തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദമായ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍. ക്രൈസ്തവര്‍ക്കെതിരെ ഇത്രയും വലിയ അധിക്ഷേപം ഇടതുപക്ഷം നടത്തിയിട്ടും പ്രതിപക്ഷമായ കോണ്‍ഗ്രസ് മിണ്ടാതിരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
ക്രൈസ്തവ നേതൃത്വത്തോടും വിശ്വാസികളോടുമുളള സിപിഎമ്മിന്റെ പരിഹാസമാണ് മന്ത്രിയുടെ വാക്കുകള്‍. സഭാ നേതൃത്വം പ്രധാനമന്ത്രിയോട് എന്ത് പറയണമെന്ന് തീരുമാനിക്കേണ്ടത് മന്ത്രിയല്ലെന്നുള്ള കാര്യം സജി ചെറിയാന്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് ഭരണഘടനയെ അവഹേളിച്ചതിന് രാജിവെക്കേണ്ടി വന്നിട്ടുള്ളയാളാണ് മന്ത്രി സജി ചെറിയാന്‍. ഇത്തരത്തില്‍ തുടര്‍ച്ചയായി വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയിട്ടും മന്ത്രിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
ക്രൈസ്തവര്‍ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ നിലപാട് മാത്രമേ സ്വീകരിക്കാവൂ എന്നാണ് മുഖ്യമന്ത്രിയുടെയും സിപിഐഎമ്മിന്റെയും നിലപാട്. മുന്‍പ് പാലാ ബിഷപ്പിനെതിരെയും തലശ്ശേരി ആര്‍ച്ച് ബിഷപ്പിനെതിരെയും സിപിഐഎം നേതാക്കള്‍ ഇത്തരം അവഹേളനം നടത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലും ഇങ്ങനെ വിഷം തുപ്പണമെങ്കില്‍ സിപിഐഎമ്മിന്റെ ക്രൈസ്തവ വിരുദ്ധതയുടെ ആഴം ഊഹിക്കാവുന്നതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രിയുടെ വിരുന്നില്‍ മെത്രാന്‍മാര്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തില്‍ കത്തോലിക്കാ സഭ ഒന്നടങ്കം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് തന്റെ വീഞ്ഞും കേക്കും രോമാഞ്ചവും പരാമര്‍ശം പിന്‍വലിക്കുകയാണെന്ന് അറിയിച്ച് സജി ചെറിയാന്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ തന്റെ വീഞ്ഞും കേക്കും രോമാഞ്ചവുമെന്ന പരാമര്‍ശം മാത്രമാണ് പിന്‍വലിക്കുന്നതെന്നും നിലപാടില്‍ മാറ്റമില്ലെന്നും സജി ചെറിയാന്‍ ആവര്‍ത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.