പ്രധാനമന്ത്രി തൃശൂരിലെത്തി; റോഡ് ഷോയ്ക്ക് ശേഷം പൊതുസമ്മേളനം: നഗരം കനത്ത സുരക്ഷാ വലയത്തില്‍

പ്രധാനമന്ത്രി തൃശൂരിലെത്തി; റോഡ് ഷോയ്ക്ക് ശേഷം പൊതുസമ്മേളനം: നഗരം കനത്ത സുരക്ഷാ വലയത്തില്‍

തൃശൂര്‍: 'സ്ത്രീശക്തി മോദിക്കൊപ്പം' പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തൃശൂരിലെത്തി. അഗത്തിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദേഹം ഹെലികോപ്റ്റര്‍ മാര്‍ഗമാണ് തൃശൂര്‍ കുട്ടനെല്ലൂരിലെ ഹെലിപ്പാഡിലെത്തിയത്.

പിന്നീട് വാഹനത്തില്‍ സ്വരാജ് റൗണ്ടിലെത്തിയ പ്രധാനമന്ത്രിയെ ബിജെപി നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രധാനമന്ത്രിയുടെ റോഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാല്‍, നടുവിലാല്‍ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് നായ്ക്കനാലിലെ സമ്മേളന വേദിയിലെത്തും.

നടന്‍ സുരേഷ് ഗോപിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ റോഡ് ഷോയില്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

തേക്കിന്‍കാട് മൈതാനത്തില്‍ രണ്ട് ലക്ഷത്തോളം വനിതകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പിച്ചച്ചട്ടിയെടുത്തു സമരം നടത്തിയ മറിയക്കുട്ടി, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി.ഉഷ, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മലയാളി താരം മിന്നുമണി, നടി ശോഭന തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ഒന്നര മണിക്കൂറാണ് തൃശൂരില്‍ പ്രധാനമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിട്ടുള്ളത്. ഇതിന് ശേഷം കുട്ടനെല്ലൂരിലേക്ക് മടങ്ങിയെത്തും. തുടര്‍ന്ന് നെടുമ്പാശേരിയിലേക്ക് പോകും. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി കടന്നു പോകുന്ന വഴികളിലെ പെട്ടിക്കട മുതല്‍ ബാങ്കുകള്‍ വരെ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.