന്‍ ഇടതു വലതു പക്ഷങ്ങള്‍ക്ക് ഇനിയും വോട്ട് ചെയ്യണമോയെന്ന് ക്രൈസ്തവര്‍ ഗൗരവമായി ചിന്തിക്കണം.

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ 2013 ല്‍ നിലവില്‍ വന്ന ശേഷം കമ്മീഷനിലും ക്ഷേമ പദ്ധതികളിലും ക്രൈസ്തവര്‍ക്കും ക്രൈസ്തവ മേഖലകള്‍ക്കും ആനുപാതികമായ പരിഗണന നല്‍കിയിട്ടില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആരംഭിച്ച കാലം മുതല്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് മന്ത്രിസഭകളില്‍ മുസ്ലിം സമുദായ രാഷ്ട്രീയം മുഖമുദ്രയാക്കിയ മന്ത്രിമാര്‍ മാത്രമാണ് വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്. അക്കാലത്ത് ക്രൈസ്തവ ന്യൂനപക്ഷം നിരവധി വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

'ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ കഞ്ഞി' എന്നു പറയുന്നതു പോലെയാണ് ഇവിടുത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവസ്ഥ. ഭരണഘടനാ പരമായ ന്യൂനപക്ഷ തത്വങ്ങള്‍ അട്ടിമറിക്കുന്നതിലും ക്രൈസ്തവര്‍ക്ക് നീതി നിഷേധിക്കുന്നതിലും ഇരുമുന്നണികള്‍ക്കും ഒരേ താല്‍പര്യമാണ്. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് എന്നാണ് മോചനം ലഭിക്കുക?

2021 ലെ പിണറായി വിജയന്‍ മന്ത്രിസഭയില്‍ നാല് പ്രബല വിഭാഗങ്ങള്‍ക്ക് പ്രതിനിധികളുണ്ടായി. റോഷി അഗസ്റ്റിന്‍ (സിറിയന്‍ കത്തോലിക്ക), വീണ ജോര്‍ജ് (സിറിയന്‍ ഓര്‍ത്തഡോക്‌സ്), ആന്റണി രാജു (ലത്തീന്‍ കത്തോലിക്ക), സജി ചെറിയാന്‍ (സി.എസ്.ഐ). അതിന് പുറമേയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതും ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് പതിച്ച് കൊടുത്തതും. ഇവരൊക്കെ ഉണ്ടായിട്ടും ക്രൈസ്തവ സമുദായത്തിന് എന്ത് ലഭിച്ചുവെന്ന് ക്രൈസ്തവര്‍ ഗൗരവമായി ചിന്തിക്കണം.

കേരളത്തിലെ രാജഭരണ കാലത്ത് തന്നെ തിരുവിതാംകൂറിലും കൊച്ചിയിലും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ പ്രബല ശക്തികളാണ് ക്രൈസ്തവര്‍, വിശിഷ്യാ സിറിയന്‍ കത്തോലിക്കര്‍. നിവര്‍ത്തന പ്രക്ഷോഭത്തിലും തുടര്‍ന്ന് ഉത്തരവാദ ഭരണ പ്രക്ഷോഭത്തിലും അവര്‍ കരുത്തു തെളിയിച്ചു. 1959 ല്‍ ഇ.എം.എസ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരം നടത്തി വിജയിപ്പിച്ചു പ്രാബല്യം ഉറപ്പിച്ചു. 1964 ല്‍ ആര്‍. ശങ്കര്‍ മന്ത്രിസഭയെ പുറത്താക്കി കേരള കോണ്‍ഗ്രസ് രൂപീകരിച്ചതിന് പിന്നിലും ക്രൈസ്തവ ശക്തി തന്നെയാണ് ഉണ്ടായിരുന്നത് എന്നോര്‍ക്കണം.

1972 ല്‍ കോളജ് വിദ്യാഭ്യാസ സമരം നടത്തിയും അവര്‍ ശക്തി തെളിയിച്ചു. കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും നയരൂപീകരണത്തില്‍ ക്രൈസ്തവസഭാ നേതൃത്വത്തിന് നിര്‍ണായക പങ്കാണ് ഉണ്ടായിരുന്നത്. എക്കാലവും യു.ഡി.എഫിന്റെ ഉറച്ച വോട്ട് ബാങ്കായിരുന്നു ക്രിസ്ത്യാനികള്‍. ക്രൈസ്തവ സഭകളുടെ കൈവെപ്പ് ഉള്ളവര്‍ക്കല്ലാതെ മധ്യ തിരുവിതാംകൂറിലെ ഒരു മണ്ഡലത്തിലും വിജയിക്കാന്‍ കഴിയുമായിരുന്നില്ല. മലബാറിലെ കുടിയേറ്റ മേഖലകളിലും അതായിരുന്നു അവസ്ഥ. തീരപ്രദേശങ്ങളായ തെക്കന്‍ കേരളത്തിലും സ്ഥിതി വിഭിന്നമല്ലായിരുന്നു. ഈ ക്രൈസ്തവ ശക്തി വേണ്ടി വന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ധ്രുവീകരണങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നു.

രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്രിസ്തുമസ് ദിനത്തില്‍ നടത്തിയ കാലങ്ങളായി ക്രൈസ്തവ സമൂഹം നല്‍കുന്ന സംഭാവനകള്‍ വലുതാണെന്നതും ക്രൈസ്തവര്‍ രാജ്യത്തിന് നല്‍കിയത് നിസ്തുല സേവനമാണെന്നും വികസനത്തിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടാനാണ് ശ്രമിക്കുന്നതെന്നുമുള്ള പ്രസ്താവനകളും ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2024 പകുതിയോടെ ഇന്ത്യയിലെത്തുമെന്നുള്ള വാര്‍ത്തകളും ക്രൈസ്തവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ക്രൈസ്തവര്‍ കൂടുതല്‍ ദേശീയതലത്തില്‍ ചിന്തിക്കണം.

ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവര്‍ക്ക് വേണ്ട ക്ഷേമ പദ്ധതികള്‍ പ്രകടന പത്രികകളില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് മാത്രം വോട്ട് ചെയ്യാന്‍ ക്രൈസ്തവ കൂട്ടായ്മകള്‍ ശ്രമിക്കണം. മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയായ കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നയിക്കുന്ന മുന്നണികള്‍ ഒരു പ്രത്യേകമായ വോട്ടു ബാങ്കിന് കീഴടങ്ങുമ്പോള്‍ ഇന്നലെ വരെ അനുഭവിച്ചിരുന്ന അവകാശാധികാരങ്ങളും സംരക്ഷണവും ക്രൈസ്തവര്‍ക്ക് ഇല്ലാതാവുകയാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഇനിയും ക്രൈസ്തവര്‍ തിരിച്ചറിയണം.

(സീറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറിയാണ് ലേഖകന്‍)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.