ഭൂപതിവ് നിയമ ഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല; സമരത്തിനൊരുങ്ങി എല്‍ഡിഎഫ്; പ്രശ്‌നം സങ്കീര്‍ണമാക്കിയെന്ന് യുഡിഎഫ്

ഭൂപതിവ് നിയമ ഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല; സമരത്തിനൊരുങ്ങി എല്‍ഡിഎഫ്;  പ്രശ്‌നം സങ്കീര്‍ണമാക്കിയെന്ന് യുഡിഎഫ്

തിരുവനന്തപുരം: ഭൂപതിവ് നിയമ ഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രത്യക്ഷ സമരത്തിന്. ജനുവരി ഒമ്പതിന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.

എന്നാല്‍ നിലവിലെ ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാരിന് പരിഹരിക്കാന്‍ കഴിയുന്ന വിഷയം ഗവര്‍ണറുടെ മുന്നിലേക്ക് എത്തിച്ചെന്നാണ് യുഡിഎഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന ആരോപണം.

ജനുവരി നാലു മുതല്‍ ആറുവരെ പഞ്ചായത്ത് തലത്തില്‍ എല്‍ഡിഎഫ് സമര പ്രഖ്യാപനം നടത്തും. ഒന്‍പതിന് കര്‍ഷകരെ പങ്കെടുപ്പിച്ച് രാജ്ഭവന്‍ മാര്‍ച്ചും നടത്തും.

അതേ സമയം ചട്ടത്തില്‍ മാത്രം മാറ്റം വരുത്തിയാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് യുഡിഎഫ് പറയുന്നത്. നിയമ ഭേദഗതി വരുത്തി പ്രശ്‌നം സങ്കീര്‍ണമാക്കിയെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു. ഇക്കാര്യങ്ങള്‍ തുറന്നു കാട്ടാന്‍ പഞ്ചായത്തുകള്‍ തോറും ജനവഞ്ചന സദസ്് നടത്തും. ജനുവരി അവസാനം കളക്ടറേറ്റ് ഉപരോധവും നടത്തും.

കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ് നിയമസഭ ഭൂപതിവ് നിയമ ഭേദഗതി ബില്‍ പാസാക്കിയത്. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമായതോടെ രാഷ്ട്രപതിക്ക് ബില്‍ അയയ്ക്കുമെന്ന് സര്‍ക്കാര്‍ ആശങ്കപ്പെട്ടെങ്കിലും അതുണ്ടായിട്ടില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ബില്‍ നിയമമായില്ലെങ്കില്‍ സര്‍ക്കാരിനും എല്‍ഡിഎഫിനും പ്രയോജനം ലഭിക്കില്ല. നിയമഭേദഗതിയുടെ കാര്യത്തില്‍ പോലും അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ചട്ട ഭേദഗതിയുള്‍പ്പെടെയുള്ള നടപടികള്‍ റവന്യു വകുപ്പ് തല്‍ക്കാലത്തേക്കെങ്കിലും മരവിപ്പിച്ച അവസ്ഥയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.