മുന്തിരി വാറ്റിയ സാധനവുമായി കണ്ടം വഴി ഓടിയ മന്ത്രി

മുന്തിരി വാറ്റിയ സാധനവുമായി കണ്ടം വഴി ഓടിയ മന്ത്രി

ക്രൈസ്തവരുടെ ആശങ്കകള്‍ എപ്പോള്‍ പറയണം, എവിടെ പറയണം, എങ്ങനെ പറയണം എന്ന് ഒരു രാഷ്ട്രീയ നേതാവും ഞങ്ങളെ പഠിപ്പിക്കേണ്ട.

മുന്തിരി വാറ്റിയ സാധനവും രോമാഞ്ചവുമായി വന്ന കേരളത്തിലെ സംസ്‌കാരമില്ലാത്ത മന്ത്രി സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ച് കേക്കും മുന്തിരി വാറ്റിയ സാധനവും രോമാഞ്ചവുമായി കണ്ടം വഴി ഓടുന്ന കാഴ്ച കണ്ട ഈയുള്ളവനും ആകെ രോമാഞ്ചമുണ്ടായി.

ദൈവ വിശ്വാസമില്ലാത്ത പക്കാ കമ്മ്യൂണിസ്റ്റ് സഖാക്കന്മാരുടെ മുന്‍പില്‍ പ്രസംഗിച്ചപ്പോള്‍ നാട്ടുകാരന്‍ ജി. സുധാകരനെ കടത്തിവെട്ടി എല്ലാവരെയും ഒന്ന് രോമാഞ്ചം കൊള്ളിക്കാന്‍ എടുത്തുപയോഗിച്ച പ്രയോഗങ്ങള്‍ കുന്തോം കൊടച്ചക്രോം പോലെ തന്നെ തിരികെ വേട്ടയാടുമെന്ന് സഭയെ ചൊറിയാന്‍ വന്ന മന്ത്രി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

ക്രൈസ്തവ സമുദായ നേതാക്കന്മാരെയോ മത മേലധ്യക്ഷന്മാരെയോ പരസ്യമായി അപമാനിച്ചാലോ ചീത്ത വിളിച്ചാലോ വായില്‍ കുന്തവുമായിരിക്കുന്ന സോഷ്യല്‍ മീഡിയയിലെ വിശ്വാസികള്‍ ഇത്തവണ സടകുടഞ്ഞെണീറ്റ് മന്ത്രിക്കെതിരെ അറഞ്ചം പുറഞ്ചം വാള് വീശി.

കെസിബിസി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലക്കാപ്പള്ളി രൂക്ഷ ഭാഷയില്‍ പ്രതികരിച്ചതിന് പിന്നാലെ കെസിബിസി പ്രസിഡണ്ട് കര്‍ദിനാള്‍ ക്ലിമീസ് ബാവയും മന്ത്രിക്കും ഇടത് പക്ഷ സര്‍ക്കാരിനും ശക്തമായ താക്കീത് കൊടുത്തു.

പതിവിന് വിപരീതമായി മുഖ്യധാരാ മാധ്യമങ്ങളിലൂടെ ക്രൈസ്തവ വിശ്വാസികളുടെ വികാരം കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ പ്രകടിപ്പിച്ചു. ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല ക്രൈസ്തവരെന്നും ഇനിയും ചവിട്ടി മെതിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ മിണ്ടാതിരിക്കില്ല എന്നും ഫിലിപ്പച്ചന്‍ തന്റെ ശാന്തമായ പതിവ് ശൈലി വിട്ട് എല്ലാ പ്രധാന ചാനലുകളിലൂടെയും പ്രതികരിച്ചപ്പോള്‍ വീണ്ടും എന്നെപ്പോലെ പലര്‍ക്കും രോമാഞ്ചമുണ്ടായി.

