പുതുവര്‍ഷത്തില്‍ വലിയ പ്രതീക്ഷയില്‍ കരിപ്പൂര്‍; പുതിയതായി രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വീസുകള്‍

പുതുവര്‍ഷത്തില്‍ വലിയ പ്രതീക്ഷയില്‍ കരിപ്പൂര്‍; പുതിയതായി രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വീസുകള്‍

കോഴിക്കോട്: കരിപ്പൂരിന്റെ ചിറകിലേറി പുതിയ വിമാനങ്ങള്‍ പറന്നിറങ്ങിയതോടെ വലിയ പ്രതീക്ഷയിലാണ് കോഴിക്കോട് വിമാനത്താവളം. പുതിയ രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വീസുകളുടെ വരവോടെ വിമാനത്താവളം വലിയ പ്രതീക്ഷയിലാണ്. നാല് വര്‍ഷം മുന്‍പ് കരിപ്പൂര്‍ വിട്ടതാണ് ഇത്തിഹാദ് വിമാന കമ്പനി.

ആ കമ്പനിയുടെ വിമാനം ഇന്നലെ അതായത് ജനുവരി രണ്ടിന് അബുദാബിയില്‍ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30 ന് 150 യാത്രക്കാരുമായി പുറപ്പെട്ട് രാത്രി 7.55 ന് കരിപ്പൂരിലെത്തി. വിമാനത്താവളത്തിലെ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വിമാനത്തെ സ്വീകരിച്ചത്.

ഈ വിമാനം 158 യാത്രക്കാരുമായി രാത്രി 9.30ന് കോഴിക്കോട്ടു നിന്ന് അബുദാബിയിലേക്ക് മടങ്ങി. 2020 മാര്‍ച്ചിലാണ് കരിപ്പൂരില്‍ നിന്ന് ഇത്തിഹാദ് വിമാന കമ്പനി സര്‍വീസ് താത്ല്‍കാലികമായി നിര്‍ത്തിയത്. 158 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ 320 വിമാനമാണ് സര്‍വീസ് നടത്തിയത്. 196 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ 321 വിമാനവും ഈ സെക്ടറില്‍ സര്‍വീസിന് ഇത്തിഹാദ് ഉപയോഗിക്കുന്നുണ്ട്. എല്ലാ ദിവസവും രാത്രി 7.55ന് എത്തി 9.30ന് മടങ്ങുന്ന രീതിയിലാണ് സര്‍വീസ്. മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ മധുരം നല്‍കിയാണ് ആദ്യ വിമാനത്തിലെ യാത്രക്കാരെ സ്വീകരിച്ചു.

അതേസമയം കരിപ്പൂര്‍ കേന്ദ്രീകരിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ പ്രതിദിന സര്‍വീസ് ഈ മാസം 16 മുതല്‍ തുടങ്ങും. തിരുവനന്തപുരം-കോഴിക്കോട് സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഉള്‍പ്പടെയുള്ള വിമാനക്കമ്പനികളും നേരത്തെ സര്‍വീസ് നിര്‍ത്തിയ സൗദി എയര്‍ലൈന്‍സ്, എമിറേറ്റ്‌സ് വിമാന കമ്പനികളും കരിപ്പൂരിലേക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

പുതിയ കണക്കില്‍ രാജ്യത്തെ പൊതുമേഖല വിമാനത്താവളങ്ങളില്‍ ലാഭത്തില്‍ മൂന്നാമതാണ് കോഴിക്കോട് വിമാനത്താവളം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ട കോഴിക്കോട് വിമാനത്താവളത്തിന്റെ വളര്‍ച്ചാ കണക്കും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. നാല് വര്‍ഷത്തിനിടെ രാജ്യാന്തര വിമാന സര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണം കരിപ്പൂരില്‍ കുത്തനെ വര്‍ധിച്ചിട്ടുണ്ട്.

2020 ല്‍ ഒരു മാസം ശരാശരി 484 രാജ്യാന്തര വിമാനങ്ങങ്ങളാണ് വരുകയും പോകുകയും ചെയ്തിരുന്നതെങ്കില്‍ 2023 ല്‍ 1334 ആയി ഉയര്‍ന്നു. 2020 ല്‍ ഒരു മാസത്തെ യാത്രക്കാരുടെ എണ്ണം 70,782 ആയിരുന്നു. 2023 ല്‍ രണ്ട് ലക്ഷം കടന്നു. കൂടാതെ വലിയ വിമാന സര്‍വീസുകള്‍ക്കായി റണ്‍വേ അനുബന്ധ വികസന നടപടി തുടങ്ങിക്കഴിഞ്ഞു. സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയതോടെ എയര്‍പോര്‍ട്ട് അതോറിറ്റി ടെന്‍ഡര്‍ നടപടിയും പൂര്‍ത്തിയാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.