ജെറുസലേം: ഇന്ത്യയിലുള്ള ഇസ്രയേൽ പൗരൻമാർക്ക് യാത്രാ മുന്നറിയിപ്പുമായി ഇസ്രയേൽ ദേശീയ സുരക്ഷാ കൗൺസിൽ. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനം ഭീകരാക്രമണമാണെന്ന വിലയിരുത്തലിൻറെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇന്നലെ വൈകുന്നേരമാണ് ന്യൂഡൽഹിയിലെ ചാണക്യപുരിയിലുള്ള ഇസ്രയേൽ നയതന്ത്രകാര്യാലയത്തിന് സമീപം പൊട്ടിത്തെറിയുണ്ടായത്.
സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. എംബസിക്ക് വളരെ അടുത്ത് വൈകിട്ട് 5.48നായിരുന്നു പൊട്ടിത്തെറി ഉണ്ടായതെന്ന് നയതന്ത്രകാര്യാലയ വക്താവ് ഗുയ് നിർ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഡൽഹി പൊലീസും സുരക്ഷ സേനയും അന്വേഷണം തുടങ്ങിയിട്ടുണ്ട് .
ആശങ്കകളെ തുടർന്ന് ഡൽഹിയിലെ കാര്യാലയത്തിൻറെ എല്ലാ പരിപാടികളും നിർത്തിവയ്ക്കാൻ ഇസ്രയേലി ദേശീയ സുരക്ഷാ കൗൺസിൽ നിർദേശിച്ചു. ജനക്കൂട്ടമുള്ള സ്ഥലങ്ങളിൽ പോകരുതെന്നും ഇസ്രയേൽ പൗരൻമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. മാളുകൾ, ചന്തകൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകരുതെന്നാണ് പ്രത്യേകമായി നിർദ്ദേശിച്ചിട്ടുള്ളത്. പാശ്ചാത്യരും ജൂതൻമാരും ഇസ്രയേലികളും കൂടുതലുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണ സാധ്യതയുള്ളതായാണ് ഇസ്രയേലിൻറെ വിലയിരുത്തൽ.
ഭക്ഷണ ശാലകൾ, ഹോട്ടലുകൾ, പബ്ബുകൾ എന്നിവിടങ്ങളിൽ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. വലിയ ജനക്കൂട്ടമുള്ള പരിപാടികളിൽ പങ്കെടുക്കരുത്. സാമൂഹ്യമാധ്യമങ്ങളിൽ വിവരങ്ങളോ ചിത്രങ്ങളോ അഭിപ്രായങ്ങളോ പോസ്റ്റ് ചെയ്യരുതെന്നും നിർദ്ദേശമുണ്ട്. സന്ദർശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകരുതെന്നും ഇസ്രയേൽ അധികൃതർ നിർദേശിച്ചു.
ഇസ്രയേൽ പ്രതീകങ്ങൾ പ്രദർശിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. നയതന്ത്ര കാര്യാലയത്തിന് അടുത്തുള്ള സെൻട്രൽ ഹിന്ദി പരിശീലന കേന്ദ്രത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ആരും മരിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നു. ഡൽഹി പൊലീസിലെ സ്പെഷ്യൽ സെൽ, ബോംബ് നിർവീര്യ വിഭാഗം തുടങ്ങിയവർ സംഭവം ഉണ്ടായ ഉടൻ തന്നെ സ്ഥലത്തെത്തിയിരുന്നു. മൂന്ന് മണിക്കൂറോളം ഇവർ പ്രദേശത്ത് തിരച്ചിൽ നടത്തി.
ദേശീയ അന്വേഷണ ഏജൻസിയും പ്രദേശത്ത് തെരച്ചിൽ നടത്തി. സംഭവത്തെ തുടർന്ന് ഇസ്രയേൽ നയതന്ത്ര കാര്യാലയത്തിലും സമീപത്തും സുരക്ഷ ശക്തമാക്കി. ഇസ്രയേൽ പലസ്തീൻ സംഘർഷം രൂക്ഷമായതോടെ ഇസ്രയേൽ പൗരൻമാർ വിദേശയാത്ര ഒഴിവാക്കണമെന്ന് നിർദേശമുണ്ടായിരുന്നു. ഇസ്രയേലിനെതിരെ ലോകവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം.
മുമ്പും ഡൽഹിയിലെ ഇസ്രയേൽ നയതന്ത്ര കാര്യാലയത്തിന് നേരെയും ജീവനക്കാർക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. 2021ൽ ഇസ്രയേൽ നയതന്ത്ര കാര്യാലയത്തിന് പുറത്ത് ഒരു സ്ഫോടനം ഉണ്ടായി. അതിൽ ഒരു കാർ നശിച്ചിരുന്നു. പക്ഷേ ആളപയമുണ്ടായിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.