വിശ്വാസത്തിനെതിരെ സമുദായത്തിനെതിരെ കൊടുവാളുകളേന്തി ചിലരൊക്കെ ഉറഞ്ഞു തുള്ളി വരുമ്പോള്‍ എന്നെപ്പോലെ ഏതാനും പേര്‍ മാത്രം സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് പ്രതികരിച്ചിരുന്ന ഒരു ഭൂതകാലത്തില്‍ നിന്ന് മെത്രാന്മാരും വൈദികരും സിസ്റ്റേഴ്‌സും ധാരാളം അല്‍മായരും അതിശക്തമായി പ്രതികരിക്കുന്ന വര്‍ത്തമാനത്തിലേക്കുള്ള മാറ്റം തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്.

പ്രധാനമന്ത്രിയോ, ഗവര്‍ണറോ, മുഖ്യമന്ത്രിയോ, മന്ത്രിയോ നടത്തുന്ന വിരുന്നുകള്‍ക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുക എന്നത് കുടുംബത്തില്‍ പിറന്നവര്‍ അനുവര്‍ത്തിക്കുന്ന മര്യാദയാണ്. ഇനി ക്രൈസ്തവരുടെ ആശങ്കകള്‍ എപ്പോള്‍ പറയണം, എവിടെ പറയണം, എങ്ങനെ പറയണം എന്ന് ഒരു രാഷ്ട്രീയ നേതാവും ഞങ്ങളെ പഠിപ്പിക്കേണ്ട.

നിങ്ങളെക്കാള്‍ ഇരട്ടി വിദ്യാഭ്യാസവും അറിവും പരിചയവുമുള്ളവരാണ് ക്രൈസ്തവ മേലധ്യക്ഷന്മാരും പുരോഹിതരും. അവരോട് ചേര്‍ന്ന് നില്‍ക്കുന്ന അറിവും വിവരവുമുള്ള അത്മായ പ്രമുഖരും സഭയ്ക്കുണ്ടെന്ന് കാണിച്ച് കൊടുക്കാന്‍ സജി ചെറിയാന്റെ പുന്നപ്രയിലെ പ്രസംഗം സഹായിച്ചു.

ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് വലിയ മുറിവാണ് മണിപ്പൂര്‍ നല്‍കിയത്. അവിടെ കൊല്ലപ്പെട്ടവരില്‍, പരിക്കേറ്റവരില്‍, വീടും നാടും നഷ്ടപെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവ വിഭാഗത്തില്‍ പെട്ടവരാണ് എന്നത് വിസ്മരിക്കുന്നില്ല. ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ശക്തമായ സമ്മര്‍ദവും ആവശ്യമാണ്.

അതിനായി സിബിസിഐയുടെയും യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെയും നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ തുടരുക തന്നെ വേണം. അല്ലാതെ ഇത്തരം വിഷയങ്ങളില്‍ കുളം കലക്കി മീന്‍ പിടിക്കുന്നത് പോലെ 4 വോട്ടിന് വേണ്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ജനങ്ങള്‍ തള്ളിക്കളയുക തന്നെ ചെയ്യും.

ഇതിന്റെ അവസാന പാരഗ്രാഫ് എഴുതുമ്പോള്‍ രണ്ട് പ്രധാന കാര്യങ്ങള്‍ കൂടി കേരളത്തില്‍ സംഭവിച്ചു. കേരളാ മുഖ്യമന്ത്രി നടത്തിയ ക്രിസ്തുമസ് വിരുന്നില്‍ ക്രൈസ്ത വമേലധ്യക്ഷന്മാര്‍ പങ്കെടുത്തു. അതവരുടെ മാന്യത, എന്നാല്‍ ഇവിടേതെങ്കിലും തരത്തില്‍ രോമാഞ്ചമുണ്ടായോ എന്നറിയില്ല.

മറ്റൊന്ന് നരേന്ദ്ര മോഡി തൃശൂരില്‍ വന്ന് വമ്പന്‍ റോഡ് ഷോയ്ക്ക് ശേഷം പതിനായിരക്കണക്കിന് വനിതകളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. തന്റെ സുദീര്‍ഘമായ പ്രസംഗത്തില്‍ മണിപ്പൂര്‍ എന്ന ഒരു വാക്ക് മിണ്ടുകയോ, ക്രിസ്ത്യാനികള്‍ക്ക് ഏതെങ്കിലും ഗ്യാരണ്ടി കൊടുക്കയോ ചെയ്തില്ല.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.