നവകേരളം കാണാനിറങ്ങിയ പിണറായിയും സംഘവും; ഉമ്മൻ ചാണ്ടിയുടെ മരണം; മാർ ജോർജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗം .... മറക്കാനാകുമോ ഈ 2023 ?

നവകേരളം കാണാനിറങ്ങിയ പിണറായിയും സംഘവും; ഉമ്മൻ ചാണ്ടിയുടെ മരണം; മാർ ജോർജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗം .... മറക്കാനാകുമോ ഈ 2023 ?

വിവാദങ്ങളും വാക്കു തർക്കങ്ങളും കേരള രാഷ്ട്രീയത്തിൽ പുതിയതല്ല. 2023ലും സ്ഥിതി വിഭിന്നമായിരുന്നില്ല. യുഡിഎഫും എൽ‌ഡിഎഫും ബിജെപിയും പല വിവാദങ്ങളിലും ഇടംപിടിച്ചു. കേരള രാഷ്ട്രീയത്തെ ആദ്യമായി പിടിച്ചുകുലുക്കിയത് ദീർഘകാലം കോൺഗ്രസിനൊപ്പം നിന്ന കെ.വി.തോമസ് ഇടത് പാളയത്തിലേക്ക് എത്തിയതാണ്. പിന്നാലെ കെ.വി.തോമസിനെ കാബിനറ്റ് പദവിയോടെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി പിണറായി സർക്കാർ നിയമിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരനെ ലൈഫ് മിഷൻ പദ്ധതിക്കായി വിദേശ നിക്ഷേപം സ്വീകരിച്ചതിന്റെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ഫെബ്രുവരി 14നാണ്. ഇതേ തുടർന്ന് പ്രതിപക്ഷം എൽഡിഎഫ് സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ആലപ്പുഴയിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ ഏപ്രിൽ രണ്ടിന് രാത്രിയായിരുന്നു യാത്രക്കാർക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തി പ്രതിയുടെ ക്രൂരകൃത്യം. രണ്ടു വയസ്സുകാരി ഉൾപ്പെടെ മൂന്നുപേരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കേരളഞ്ഞെ ഞെട്ടിച്ചിരുന്നു.

പ്രധാനമന്ത്രി കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്തതും ഈ വർഷമാണ്. കേരളത്തിന്റെ പാളത്തിലൂടെ, ഇതുവരെ കണ്ടിട്ടില്ലാത്ത വേഗത്തിലാണ് തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്കു കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് കുതിച്ചത്. പിന്നാലെ മറ്റൊരു വന്ദേഭാരത് കൂടി കേരളത്തിന് ലഭിച്ചു.എഐയെക്കുറിച്ച് ലോകം ചർച്ച ചെയ്യുന്ന കാലത്താണ് കേരളത്തിൽ എഐ ക്യാമറ എത്തിയത്. ഏപ്രിൽ 20 ന് മുഖ്യമന്ത്രി ഉധ്ഘാടനം ചെയ്ത എഐ ക്യാമറ ജൂൺ 5 മുതലാണ് പിഴ ഈടാക്കാൻ തുടങ്ങിയത്.

അരിക്കൊമ്പനെ തമിഴ്നാട്ടിലേക്ക് മാറ്റുന്നു

മനുഷ്യ ജീവന് ഭീഷണിയായ അരിക്കൊമ്പനെന്ന കാട്ടാന കേരള രാഷ്ട്രീയത്തെ സ്വാധീനിച്ചതും ഈ വർഷമാണ്. ദിവസങ്ങളുടെ തയാറെടുപ്പുകരൾക്കു ശേഷം മയക്കുവെടിവെച്ച് പിടിച്ച അരിക്കൊമ്പനെ ജനവാസ മേഖലയായ ചിന്നക്കനാലിൽ നിന്ന് തമിഴ്‌നാട്ടിലെ വനാതിർത്തിയിലേക്ക് മാറ്റി. അരിക്കൊമ്പനുമായി ബന്ധപ്പെട്ടും ഭരണപക്ഷ, പ്രതിപക്ഷ നേതാക്കൾ കൊണ്ടും കൊടുത്തും ആഘോഷിച്ചു

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതും ഈ വർഷം തന്നെ. മേയ് 11 ന് നടന്ന ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകം രാഷ്ട്രീയ കേരളത്തിലും വലിയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചു. ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്താൻ ആരോഗ്യ വകുപ്പിന് സാധിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. എന്നാൽ വന്ദന ദാസിന്റെ കൊലപാതകത്തെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ലെന്നായിരുന്നു സർക്കാർ നിലപാട്.

മലപ്പുറം താനൂർ തൂവൽ തീരത്ത് പൂരപ്പുഴയിൽ അറ്റ്‌ലാന്റിക് എന്ന യാത്ര ബോട്ട് മുങ്ങി 22 പേരാണ് മരിച്ചത്. ഇരുനിലയുള്ള ബോട്ടിലെ രണ്ടുതട്ടിലും യാത്രക്കാരുണ്ടായിരുന്നു. കരയിൽനിന്ന് 300 മീറ്റർ ദൂരത്തുള്ളപ്പോൾ വലതുവശത്തേക്ക് ചെരിഞ്ഞ ബോട്ട് തലകീഴായി മറിയുകയായിരുന്നു.

എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷൻ പി.എം. അർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദവും എസ്.എഫ്.ഐ നേതാവായിരുന്ന കെ.വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് കേസും ഭരണ - പ്രതിപക്ഷ പോരിനു കാരണമായി. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും നടത്തിയ അമേരിക്ക, ക്യൂബ സന്ദർശനവും വലിയ വാർത്തയായിരുന്നു. ടൈംസ് സ്‌ക്വയറിൽ ലോക കേരള സഭ പരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗിച്ചത് ഭരണപക്ഷം വലിയ അഭിമാനത്തോടെയും പ്രതിപക്ഷം പരിഹാസത്തോടെയും സോഷ്യൽ മീഡിയയിൽ ആഘോഷിച്ചു.

പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരിൽ കോൺഗ്രസ് അധ്യക്ഷന്റെ അറസ്റ്റ് രേഖപ്പെടുത്തിയതും ഈ വർഷമാണ്. എ.എൻ.ഷംസീറിന്റെ 'ഗണപതി മിത്ത്' പരാമർശം വൻ വിവാദമായി. ബിജെപി ഇതിനെതിരെ ശക്തമായി രംഗത്തെത്തി. നായർ സർവീസ് സൊസൈറ്റി നാമ ജപ യാത്ര നടത്തുകയും ചെയ്തു. ബിജെപിക്ക് ഒപ്പം ചേർന്ന് കോൺഗ്രസും ചർച്ചകളെ ചൂടുപിടിപ്പിച്ചു. എന്നാൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും ഈ വിഷയത്തിൽ നിന്ന് അകലം പാലിക്കുകയാണ് നല്ലതെന്നും വിലയിരുത്തി കോൺഗ്രസ് തങ്ങളുടെ പ്രതിഷേധം മയപ്പെടുത്തി.


ഉമ്മൻചാണ്ടിയുടെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി അന്തരിച്ചത് ഈ വർഷത്തെ കേരള രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ നഷ്ടമാണ്. ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തുടർച്ചയായി ഹൗളിങ് ഉണ്ടാക്കിയതും ഇതേ തുടർന്ന് പരിപാടിക്ക് ശബ്ദം ഒരുക്കിയ ആൾക്കെതിരെ പൊലീസ് കേസെടുത്തും വിവാദമായി. പിന്നീട് ഈ കേസ് പിൻവലിച്ചു.

ഉമ്മൻചാണ്ടി അന്തരിച്ച ഒഴിവിൽ പുതുപ്പള്ളിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടി. ജെയ്ക് സി തോമസ് ആയിരുന്നു ഇടതുപക്ഷ സ്ഥാനാർഥി. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി.മെയ്തീനെതിരെ ആരോപണം ഉയർന്നിരുന്നു. എൻഫോഴ്‌സ്‌മെന്റ് മൊയ്തീന്റെ വീട്ടിൽ റെയ്ഡ് നടത്തി. എംവിഡിയും റോബിൻ ബസ് ഉടമയും തമ്മിലുള്ള നിയമ പോരാട്ടങ്ങളും പോയ വർഷം രാഷ്ട്രീയ കേരളം ചർച്ചയാക്കി.

ഒക്ടോബർ ഒമ്പതിന് കളമശേരി കൺവെൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തിൽ എട്ട് പേർ മരിക്കുകയും 52 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബർ 15 ന് കേരളത്തിന്റെ സ്വപ്‌ന പ്രൊജക്ടായ വിഴിഞ്ഞം തുറമുഖ പദ്ധതി ഉദ്ഘാടനം ചെയ്തു. നവംബർ ഒന്ന് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് നടത്തിയ കേരളീയം പരിപാടി വൻ വിജയമായി. എല്ലാ വർഷവും കേരളീയം നടത്താൻ സർക്കാർ തീരുമാനിച്ചു.

വാർത്തകളിൽ താരമായി മറിയകുട്ടി 

ഇടുക്കി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടി വാർത്തകളിലെ മിന്നും താരമായിരുന്നു. ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്ന് ഭിക്ഷ യാചിക്കാൻ മൺചട്ടിയുമായി ഇറങ്ങിയ മറിയക്കുട്ടി മുട്ടുകുത്തിച്ചത് സർക്കാർ ഭരണ സംവിധാനങ്ങളെയും പാർട്ടി മുഖപത്രത്തെയുമാണ്.

നവംബർ 18 നാണ് 'സഞ്ചരിക്കുന്ന മന്ത്രിസഭ' എന്ന നൂതന പദ്ധതി ആവിഷ്‌കരിച്ച് 'നവകേരള സദസ്' ആരംഭിച്ചത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ എല്ലാ നിയോജക മണ്ഡലങ്ങളിലും നവകേരള സദസ് നടന്നു. പരിപാടി ധൂർത്താണെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ കേരളത്തിന്റെ ഭാവിക്ക് ഏറ്റവും ഉപകാരപ്പെടുന്ന പദ്ധതിയെന്നാണ് ഭരണപക്ഷം വാദിച്ചത്.

