കൊച്ചി: യൂത്ത് കോണ്‍ഗ്രസിന്റെ കുന്നത്തുനാട് ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ത്തു. സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കുന്നത്തുനാട്ടില്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പാലാരിവട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. നവകേരള സദസില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആറു മണിക്കൂറിലേറെ നേരം പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിന് ഒടുവില്‍ അറസ്റ്റ് ചെയ്തവര്‍ക്ക് ജാമ്യം നല്‍കി വിട്ടയച്ചിരുന്നു.
എന്നാല്‍ സമാധാനപരമായി കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. നവകേരള സദസിന്റെ അവസാന ദിനമായ ഇന്ന് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു.
അതേ സമയം, ഇന്ന് കുന്നത്തുനാട് നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി ട്രാന്‍സ്ജന്‍ഡേഴ്‌സ് രംഗത്തെത്തിയിരുന്നു. കോലഞ്ചേരിയില്‍ പരിപാടി കഴിഞ്ഞ് ബസില്‍ മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി അഞ്ച് ട്രാന്‍സ്ജന്‍ഡേഴ്‌സ് ബസിനു മുന്നിലെത്തി കരിങ്കൊടി കാണിച്ചത്. കോലഞ്ചേരിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനു നേരെയും കരിങ്കൊടി പ്രതിഷേധം ഉയര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.