കോണ്‍ഗ്രസില്‍ ഇപ്പോള്‍ അഞ്ച് ഗ്രൂപ്പുകളുണ്ടെന്ന് സുധീരന്‍; സുധീരന്റെ പ്രസ്താവനകള്‍ തള്ളിക്കളയുന്നുവെന്ന് സുധാകരന്‍

കോണ്‍ഗ്രസില്‍ ഇപ്പോള്‍ അഞ്ച് ഗ്രൂപ്പുകളുണ്ടെന്ന് സുധീരന്‍; സുധീരന്റെ പ്രസ്താവനകള്‍ തള്ളിക്കളയുന്നുവെന്ന് സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുന്‍പ് രണ്ട് ഗ്രൂപ്പെങ്കില്‍ ഇപ്പോള്‍ അഞ്ച് ഗ്രൂപ്പുകളുണ്ടെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍. ഗ്രൂപ്പില്‍ ഉപ ഗ്രൂപ്പുകളുമുണ്ട്. ഇത് ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡിന് കത്തയച്ചെങ്കിലും മറുപടി ഉണ്ടായില്ല. രാഹുല്‍ ഗാന്ധിയും താരിഖ് അന്‍വറും പരാതി പരിഹാരം വാഗ്ദാനം ചെയ്തെങ്കിലും ഒന്നുമുണ്ടായില്ല.

കെപിസിസിയുടെയും എഐസിസിയുടെയും ശരിയല്ലാത്ത നിലപാടില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ പരിപാടികളില്‍ പങ്കെടുക്കില്ലെന്നാണ് പറഞ്ഞത്. ഡിസിസികളുടെ പരിപാടികള്‍ കേരളത്തില്‍ എമ്പാടും പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നു. എന്നാല്‍ താന്‍ പണി അവസാനിപ്പിച്ചുവെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നതെന്നും സുധീരന്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് പറയുന്ന പല കാര്യങ്ങളും അദേഹത്തിന് തന്നെ മനസിലാകുന്നില്ല. പറയുന്ന പലതും തിരുത്തേണ്ടി വരുന്നുണ്ട്. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ കെപിസിസി പ്രസിഡന്റ് പ്രതികരിക്കേണ്ടിയിരുന്നത് യോഗത്തിലാണ്. പക്ഷേ അദേഹം പരസ്യമായി പ്രതികരിച്ചു.

അദേഹത്തിന്റെ ഭാഗത്ത് ഔചിത്യ രാഹിത്യമുണ്ടായി. കെ. സുധാകരന്റെ ഔചിത്യര രാഹിത്യം എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ ഭാഗത്തു നിന്നും ഉണ്ടായി. വി.എം സുധീരന്‍ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ് സ്ഥലം വിട്ടുവെന്ന് പറഞ്ഞു. ഞാന്‍ സംസാരിച്ച ശേഷം പലരും സംസാരിച്ചു. യോഗത്തില്‍ എല്ലാരെയും അറിയിച്ച ശേഷമാണ് ഇറങ്ങി വന്നത്.

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയപ്പോഴേ നിരാകരിക്കേണ്ടതായിരുന്നുവെന്ന് അദേഹം പറഞ്ഞു. പങ്കെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്ന് പറയുന്നതിന്റെ പൊരുള്‍ മനസിലാകുന്നില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് പിന്തുടരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റേയും ഇന്ദിരാഗാന്ധിയുടേയും സാമ്പത്തിക നയങ്ങളിലും മതേതര മൂല്യങ്ങളിലും വെള്ളം ചേര്‍ത്തു. പല സംസ്ഥാനങ്ങളിലും മൃദുഹിന്ദുത്വവുമായി മുന്നോട്ടു പോയി. അവിടെയൊക്കെ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ബിജെപിയുടെ തീവ്രഹിന്ദുത്വയെ മൃദുഹിന്ദുത്വകൊണ്ട് എതിരിടാന്‍ പറ്റില്ലെന്നും സുധീരന്‍ പറഞ്ഞു.

സുധീരന്റെ പ്രസ്താവനകള്‍ക്ക് താന്‍ വില കല്‍പ്പിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. അദേഹത്തിന്റെ പ്രസ്താവനകള്‍ പൂര്‍ണമായും തള്ളിക്കളയുന്നു. സുധീരന്‍ പ്രകടിപ്പിക്കുന്നത് അദേഹത്തിന്റെ സംസ്‌കാരമാണെന്നും സുധാകരന്‍ പറഞ്ഞു. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ നെടുമ്പാശേരി വിമാനത്താവളത്തിലാണ് കെ. സുധാകരന്‍ പ്രതികരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.