കളമശ്ശേരി കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല (കുസാറ്റ്) കാമ്പസിൽ ടെക്ഫെസ്റ്റിന്റെ ഭാഗമായി നംവബർ 25 ന് സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ വിദ്യാർഥികളടക്കം നാലുപേർ മരിച്ചു. ശബരിമലയിലെ വൻ ഭക്തജന തിരക്കും രാഷ്ട്രീയ വിവാദമായി. ഭക്തർക്ക് ആവശ്യമായ അടിസ്ഥാന കാര്യങ്ങൾ ശബരിമലയിൽ ഇല്ലെന്ന് പ്രതിപക്ഷവും ബിജെപിയും വാദിച്ചു. എന്നാൽ രാഷ്ട്രീയ നേട്ടങ്ങൾക്കാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും എല്ലാ വർഷത്തേയും പോലെ ശബരിമല തീർത്ഥാടനം ഭംഗിയായി നടക്കുന്നുണ്ടെന്നും സർക്കാർ തിരിച്ചടിച്ചു.


കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗം

കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് ഡിസംബർ ഏഴിനാണ്. മാർപ്പാപ്പയുടെ അനുമതിയോടെയാണ് മാർ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞത്. എറണാകുളം അങ്കമാലി രൂപതയിലെ കുർബാന തർക്കം പരിഹരിക്കാൻ മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി ബിഷപ്പ് സിറിൽ വാസിൽ ഈ വർഷം രണ്ട് തവണ കേരളത്തിലെത്തിയിരുന്നു. ഓ​ഗസ്റ്റിൽ പ്രശ്നം പരിഹരിക്കാനെത്തിയെങ്കിലും ചില വിമത വൈദികർ പിതാവിനെ അം​ഗീകരിക്കാൻ തയാറായില്ല. പിന്നാലെ ഡിസംബറിൽ കേരളത്തിലെത്തുകയും പ്രശ്നങ്ങൾക്ക് മാർപാപ്പയുടെ കർശന നിർദേശത്തോടെ പരിഹാരം നേടുകയും ചെയ്തു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണവും പോയ വര്‍ഷം രാഷ്ട്രീയ കേരളത്തിനു വലിയ നഷ്ടമായി. സംസ്ഥാന മന്ത്രിസഭയിൽ പുനസംഘടന നടന്നു. ഇടതു മുന്നണിയിലെ ധാരണ പ്രകാരം കേരള കോൺഗ്രസ്-ബിയിലെ കെ.ബി ഗണേഷ്‌ കുമാറും കോൺഗ്രസ് - എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയും ഡിസംബർ 29 ന് സത്യപ്രതിജ്ഞ ചെയ്തു. രജിസ്ട്രേഷൻ - പുരാവസ്തു വകുപ്പുകളാണ് രാമചന്ദ്രൻ കടന്നപ്പള്ളിക്ക്. ആന്റണി രാജുവിന്റെ ഗതാഗതം, മോട്ടോർ വാഹനം, ജലഗതാഗത വകുപ്പുകൾ കെ.ബി.ഗണേഷ്‌കുമാറിനാണ്.

ഗവർണർ - സർക്കാർ പോര് കേരളത്തിനു പുറത്തും ചർച്ചയായി. ചാൻസലർ കൂടിയായ ഗവർണർ സർവകലാശാലകളിൽ കാവി വൽക്കരണത്തിനു ശ്രമിക്കുകയാണെന്ന് ആരോപിച്ച് എസ്.എഫ്.ഐ വൻ പ്രതിഷേധ സമരങ്ങൾ നടത്തി. ഗവർണർ ആർഎസ്എസുകാരനെ പോലെ പെരുമാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും രൂക്ഷ ഭാഷയിൽ വിമർശിച്ചു.

കേരളത്തിൽ കുട്ടികൾ മുൻപെങ്ങുമില്ലാത്ത വിധം അതിക്രമങ്ങൾക്ക് വിധേയരായ വർഷമാണ് 2023. അത് ചെയ്തവരിൽ ഏറെയും പരിചയമുള്ള വരും രക്ഷിതാക്കളുമാണ്. ആലുവയിലെ അഞ്ച് വയസുകാരി മുതൽ സ്വന്തം അമ്മയുടെ ക്രൂരതയ്ക്കിരയായ പിഞ്ചുകുഞ്ഞു വരെ ഇക്കൊല്ലത്തെ വേദനയാണ്. ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് 9604 കുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്നാണ് കണക്ക്. 200 ൽ അധികം കുട്ടികൾ മരിക്കുകയും ചെയ്തു. 2016 മുതൽ 2023 വരെ 31 364 കേസുകൾ കുഞ്ഞുങ്ങൾക്കെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തു.

വരും വർഷങ്ങളിലെങ്കിലും സമാധാന പൂർവകമായ ഒരു നാടും ഭരണവും ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. സീ ന്യൂസ് ലൈവിന്റെ എല്ലാ വായനക്കാർക്കും പുതുവത്സര ആശംസകൾ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.