ജീവിച്ചിരുന്നെങ്കില്‍ അറിയപ്പെടുന്ന ബാലതാരമാകേണ്ട കൊച്ചുമിടുക്കി; വൈഗയുടെ മരണം സിനിമ പൂര്‍ത്തിയാക്കി ഡബ്ബിങ് തുടങ്ങാനിരിക്കെ

ജീവിച്ചിരുന്നെങ്കില്‍ അറിയപ്പെടുന്ന ബാലതാരമാകേണ്ട കൊച്ചുമിടുക്കി; വൈഗയുടെ മരണം സിനിമ പൂര്‍ത്തിയാക്കി ഡബ്ബിങ് തുടങ്ങാനിരിക്കെ

കൊച്ചി: മലയാളികളുടെ മനസില്‍ നൊമ്പരവും ഞെട്ടലുമുണ്ടാക്കിയ സംഭവമാണ് വൈഗ കൊലക്കേസ്. പതിനൊന്നു വയസുള്ള മകളെ അച്ഛന്‍ സനുമോഹന്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി പുഴയിലെറിയുകയായിരുന്നു. ഇരുവരുടേയും തിരോധാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുട്ടാര്‍ പുഴയില്‍ നിന്നും വൈഗയുടെ മൃതദേഹം ലഭിക്കുന്നത്.

പിതാവ് സനു മോഹനും കുട്ടിക്കൊപ്പം പുഴയില്‍ ചാടി ജീവനൊടുക്കിയിരിക്കാം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസം പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

ജീവിച്ചിരുന്നെങ്കില്‍ അറിയപ്പെടുന്നൊരു ബാലതാരമായി മാറേണ്ട കലാകാരിയായിരുന്നു ഈ കൊച്ചുമിടുക്കി. ചിത്രഹാര്‍ എന്ന സിനിമയിലൂടെയാണ് വൈഗ അഭിനയത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങിയത്. നാല് സംവിധായകരുടെ കഥകള്‍ കോര്‍ത്തിണക്കി ഒരുങ്ങുന്ന സിനിമയാണ് ചിത്രഹാര്‍. ഇതില്‍ പുതുമുഖ സംവിധായകനായ ഷാമോന്‍ നവരംഗ് സംവിധാനം ചെയ്ത ബില്ലിയിലാണ് വൈഗ അഭിനയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ഡബ്ബിങ് തുടങ്ങാനിരിക്കെയാണ് കുഞ്ഞിന്റെ അപ്രതീക്ഷിത മരണം സംഭവിച്ചത്.

2021 മാര്‍ച്ച് 21 നാണ് ഭര്‍ത്താവ് സനുമോഹനെയും വൈഗയേയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ രമ്യ പൊലീസില്‍ പരാതി നല്‍കുന്നത്. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന് പറഞ്ഞാണ് സനു മോഹന്‍ മകളെ കൂട്ടിക്കൊണ്ടു വന്നത്. എറണാകുളം കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. മാര്‍ച്ച് 22 നാണ് വൈഗയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെടുക്കുന്നത്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മകള്‍ വൈഗയുടെ മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കള്‍ എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ വിങ്ങലോടെ കാത്തിരിക്കുമ്പോള്‍ കോയമ്പത്തൂരില്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ പുതിയതായി ഇറങ്ങിയ മലയാളം ത്രില്ലര്‍ സിനിമ ആസ്വദിക്കുകയായിരുന്നു പ്രതി സനു മോഹന്‍. സിനിമ കൂടാതെ ദിവസത്തിലേറെ നേരവും ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലുമായി അടിച്ചുപൊളിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സനുമോഹന്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.

കാര്‍വാറില്‍ നിന്നാണ് സനുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സനുമോഹന്‍ അറസ്റ്റിലായി 82-ാം ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനും മുന്നോട്ടുള്ള ജീവിതത്തില്‍ മകള്‍ ബാധ്യതയാകുമെന്നും കരുതിയാണ് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു നാട്ടില്‍ മറ്റൊരാളായി ജീവിക്കാനായിരുന്നു പദ്ധതി. 236 പേജുള്ള കുറ്റപത്രത്തിനൊപ്പം 1200 പേജുള്ള കേസ് ഡയറി അടക്കം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ 97 സാക്ഷികളാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.