കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം സ്വീകരിച്ച് ഡല്‍ഹിയില്‍ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പ്രതികരണം ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചെന്നും സമീപകാലത്ത് ക്രൈസ്തവ സമൂഹത്തെ ഇത്ര അപമാനിച്ച പ്രസ്താവന ഉണ്ടായിട്ടില്ലെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
മന്ത്രിയുടെ വാക്കുകള്‍ ക്രൈസ്തവ സമൂഹം ദുഖത്തോടെയാണ് കേട്ടത്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ഇത്രകണ്ട് അപമാനിച്ച പ്രസ്താവന സമീപകാലത്ത് വേറെയാരും നടത്തിയിട്ടില്ല. ഏതാനും കാലങ്ങളായി കേരളത്തിലെ സഭയെ ബി.ജെ.പി പക്ഷത്താക്കാനുളള ബോധപൂര്‍വമായ ശ്രമം ചില കമ്യൂണിസ്റ്റ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. നവകേരള സദസില്‍ പങ്കെടുത്തതു മുഖ്യമന്ത്രി വിളിച്ചതു കൊണ്ട് മാത്രമാണ്. അല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയിലല്ലോ ഞങ്ങള്‍ പങ്കെടുക്കുന്നത്. ഏതെങ്കിലും ബിഷപ്പുമാര്‍ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അദേഹത്തിന്റെ വസതിയില്‍ ചെന്നെങ്കിലും അതും ഈയൊരു വിശാല വീക്ഷണത്തിലാണ്. അതിനെ മാത്രം കക്ഷി രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
അതേസമയം ബിഷപ്പുമാര്‍ക്കെതിരെയുളള പരാമര്‍ശം വിവാദമായതിനെതുടര്‍ന്ന്, താന്‍ പറഞ്ഞതില്‍ കേക്കിന്റയും വീഞ്ഞിന്റെയും കാര്യത്തില്‍ എന്തെങ്കിലും പ്രയാസവും വേദനയും ഉണ്ടെങ്കില്‍ ആ ഭാഗങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെയുളള കടന്നാക്രമണം വര്‍ധിക്കുകയാണ്. 2014 ന് ശേഷമാണ് അക്രമങ്ങള്‍ പെരുകിയത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയോ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് ഹിന്ദുത്വ വര്‍ഗീയാധിപത്യത്തെ വളത്താനുളള ശ്രമമാണ് നടക്കുന്നതെന്ന് പ്രസംഗത്തില്‍ സജി ചെറിയാന്‍ കുറ്റപ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.